കണ്ടെത്തിയത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് കോടിയേരി; ‘കേന്ദ്രഏജന്‍സി വന്നാല്‍ എന്താകുമെന്ന് കണ്ടറിയണം, ഇഡിയുടെ നിലപാട് വ്യക്തം’
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി കേരളത്തില്‍ കള്ളപ്പണം ഒഴുക്കിയെന്നും സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും കോടിയേരി പറഞ്ഞു.
5 Jun 2021 1:38 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി കേരളത്തില്‍ കള്ളപ്പണം ഒഴുക്കിയെന്നും സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും കോടിയേരി പറഞ്ഞു. നിലവിലെ അന്വേഷണം തൃപ്തികരമാണ്. സുന്ദരയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എല്‍ഡിഎഫിന് രാഷ്ട്രീയ പകപോക്കല്‍ സമീപനമില്ല. വൈര്യനിര്യാതന ബുദ്ധിയോടെ ആരോടും പെരുമാറാറില്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. നിലവിലെ അന്വേഷണം തൃപ്തികരമാണ്. കുഴല്‍പ്പണ കവര്‍ച്ചാ കേസ് കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടത് കണ്ടു. അന്വേഷണം കേന്ദ്രഏജന്‍സികള്‍ ഏറ്റെടുത്താല്‍ അത് എന്തായിത്തീരുമെന്ന് കണ്ടറിയണം. സാധാരണ ഇത്തരം വാര്‍ത്തകള്‍ വരുമ്പോള്‍ തന്നെ ഇഡി അന്വേഷണം ആരംഭിക്കാറുണ്ട്’. ഈ കേസില്‍ ഇഡിയുടെ നിലപാട് വ്യക്തമാണ്. കോടിയേരി ബാലകൃഷണന് പറഞ്ഞു. തെരഞ്ഞെടുപ്പിനായി ചെലവഴിച്ച തുക വ്യക്തമാക്കുമ്പോള്‍ ബിജെപി ഈ പണമെല്ലാം കണക്കില്‍ പെടുത്തുമോ എന്നും കോടിയേരി ചോദിച്ചു.
ബിജെപി നേതാക്കള്‍ പണം നല്‍കിയത് കൊണ്ടാണ് താന്‍ പത്രിക പിന്‍വലിച്ചതെന്ന് മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപര സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദര വെളിപ്പെടുത്തിയിരുന്നു. ബിജെപി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും പണം വീട്ടിലെത്തി അമ്മയുടെ കൈയ്യില്‍ കൊടുക്കുകയായിരുന്നുവെന്നും സുന്ദര പറയുന്നു. കെ സുരേന്ദ്രന് മഞ്ചേശ്വരത്ത് വിജയിച്ച് കഴിഞ്ഞാലും സുന്ദരക്ക് വലിയ വാഗ്ദാനങ്ങളാണ് നല്‍കിയത്.
സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ നടക്കവെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേരുകയായിരുന്നു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു കെ സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന് 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
സി കെ ജാനു എന്‍ഡിഎയില്‍ ചേരുന്നതിനായി പത്ത് ലക്ഷം രൂപ ആവശ്യപ്പെടുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. ജെആര്‍പി സംസ്ഥാന ട്രെഷറര്‍ പ്രസീത അഴീകൊടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണമാണ് പുറത്തു വന്നത്. സിപി ഐഎമ്മില്‍ ഉണ്ടായിരുന്ന സമയത്ത് ഉണ്ടായിരുന്ന ബാധ്യതകള്‍ തീര്‍ക്കാനാണ് പണം എന്നും പ്രസീത സുരേന്ദ്രനോട് പറയുന്നു. എന്നാല്‍ സുരേന്ദ്രനും സികെ ജാനുവും ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിക്കുകയായിരുന്നു.