‘മുട്ടാപ്പോക്ക് ന്യായങ്ങള്‍ നിരത്തി ബിജെപി തടിയൂരാന്‍ ശ്രമിക്കുന്നു’; സിപിഐഎം ഗൂഢാലോചനയെന്ന ആരോപണത്തിന് എളമരം കരീമിന്റെ മറുപടി
കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരെ സിപിഐഎം ഗുഢാലോചന നടത്തുന്ന എന്ന ആരോപണം മുട്ടാപ്പോക്ക് ന്യായമെന്ന് സിപിഐഎം നേതാവും എംപിയുമായ എളമരം കരീം. കൊച്ചിയില്‍ ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിന് മുന്നോടിയായി ബിജെപി നേതാക്കള്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സിപിഐഎമ്മിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ എളമരം കരീമിന്റെ പ്രതികരണം. കൊടകര കുഴല്‍പ്പണക്കേസ് റിപ്പോര്‍ട്ട് ചെയ്ത് മാസങ്ങളായിട്ടും ഒരു ബിജെപി നേതാവ് പോലും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. അന്വേഷണം പുരോഗമിക്കുംതോറും ബിജെപി നേതൃത്വത്തിന്റെ നെഞ്ചിടിപ്പ് എത്രത്തോളം […]
6 Jun 2021 7:35 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരെ സിപിഐഎം ഗുഢാലോചന നടത്തുന്ന എന്ന ആരോപണം മുട്ടാപ്പോക്ക് ന്യായമെന്ന് സിപിഐഎം നേതാവും എംപിയുമായ എളമരം കരീം. കൊച്ചിയില്‍ ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിന് മുന്നോടിയായി ബിജെപി നേതാക്കള്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സിപിഐഎമ്മിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ എളമരം കരീമിന്റെ പ്രതികരണം.
കൊടകര കുഴല്‍പ്പണക്കേസ് റിപ്പോര്‍ട്ട് ചെയ്ത് മാസങ്ങളായിട്ടും ഒരു ബിജെപി നേതാവ് പോലും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. അന്വേഷണം പുരോഗമിക്കുംതോറും ബിജെപി നേതൃത്വത്തിന്റെ നെഞ്ചിടിപ്പ് എത്രത്തോളം കൂടുന്നു എന്നത് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന ഈ പ്രതികരണങ്ങള്‍. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് നീങ്ങുമ്പോള്‍ ഏതുനിമിഷവും അന്വേഷണം തങ്ങളുടെ നേരെയും എത്തും എന്ന് ബിജെപി സംസ്ഥാന നേതൃത്വമാകെ ഭയപ്പെടുന്നെന്നും എളമരം കരീം ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
കൊടകരയിലുണ്ടായ ഒരു കവര്‍ച്ചയുമായി ബന്ധപ്പെട്ട് ബിജെപിയെയും അതിന്റെ നേതാക്കളെയുംം പൊതുസമൂഹത്തില്‍ അവഹേളിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നു. സംസ്ഥാന അധ്യക്ഷന്റെ കുടുംബാംഗങ്ങളെയടക്കം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിലൂടെ സിപിഐഎം പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നുമായിരുന്നു ബിജെപി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറയാന്‍ ശ്രമിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത അജന്‍ഡയായ മോദി വിരുദ്ധരാഷ്ട്രീയം കൂടിയാണ് പാര്‍ട്ടിയെ വേട്ടയാടുന്നതിലൂടെ നടപ്പാക്കപ്പെടുന്നത്. സംസ്ഥാന പോലീസിനെ സിപിഐഎം രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുകയാണെന്നുമായിരുന്നു പ്രധാന വാദങ്ങള്‍.
