സ്ഥാനമൊഴിയാന്‍ ബിനീഷിന്റെ കേസും കാരണമായെന്ന് സമ്മതിച്ച് കോടിയേരി; ‘മക്കള്‍ എന്റെ നിയന്ത്രണത്തില്‍ കഴിയുന്നവരല്ല, ബിനീഷ് പുകവലിക്കുന്നതുപോലും കണ്ടിട്ടില്ല’
പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോള്‍ മാണി ഗ്രൂപ്പിനേയും എല്‍ജെഡിയേയും ഇടതുമുന്നണിയ്ക്കൊപ്പം ചേര്‍ക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് കോടിയേരി മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ ബിനീഷ് കോടിയേരിക്കെതിരായ ക്രിമിനല്‍ കേസുകളും കാരണമായെന്ന് കോടിയേരി ബാലകൃഷ്ണന്. ഇതാദ്യമായാണ് കോടിയേരി ഒരു അഭിമുഖത്തില്‍ ഇക്കാര്യം തുറന്ന് സമ്മതിക്കുന്നത്. മയക്കുമരുന്ന് കേസില്‍ ബിനീഷ് കുറ്റക്കാരനല്ലെന്നും കേസിനൊപ്പം തന്റെ ആരോഗ്യപ്രശ്നങ്ങളും സെക്രട്ടറി സ്ഥാനമൊഴിയാന്‍ കാരണമായെന്നും കോടിയേരി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.
തന്റെ മക്കളാണെങ്കിലും ബിനീഷും ബിനോയിയും സ്വതന്ത്രവ്യക്തികളാണെന്ന് കോടിയേരി പറയുന്നു. അവര്‍ കല്യാണം കഴിഞ്ഞ് സ്വന്തം കുടുംബമായി മാറി താമസിക്കുന്നവരാണ്. എന്റെ നിയന്ത്രണത്തിലല്ല അവര്‍ ജീവിക്കുന്നത്. ബിനീഷിനെ 14 ദിവസം കസ്റ്റഡിയില്‍ വെച്ചിട്ടും മയക്കുമരുന്ന് ഉപയോഗിച്ചതിന്റെയോ വിറ്റതിന്റെയോ യാതൊരുവിധ തെളിവും കണ്ടെത്താനായില്ല. ബിനീഷ് പുകവലിക്കുന്നതോ മദ്യപിക്കുന്നതോ പോലും താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
വിനോദിനി ബാലകൃഷ്ണനെതിരായ ഐ ഫോണ്‍ വിവാദങ്ങള്‍ക്കും കോടിയേരി മറുപടി പറഞ്ഞു. വിനോദിനിയെ തനിക്ക് പരിചയമില്ലെന്ന് സന്തോഷ് ഈപ്പന് തന്നെ വ്യക്തമാക്കിയതാണ്. അന്വേഷണത്തില്‍ ഐ ഫോണ്‍ വിവാദം ഒരു കെട്ടുകഥയാണെന്ന് തെളിഞ്ഞതായും കോടിയേരി കൂട്ടിച്ചേര്‍ത്തു. ബിനീഷ് ഏതെങ്കിലും കേസില്‍ കുറ്റക്കാരനാണെങ്കില്‍ അറസ്റ്റ് ചെയ്യട്ടേ എന്ന നിലപാടാണ് താന്‍ എക്കാലവും സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോള്‍ മാണി ഗ്രൂപ്പിനേയും എല്‍ജെഡിയേയും ഇടതുമുന്നണിയ്ക്കൊപ്പം ചേര്‍ക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് കോടിയേരി മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. എല്‍ജെഡിയ്ക്ക് കോണ്‍ഗ്രസിന്റെ കൂടെ കൂടിയതിനാല്‍ നഷ്ടങ്ങളേ ഉണ്ടായിട്ടുള്ളൂ. എല്‍ജെഡി ഇടതുപക്ഷത്തിനൊപ്പം വരുമെന്ന് ഒരു പ്രതീക്ഷയെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ മാണി ഗ്രൂപ്പിന്റെ കാര്യം അങ്ങനെയല്ല. അവര്‍ ഇടതുപക്ഷത്തിനൊപ്പം വരുെമെന്ന് പൊതുസമൂഹം പ്രതീക്ഷിച്ചിരുന്നില്ല. അവര്‍ എത്തിയത് തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമായി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അത് ആവര്‍ത്തിക്കുമെന്നും കോടിയേരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആര്‍എസ്പിയും യുഡിഎഫിന്റെ കൂടെനിന്നിട്ട് കാര്യമില്ലെന്ന് മനസിലാക്കി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും വിട്ടുനിന്നെങ്കിലും താന്‍ ഉത്തരവാദിത്വങ്ങള്‍ മറന്നിരുന്നെല്ലെന്ന് കോടിയേരി പറയുന്നു. തിരുവനന്തപുരം ജില്ലാ കേന്ദ്രത്തില്‍ ചെന്ന് ചില ഉത്തരവാദിത്വങ്ങള്‍ക്ക് ഇപ്പോഴും നേതൃത്വം നല്‍കുന്നുണ്ട്. ഇതുവരെ കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം ഉണ്ടായിട്ടില്ല. ഇത്തവണ അതിന് സാധ്യതയുണ്ട്. അതിനാല്‍ ഈ തെരഞ്ഞെടുപ്പ് ചരിത്രപരമായിത്തന്നെ നിര്‍ണ്ണായകമാണെന്നും കോടിയേരി വിലയിരുത്തി. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചാല്‍ അത് ദേശീയ തലത്തില്‍ത്തന്നെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടും. ബിജെപിക്കെതിരെ ബദല്‍ നയങ്ങളുണ്ട് ചെറുത്തുനില്‍പ്പ് സാധ്യമാണെന്ന സന്ദേശം ഇന്ത്യയ്ക്ക് നല്കാന് അത് സഹായിക്കുമെന്നും കോടിയേരി പറഞ്ഞു.
ഇത്തവണത്തെ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണം വ്യക്തി കേന്ദ്രീകൃതമായിപ്പോകുകയാണോ എന്ന ചോദ്യത്തിനും കോടിയേരി കൃത്യമായി മറുപടി നല്കി. വ്യക്തിയിലേക്ക് തെരഞ്ഞെടുപ്പ് പ്രചരണം ചുരുങ്ങിപ്പോകുന്നു എന്ന ആക്ഷേപം എല്ലാക്കാലത്തുമുണ്ടായിരുന്നു. ഇഎംഎസിന്റെ കാര്യത്തില്‍ അത് പറഞ്ഞിട്ടുണ്ട്. പിന്നീട് അത് നയനാരിന്റെ കാര്യത്തിലും ആവര്‍ത്തിച്ചു. വിഎസ് ജനസമമ്മിതി ഉള്ള നേതാവായി ഉയര്‍ന്നുവന്നു. ആദ്യം അദ്ദേഹത്തിന് ജനസമ്മിതി തീരെക്കുറവായിരുന്നു. ഇപ്പോഴിതാ പിണറായി വിജയനെ ജനങ്ങള്‍ ഏറ്റെടുത്തു. പിണറായി പാര്‍ട്ടി സ്വത്താണെന്നും കാലം രൂപപ്പെടുത്തിയ നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് യുഡിഎഫില്‍ വിള്ളലുണ്ടാക്കാന്‍ കഴിഞ്ഞത് തന്റെ പ്രധാനനേട്ടമാണെന്ന് കോടിയേരി വിലയിരുത്തി. ജനകീയ ജനാധിപത്യ മുന്നണിയ്ക്ക് അടിത്തടയുണ്ടാക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യം. ഉടന്‍ സോഷ്യലിസം നടപ്പിലാക്കുമെന്ന് പറഞ്ഞിട്ടില്ല. വൈരുദ്ധ്യാത്മക ഭൗതികവാദം കമ്മ്യൂണിസ്റ്റ്കാരന്റെ പ്രപഞ്ചവീക്ഷണമാണ്. അത് നടപ്പില്വരുത്തുന്നതിന്റെ ചില പ്രശ്നങ്ങള്‍ എംവി ഗോവിന്ദന് മാസ്റ്റര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അദ്ദേഹം പറഞ്ഞത് സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് ചിലര്‍ വിവാദമുണ്ടാക്കിയെന്നും കോടിയേരി കുറ്റപ്പെടുത്തി.