Top

‘ചെന്നിത്തല ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റം ചെയ്തു’; സ്വയം കുറ്റവാളിയെന്ന് പ്രഖ്യാപിച്ചെന്ന് കോടിയേരി

ഐ ഫോണ്‍ വിവാദത്തില്‍ വാക്‌പോര് തുടര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും.

3 Oct 2020 5:23 AM GMT

‘ചെന്നിത്തല ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റം ചെയ്തു’; സ്വയം കുറ്റവാളിയെന്ന് പ്രഖ്യാപിച്ചെന്ന് കോടിയേരി
X

ഐ ഫോണ്‍ വിവാദത്തില്‍ വാക്‌പോര് തുടര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ലക്കി ഡ്രോയുടെ ഭാഗമായ ചെന്നിത്തല ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചെയ്തതെന്ന് കോടിയേരി പറഞ്ഞു.

കോൺസുലേറ്റിൽ നിന്നും തന്നത് വിതരണം ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്ന് ന്യായീകരണം പറഞ്ഞ ചെന്നിത്തല ജലീലിനെതിരെ ഉന്നയിച്ച ആരോപണം പിൻവലിച്ച് മാപ്പ് പറയണം.

കോടിയേരി

കോണ്‍സുലേറ്റുകള്‍ നറുക്കെടുപ്പുകള്‍ നടത്താന്‍ പാടില്ലെന്ന വ്യവസ്ത നിലനില്‍ക്കെയാണ് അതില്‍ താന്‍ പങ്കെടുത്തതായി ചെന്നിത്തല പറയുന്നത്. ഇതേ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നാരോപിച്ചുകൊണ്ടാണ് മന്ത്രി ജലീല്‍ രാജിവെക്കണം എന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷം സമരാഭാസം കാട്ടികൂട്ടിയത്. ചെന്നിത്തല ചെയ്തത് കേവലം പ്രോട്ടോക്കോള്‍ ലംഘനം മാത്രമല്ല, ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കോടിയേരി ആരോപിച്ചു.

കോടിയേരിയുടെ പ്രതികരണം

പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ ഇന്നത്തെ പത്രസമ്മേളനത്തിലെ പ്രതികരണങ്ങൾ യു ഡി എഫ് നടത്തിയ മുഴുവൻ സമരങ്ങളേയും പരസ്യമായി തള്ളിപ്പറയുന്നതാണ്. കള്ളം കയ്യോടെ കണ്ടുപിടിക്കപ്പെട്ടപ്പോഴുണ്ടായ പരിഭ്രാന്തിയിലാകാം ചില സത്യങ്ങൾ അറിയാതെ തുറന്നു പറയാൻ അദ്ദേഹം നിർബന്ധിതനായത്.

യു എ ഇ കോൺസുലേറ്റിൽ ലക്കി ഡ്രോയിൽ പങ്കെടുത്ത ചെന്നിത്തല പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന കാര്യം ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. താനൊരു പ്രോട്ടോക്കോളും ലംഘിച്ചില്ലെന്നാണ് ഇന്നലെ അദ്ദേഹം വെല്ലുവിളി പോലെ പ്രഖ്യാപിച്ചത്.

വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രോട്ടോക്കോൾ പുസ്തകത്തിലെ 38-ാം അദ്ധ്യായത്തിൽ സി യിൽ പറയുന്നത് കോൺസുലേറ്റുകളും മറ്റും നറുക്കെടുപ്പുകൾ നടത്താൻ പാടില്ലെന്നതാണ് . Lucky Draws 3. Organizing “Lucky Draws” or lottery in India except by a State or under the authority of a State Government is an offence under the Indian Penal Code; as it is not a legitimate diplomatic activity, FRs shall refrain from organizing “Lucky Draws”. ഇത്രയും പ്രകടമായി പറഞ്ഞിട്ടുള്ള വ്യവസ്ഥയാണ് ചെന്നിത്തല ലംഘിച്ചത്. ഇത് മനസിലായതുകൊണ്ടായിരിക്കാം പ്രോട്ടോക്കോളുകൾ എല്ലാം കോൺസുലേറ്റ് ജനറലിന് മാത്രമേ ബാധകമാകുകയുള്ളെന്ന പുതിയ കണ്ടുപിടുത്തം ചെന്നിത്തല നടത്തിയത്. അപ്പോൾ, ഇതേ പ്രോട്ടോക്കോൾ ലംഘിച്ചെന്നു പറഞ്ഞല്ലേ ജലീൽ രാജിവെയ്ക്കണെമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടത്? അതിൻ്റെ പേരിൽ സമരാഭാസവും സംഘടിപ്പിച്ചത്?ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കുറ്റകരമായതുകൊണ്ടാണ് ലക്കി ഡ്രോ സംഘടിപ്പിക്കരുതെന്ന് പ്രോട്ടോക്കോളിൽ പറയുന്നത്. ഇതു സംബന്ധിച്ച് തനിക്ക് ഒന്നുമറിയില്ലായിരുന്നു എന്ന മുൻ അഭ്യന്തര മന്ത്രികൂടിയായ ചെന്നിത്തലയുടെ പരസ്യപ്രസ്താവന എത്ര പരിഹാസ്യമാണ്.

