Top

പട്ടിണിയില്ലാതെ ജനങ്ങളെ രക്ഷിച്ച സര്‍ക്കാരിന് അല്ലാതെ ആര്‍ക്കാണ് ജനം വോട്ടു ചെയ്യുകയെന്ന് കോടിയേരി; ‘യുഡിഎഫ് തകരും, ബിജെപിക്ക് മുന്നേറ്റമുണ്ടാകില്ല’

കണ്ണൂര്‍: തദ്ദേശതെരഞ്ഞെടുപ്പ് ഫലങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന- ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമായിരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇടതുമുന്നണിക്ക് അനുകൂലമായ തരംഗമാണ് നിലവിലുള്ളത്. അതായിരിക്കും ജനവിധി. 13 ജില്ലകളിലും എല്‍ഡിഎഫിന് മുന്‍തൂക്കമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു. ഈ കൊവിഡ് കാലത്ത് പട്ടിണിയില്ലാതെ ജനങ്ങളെ രക്ഷിച്ച സര്‍ക്കാരിന് അല്ലാതെ ആര്‍ക്കാണ് ജനങ്ങള്‍ വോട്ടു ചെയ്യുകയെന്നും കോടിയേരി ചോദിച്ചു. സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍, ബോധപൂര്‍വ്വമുണ്ടാക്കുന്ന കള്ളകഥകളാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതെല്ലം വൈകുന്നേരങ്ങളിലെ അന്തി ചര്‍ച്ചയിലെ വിഷയം മാത്രമാണ്. ജനങ്ങളുടെ പ്രശ്‌നമെന്നത് അവര്‍ക്ക് ഭക്ഷണം വേണം, വീട് വേണം, […]

13 Dec 2020 10:43 PM GMT

പട്ടിണിയില്ലാതെ ജനങ്ങളെ രക്ഷിച്ച സര്‍ക്കാരിന് അല്ലാതെ ആര്‍ക്കാണ് ജനം വോട്ടു ചെയ്യുകയെന്ന് കോടിയേരി; ‘യുഡിഎഫ് തകരും, ബിജെപിക്ക് മുന്നേറ്റമുണ്ടാകില്ല’
X

കണ്ണൂര്‍: തദ്ദേശതെരഞ്ഞെടുപ്പ് ഫലങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന- ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമായിരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇടതുമുന്നണിക്ക് അനുകൂലമായ തരംഗമാണ് നിലവിലുള്ളത്. അതായിരിക്കും ജനവിധി. 13 ജില്ലകളിലും എല്‍ഡിഎഫിന് മുന്‍തൂക്കമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു. ഈ കൊവിഡ് കാലത്ത് പട്ടിണിയില്ലാതെ ജനങ്ങളെ രക്ഷിച്ച സര്‍ക്കാരിന് അല്ലാതെ ആര്‍ക്കാണ് ജനങ്ങള്‍ വോട്ടു ചെയ്യുകയെന്നും കോടിയേരി ചോദിച്ചു.

സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍, ബോധപൂര്‍വ്വമുണ്ടാക്കുന്ന കള്ളകഥകളാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതെല്ലം വൈകുന്നേരങ്ങളിലെ അന്തി ചര്‍ച്ചയിലെ വിഷയം മാത്രമാണ്. ജനങ്ങളുടെ പ്രശ്‌നമെന്നത് അവര്‍ക്ക് ഭക്ഷണം വേണം, വീട് വേണം, ആരോഗ്യസുരക്ഷ വേണം.. ഇതെല്ലാം ഉറപ്പുവരുത്ത സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും കോടിയേരി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫില്‍ വലിയൊരു പൊട്ടിത്തെറിയുണ്ടാകും. ജമാഅത്ത് ഇസ്ലാമിയുമായി കൂട്ടുപിടിച്ച സംസ്ഥാന കോണ്‍ഗ്രസ് നിലപാടിനെ അഖിലേന്ത്യ നേതൃത്വത്തിന് പോലും അംഗീകരിക്കാന്‍ കഴിയുന്നില്ല. യുഡിഎഫ് വലിയൊരു തകര്‍ച്ചയെ നേരിടാന്‍ പോവുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ഒരു മുന്നേറ്റവും ഉണ്ടാക്കാന്‍ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു.