എളമരം കരീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച വ്യക്തിക്ക് പണം നല്കി സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിച്ചു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. കൊടകര കുഴല്‍പ്പണക്കേസില്‍ ഉള്‍പ്പെടെ സുരേന്ദ്രന് നേരിട്ട് ബന്ധമുണ്ട് എന്ന ആരോപണം ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് കൂനിന്മേല് കുരു എന്നപോലെ ഈ കേസും വന്നിരിക്കുന്നത്. ബിജെപി സഖ്യത്തില്‍ മത്സരിക്കാന്‍ ഒരു സ്ഥാനാര്‍ഥിക്ക് പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്തുകൊണ്ടുള്ള സുരേന്ദ്രന്റെ ശബ്ദരേഖയും ഈയടുത്ത് പുറത്തുവന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നിയും മഞ്ചേശ്വരവും ഉള്‍പ്പെടെയുള്ള രണ്ട് നിയോജക മണ്ഡലങ്ങളില്‍ മത്സരിച്ച് കേരളത്തില്‍ അങ്ങോളമിങ്ങോളം ഹെലിക്കോപ്റ്ററില്‍ യാത്രചെയ്ത ബിജെപി സംസ്ഥാന പ്രസിഡന്റ് ഹെലിക്കോപ്റ്ററില്‍ കള്ളപ്പണം കടത്തുകയായിരുന്നു എന്നും ആരോപണമുണ്ട്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആയിരക്കണക്കിന് കോടി രൂപയാണ് കേരളത്തില്‍ മാത്രം ബിജെപി ഒഴുക്കിയത്. പണം കൊണ്ട് ജനാധിപത്യത്തെ വിലയ്ക്കുവാങ്ങാനുള്ള ശ്രമമാണ് അവര്‍ നടത്തിയത്. ആ ശ്രമത്തിന്റെ ഭാഗമായി കേരളത്തില്‍ അങ്ങോളമിങ്ങോളം അരങ്ങേറിയ കള്ളപ്പണ വിനിമയത്തിന്റെ ചെറിയൊരദ്ധ്യായം മാത്രമാണ് ഇപ്പോള്‍ പൊതുസമൂഹത്തിനുമുന്നില്‍ അനാവരണമായിരിക്കുന്നത്. ഇതിലും എത്രയോ വലിയ കാര്യങ്ങള്‍ ഇനി വെളിവാകാനിരിക്കുന്നു. മഞ്ഞുമലയുടെ ഒരറ്റം പുറത്തുവന്നപ്പോള്‍ തന്നെ ബിജെപി സംസ്ഥാന നേതൃത്വമാകെ കാണിക്കുന്ന വെപ്രാളത്തില്‍ നിന്ന് ഈ കൂട്ടുകൃഷിയില്‍ പല വമ്പന്മാര്ക്കും പങ്കുണ്ട് എന്ന് വ്യക്തമായിരിക്കുകയാണ്.
കേരളത്തിലെ ബിജെപി നേതൃത്വമോട്ടാകെ പ്രതിക്കൂട്ടില്‍ നില്ക്കുമ്പോള് പല മുട്ടാപ്പോക്ക് ന്യായങ്ങളും പറഞ്ഞു തടിയൂരാനുള്ള ശ്രമവും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. ഈ അന്വേഷണം സിപിഐഎം ഗൂഡാലോചനയുടെ ഭാഗമായി നടക്കുന്നതാണ് എന്നതാണ് അതിലെ പ്രധാന ന്യായം. കൊടകര കുഴല്‍പ്പണക്കേസ് ഉണ്ടായി മാസങ്ങളായിട്ടും കഴിഞ്ഞ ഏതാനും ദിവസം മുന്‍പുവരെ ഒരു ബിജെപി നേതാവ് പോലും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. അന്വേഷണം പുരോഗമിക്കുംതോറും ബിജെപി നേതൃത്വത്തിന്റെ നെഞ്ചിടിപ്പ് എത്രത്തോളം കൂടുന്നു എന്നത് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന ഈ പ്രതികരണങ്ങള്‍. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് നീങ്ങുമ്പോള്‍ ഏതുനിമിഷവും അന്വേഷണം തങ്ങളുടെ നേരെയും എത്തും എന്ന് ബിജെപി സംസ്ഥാന നേതൃത്വമാകെ ഭയപ്പെടുന്നു.
കേന്ദ്ര ഭരണത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി, കേട്ടുകേള്‍വികളും ഊഹാപോഹങ്ങളും മാത്രം മുന്‍നിര്‍ത്തി കേരള സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കരിവാരിത്തേക്കാന്‍ അത്യുത്സാഹം കാട്ടിയവര്‍ ഇന്ന് തങ്ങള്‍ക്കെതിരെ തെളിവുസഹിതം വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ പരുങ്ങലിലാവുന്നു. ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം നമ്മുടെ ജനാധിപത്യ വ്യവസ്ഥയില്‍ എത്രമേല്‍ അനഭിമതരാണ് എന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. വര്‍ഗ്ഗീയ പ്രചാരണവും, ജനപ്രതിനിധികളെ വിലയ്ക്കെടുക്കലും, പണവും കേന്ദ്ര അന്വേഷണ ഏജന്‍സികളെയും ഉപയോഗിച്ച് സര്‍ക്കാരുകളെ അട്ടിമറിക്കലും, കോര്‍പ്പറേറ്റ് പാദസേവയും മാത്രമാണ് ഇക്കൂട്ടരുടെ രാഷ്ട്രീയപ്രവര്‍ത്തനം. ഈ കള്ളപ്പണ മാഫിയയിലെ മുഴുവന്‍ കണ്ണികളെയും പുറത്തുകൊണ്ടുവരാന്‍ കേരള പോലീസിന്റെ അന്വേഷണത്തിന് സാധിക്കും എന്ന് ഉറപ്പാണ്.
(എളമരം കരീം)