നിയമമറിയില്ലെന്ന ന്യായം സാധാരണക്കാർക്ക് പോലും ശിക്ഷയിൽ നിന്നും രക്ഷപ്പെടുന്നതിനുള്ള ന്യായീകരണമല്ലെന്നതാണ് ഇന്ത്യയിലെ നിയമം. കേവലം പ്രോട്ടോക്കോൾ ലംഘനം മാത്രമല്ല ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റം കൂടി ചെയ്തുവെന്നാണ് പത്രസമ്മേളനത്തിൽ ചെന്നിത്തല പ്രഖ്യാപിച്ചിട്ടുള്ളത്. കോൺസുലേറ്റിൽ നിന്നും തന്നത് വിതരണം ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്ന് ന്യായീകരണം പറഞ്ഞ ചെന്നിത്തല ജലീലിനെതിരെ ഉന്നയിച്ച ആരോപണം പിൻവലിച്ച് മാപ്പ് പറയണം. ഇതിൻ്റെ പേരിൽ സമരം നടത്തി കോവിഡ് വ്യാപിപ്പിച്ച കുറ്റത്തിന് ചെന്നിത്തലയ്ക്ക് ജനങ്ങൾ ഒരു കാലത്തും മാപ്പ് നൽകില്ലെന്നത് ഉറപ്പാണ്.

ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആരെക്കുറിച്ചും ഇങ്ങനെ ആരോപണം ഉന്നയിക്കരുതെന്നും ചെന്നിത്തല പറഞ്ഞതായി കണ്ടു. കഴിഞ്ഞ മൂന്നു മാസം അദ്ദേഹം നടത്തിയ പത്രസമ്മേളനങ്ങൾ സ്വയം കണ്ടുനോക്കണം. മാധ്യമങ്ങളിൽ കണ്ടെന്നു പറഞ്ഞുവരെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരെ മാത്രമല്ല അവരുടെ കുടുംബാംഗങ്ങൾക്കെതിരെ വരെ പലതും വിളിച്ചു പറഞ്ഞയാളാണ് പ്രതിപക്ഷ നേതാവ്. ഇതിലൂടെ സ്വയം കുറ്റവാളിയാണെന്നു കൂടി പ്രഖ്യാപിക്കുകയാണ് അദ്ദേഹം.

ഇപ്പോൾ പ്രതിപക്ഷ നേതാവിൻ്റെ പേഴ്സണൽ സ്റ്റാഫിലുള്ള വ്യക്തിക്ക് പാരിതോഷികം ലഭിച്ചെന്ന് സമ്മതിക്കേണ്ടി വന്ന ചെന്നിത്തല, അതിന് ന്യായീകരണമായി പറയുന്നത് 2011ൽ ഞാൻ മന്ത്രിയായിരുന്നപ്പോൾ എൻ്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്ന സർക്കാർ ഉദ്യോഗസ്ഥനും ഇപ്പോൾ സമ്മാനം കിട്ടിയെന്നാണ്. ഇത്തരം താരതമ്യങ്ങളിലൂടെ ചെന്നിത്തല സ്വയം തുറന്നു കാട്ടപ്പെടുകയാണ്. കോവിഡ് ജാഗ്രത തകർക്കുന്നതിനും രോഗം വ്യാപിപ്പിക്കുന്നതിനും വേണ്ടി വിവാദം സൃഷ്ടിക്കുകയും സമാരാഭാസം നടത്തുകയും ചെയ്ത പ്രതിപക്ഷ നേതാവിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Next Story