കേന്ദ്രഏജന്‍സികളുടെ ഇടപെടലിനെതിരായ വിധി കൂടിയായിരിക്കും ഇത്തവണത്തേതെന്നും കോടിയേരി പറഞ്ഞു. ബിജെപി ഇതര സംസ്ഥാനങ്ങളിലെ സര്‍ക്കാരിനെ അട്ടിമറിക്കാനും എംഎല്‍എമാരെ കാലുമാറ്റാനുമാണ് കേന്ദ്രഏജന്‍സികളെ ഉപയോഗിക്കുന്നത്. ഇവിടെ ഈ സര്‍ക്കാരിനെ തകര്‍ക്കാന്‍ പറ്റുന്നില്ല. എംഎല്‍എമാരെ മാറ്റാന്‍ പറ്റുന്നില്ല. അതുകൊണ്ട് മറ്റു തരത്തിലുള്ള കുതന്ത്രങ്ങള്‍ പ്രയോഗിക്കുകയാണ്. ഈ കുതന്ത്രത്തെയും കേരളത്തിലെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയുണ്ടാകുമെന്നും മുസ്ലിം ലീഗിന്റെ അടിത്തറ തകരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുസ്ലിം ബഹുജനങ്ങളുടെ പ്രഖ്യാപിത സംഘടനകളെല്ലാം കാലങ്ങളായി തള്ളുന്ന വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി. നാല് വോട്ടിനുവേണ്ടി അവരോട് കൂട്ടുകൂടുന്ന അല്‍പത്തമാണ് ലീഗും കോണ്‍ഗ്രസും കാണിച്ചത്. അതിന് വലിയ രോഷത്തോടെയാണ് മുസ്ലിം ബഹുജനങ്ങള്‍ പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. ലീഗിന്റെ കരുത്തരായ സംഘടനകളുടെ നേതാക്കളടക്കം അതിനെതിരെ പ്രതികരിച്ചെന്നും അദ്ദേഹം പറഞ്ഞു.

”എല്‍ഡിഎഫിനെ സംബന്ധിച്ച് ചരിത്ര വിജയം സമ്മാനിക്കുന്ന തെരഞ്ഞെടുപ്പാവും ഇതെന്നും അദ്ദേഹം പറഞ്ഞു. കാരണം ഇതുപോലൊരു തെരഞ്ഞെടുപ്പ് കേരളത്തില്‍ മുമ്പൊരുഘട്ടത്തിലും നമുക്ക് നേരിടേണ്ടി വന്നിട്ടില്ല. എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ച് ഏകോപിച്ച് ഞങ്ങളെ നേരിടാന്‍ തയ്യാറെടുത്ത് നില്‍ക്കുകയാണ്. അതിനാവശ്യമായ എല്ലാ ഒത്താശകളും കേന്ദ്ര ഏജന്‍സികള്‍ ചെയ്തുകൊടുക്കുകയും ചെയ്താണ് ഈ തെരഞ്ഞെടുപ്പ്. അവര്‍ക്കുണ്ടായ പ്രതീക്ഷ ഇതൊക്കെക്കൊണ്ട് ഞങ്ങളെയൊന്ന് ചെറിയതോതില്‍ ക്ഷീണിപ്പിക്കാമെന്നും ഒന്നുലയ്ക്കാമെന്നുമായിരുന്നു. പക്ഷേ 16ാം തിയതി വോട്ടെണ്ണുമ്പോള്‍ മനസിലാവും ആരാണ് ഉലഞ്ഞത്, ആരാണ് ക്ഷീണിച്ചത് എന്ന്. ഇവിടെ ഐതിഹാസികമായ വിജയമായിരിക്കും എല്‍ഡിഎഫിന്. അതോടെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കണമെങ്കില്‍ അവര്‍ക്ക് കടക്കാം. അത് മാത്രമേ ഇപ്പോള്‍ പറയാനുള്ളു, ഈ ഘട്ടത്തില്‍ ഇതുവരെ വോട്ട് ചെയ്തവര്‍ വലിയ പ്രതീക്ഷയാണ് എല്‍ഡിഎഫിന് നല്‍കിയിരിക്കുന്നത്. വിജയിക്കാന്‍ സാധ്യതയില്ലെന്ന് കണക്കാക്കിയ പ്രദേശങ്ങള്‍ പോലും എല്‍ഡിഎഫിന് ലഭിക്കും. ഈ ജില്ലകളുടെ കാര്യം ഞാന്‍ പ്രത്യേകം പറയേണ്ടതില്ല. അത് എല്ലാക്കാലത്തും എങ്ങനെയായിരുന്നെന്ന് എല്ലാവര്‍ക്കും അറിയാം.”- മുഖ്യമന്ത്രി വ്യക്തമാക്കി.

വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനം പെരുമാറ്റ ചട്ട ലംഘനമാണെന്ന പ്രതിപക്ഷ ആരോപണവും മുഖ്യമന്ത്രി തള്ളി. കൊവിഡ് ചികിത്സ സംസ്ഥാനത്ത് സൗജന്യമായിരുന്നു. അതിന്റെ ഭാഗമാണ് വാക്സിനും. അതിന് പണം ഈടാക്കില്ല. ഈ പ്രഖ്യാപനം പെരുമാറ്റ ചട്ട ലംഘനമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ”വാക്സിന്‍ പെരുമാറ്റ ചട്ട ലംഘനമാണെന്ന പ്രതിപക്ഷ ആരോപണം വേറൊന്നും വിളിച്ച് പറയാനില്ലാത്തതുകൊണ്ട് അവര്‍ പറയുന്നതാണ്. നമ്മുടെ രാജ്യത്ത് കേരളത്തില്‍ മാത്രമാണ് കൊവിഡ് പ്രതിരോധ ചികിത്സ മുഴുവന്‍ സൗജന്യമായിട്ടുള്ളത്. തുടക്കം മുതല്‍ സൗജന്യമാണ്. അങ്ങനെയൊരു സംസ്ഥാനത്ത് കൊവിഡിനെ പ്രതിരോധിക്കാനുള്ള ചെറിയ പണത്തിന്റെ കുത്തിവെപ്പിന്റെ പണം കൂടി പോരട്ടെ എന്ന് സംസ്ഥാനം വെക്കുമോ? ആറുമണി കഴിഞ്ഞാല്‍ പെരുമാറ്റച്ചട്ടത്തിന്റെ പ്രശ്നമുള്ളതുകൊണ്ടാണ് വാര്‍ത്താ സമ്മേളനത്തില്‍ അധികമൊന്നും പറയാതിരുന്നത്. ഇവിടെ ഞങ്ങള്‍ തുടര്‍ച്ചയായി ഇതേവരെ സൗജന്യ ചികിത്സയാണ് നടത്തിയത്. അതിന്റെ ഭാഗം തന്നെയാണ് പ്രതിരോധ നടപടിയും. ഇതിന് പണം ഈടാക്കില്ലെന്നാണ് പറഞ്ഞത്. അതില്‍ ഒരു പെരുമാറ്റച്ചട്ടവുമില്ല. ഒരു പെരുമാറ്റചട്ടവും ഞാന്‍ ലംഘിച്ചിട്ടില്ല.’ പിണറായി വിജയന്‍ പറഞ്ഞു.

Next Story