Top

‘ഡിവൈഎസ്പി സോജന്‍ വെറുക്കപ്പെട്ട വ്യക്തി’, കൊടകര കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ബിജെപി

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പൊലീസ് സംഘത്തിനെതിരെ ബിജെപി. കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് എതിരെ ആരോപണം ശക്തമാവുമ്പോള്‍ സംഭവം അന്വേഷിക്കുന്ന പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്തെത്തുകയാണ് ബിജെപി നേതാക്കള്‍. വാദിയെ പ്രതിയാക്കാനാണ് കൊടകര കേസില്‍ സര്‍ക്കാരും അന്വേഷണ സംഘവും ശ്രമിക്കുന്നതെന്നും ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. തൃശ്ശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ബിജെപി നേതാക്കളുടെ ആരോപണം. കൊടകര കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഡിവൈഎസ്പി സോജന്‍ വെറുക്കപ്പെട്ട വ്യക്തിയാണെന്നായിരുന്നു എ എന്‍ രാധാകൃഷ്ണന്റെ പ്രധാന പരാമര്‍ശം. […]

7 Jun 2021 5:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഡിവൈഎസ്പി സോജന്‍ വെറുക്കപ്പെട്ട വ്യക്തി’, കൊടകര കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ബിജെപി
X

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പൊലീസ് സംഘത്തിനെതിരെ ബിജെപി. കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് എതിരെ ആരോപണം ശക്തമാവുമ്പോള്‍ സംഭവം അന്വേഷിക്കുന്ന പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്തെത്തുകയാണ് ബിജെപി നേതാക്കള്‍. വാദിയെ പ്രതിയാക്കാനാണ് കൊടകര കേസില്‍ സര്‍ക്കാരും അന്വേഷണ സംഘവും ശ്രമിക്കുന്നതെന്നും ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. തൃശ്ശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ബിജെപി നേതാക്കളുടെ ആരോപണം.

കൊടകര കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഡിവൈഎസ്പി സോജന്‍ വെറുക്കപ്പെട്ട വ്യക്തിയാണെന്നായിരുന്നു എ എന്‍ രാധാകൃഷ്ണന്റെ പ്രധാന പരാമര്‍ശം. സംഘത്തിലെ മറ്റൊരു എസിപി വി കെ രാജു ഇടതു സഹയാത്രികനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കൊടകര കുഴല്‍പ്പണ കേസില്‍ പൊലീസ് ഏകപക്ഷീയമായി പെരുമാറുകയാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു. പ്രതികളുടെ രാഷ്ട്രീയ ബന്ധം പുറത്തു വിടുന്നില്ല. കേസിലെ പ്രതി മാര്‍ട്ടിന്‍ സിപിഐ പ്രവര്‍ത്തകനാണ്. മാര്‍ട്ടിന്റെ രേഖകള്‍ പരിശോധിച്ചാല്‍ കൊടുങ്ങല്ലൂര്‍ എംഎല്‍എയെ ചോദ്യം ചെയ്യേണ്ടി വരുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

പണം നഷ്ടപ്പെട്ട ധര്‍മരാജന്‍ പരാതി കൊടുത്തു. ആ പരാതിയിയുമായി ബന്ധപ്പെട്ടെ എത്ര പ്രതികളുണ്ട്, അവരുടെ രാഷ്ട്രീയ ബന്ധമെന്താണ് എന്നീ കാര്യങ്ങളൊന്നും പുറത്ത് വിടുന്നില്ല. ഇവരുടെ ഫോണ്‍ സന്ദേശങ്ങള്‍ പുറത്ത് വിടുകയോ ഇവരുടെ രാഷ്ട്രീയബന്ധം പുറത്തുകൊണ്ട് വരുകയോ ചെയ്യുന്നില്ലെന്നും എ എന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു. ബിജെപിയെ തകര്‍ക്കാനുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ ക്യാപ്റ്റനാകുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയെ കേരളം എന്നൊരു ചെറിയ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. പിണറായി വിജയനുള്‍പ്പെടെ തിരഞ്ഞെടുപ്പില്‍ ചെലവാക്കിയ പണത്തിന്റെ കണക്കുകള്‍ കൊണ്ടുവരട്ടേയെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ഇത്തരം നീക്കങ്ങള്‍ക്ക് എതിരെ സംസ്ഥാനവ്യാപകമായി ഈ മാസം പത്താം തീയതി മുതല്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും എ എന്‍ രാധാകൃഷ്ണന്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Next Story