Top

കൊടകര; പൊലീസ് പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കി തെരഞ്ഞെടുപ്പ് കമ്മീഷനും ഇഡിക്കും ഇന്‍കംടാക്‌സിനും നല്‍കും

കള്ളപ്പണ ഇടപാടുകള്‍ കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കുന്നതിനാലാണ് പൊലീസ് പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

24 July 2021 4:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊടകര; പൊലീസ് പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കി തെരഞ്ഞെടുപ്പ് കമ്മീഷനും ഇഡിക്കും ഇന്‍കംടാക്‌സിനും നല്‍കും
X

കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസില്‍ പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കാനൊരുങ്ങി പൊലീസ്. കൊടകരയിലെ ഹവ്വാല ഇടപാടുകളുടെ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് തയ്യാറാക്കുന്നത്. ഇത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍, ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയ്ക്ക് ഉടന്‍ നല്‍കാനാണ് പൊലീസിന്റെ നീക്കം. കള്ളപ്പണ ഇടപാടുകള്‍ കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കുന്നതിനാലാണ് പൊലീസ് പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

കൊടകര കുഴല്‍പ്പണകവര്‍ച്ചക്ക് മുമ്പ് ബിജെപി കേരളത്തിലേക്ക് കൊണ്ടു വന്ന പണം കവര്‍ച്ച ചെയ്യപ്പെട്ടതായുള്ള സൂചനയും ഇപ്പോള്‍ പുറത്തുവരികയാണ്. സേലം കൊങ്കണാപുരത്ത് നിന്നും നാല് കോടി നാല്‍പ്പത് ലക്ഷം രൂപയാണ് കവര്‍ന്നത്. ബെംഗ്‌ളൂരുവില്‍ നിന്നും കൊണ്ടുവന്ന പണമാണെന്നാണ് കൊടകര കവര്‍ച്ച അന്വേഷിച്ച സംഘം സ്ഥിരീകരിച്ചു. കുറ്റപത്രത്തിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

ധര്‍മ്മരാജന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് കവര്‍ച്ചയെ കുറിച്ച് വിവരം ലഭിച്ചത്. മാര്‍ച്ച് 6 നാണ് കവര്‍ച്ച നടന്നത്. സേലത്ത് നിന്നും പതിനഞ്ച് കീലോ മീറ്റര്‍ മാറി കൊങ്കണാപുരത്ത് ദേശീയപാതയില്‍ വെച്ചാണ് പണം കവര്‍ന്നത്. ധര്‍മ്മരാജനെ തന്നെയാണ് പണം കൊണ്ടുവരാന്‍ ഏല്‍പ്പിച്ചത്. ധര്‍മ്മരാജന്റെ അടുത്ത ബന്ധു വാഹനത്തിന് പൈലറ്റായി നിന്നുകൊണ്ടാണ് പണം കൊണ്ടുവന്നത്. വാഹനത്തില്‍ കൂത്തുപറമ്പ് സ്വദേശി അഷ്‌റഫും ഉണ്ടായിരുന്നു. മാര്‍ച്ച് ആറാം തിയ്യതി തന്നെയാണ് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരത്തിനെത്തുന്നത്.

കൊങ്കണാപുരത്ത് എത്തിയതോടെ വാഹനം ഒരു സംഘം തടയുകയും പണം കവരുകയാണെന്നുമാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരു മാസം മുമ്പാണ് കവര്‍ച്ച നടന്നത്. ഇതിന് പുറമേ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് നടന്ന കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കാലത്തും ബിജെപിക്കായി വന്‍ തോതില്‍ ഹവാലപണം കേരളത്തിലെത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ധര്‍മരാജന്‍ കര്‍ണാടകയില്‍ നിന്നും മൂന്ന് തവണ പണം എത്തിച്ചു. കൊടകര കവര്‍ച്ച നടന്ന ദിവസം 6.30 കോടി രൂപ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു എന്നാണ് കുറ്റപത്രത്തിലുള്ളത്. കോഴിക്കോട് നിന്നും ചാക്കുകളിലായി മൂന്ന് പിക് അപ് ലോറികളിലാണ് പണം തൃശ്ശൂരിലെത്തിച്ചത്. കൊടകരയില്‍ കവര്‍ച്ച നടന്ന വിവരം യഥാസമയം ധര്‍മരാജന്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെ അറിയിച്ചു എന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. സുരേന്ദ്രന്റെ മകന്റെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. കൊടകര കവര്‍ച്ചയ്ക്ക് ശേഷവും ധര്‍മരാജന്‍ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ പണം വിതരണം ചെയ്തു എന്നു കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. തൃശ്ശൂരിന് പുറമെ ആലപ്പുഴയിലും പത്തനംതിട്ടയിലുമായി 1.4 കോടി രൂപയാണ് നല്‍കിയത്.

കര്‍ണാടക കേന്ദ്രീകരിച്ച് നടന്ന കള്ളപണ ഇടപാടിന്റെ രീതികളെ കുറിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ടോക്കണ്‍ ഉപയോഗിച്ചാണ് കര്‍ണാടകയില്‍ നിന്നും കള്ളപ്പണം വാങ്ങുന്നത്. പണം വാങ്ങേണ്ടവരുടെ വിവരം നല്‍കുന്നത് ബിജെപി ഓഫീസ് സെക്രട്ടറിയാണ്. ഇതിനായുള്ള ടോക്കണായി ഉപയോഗിക്കുന്നത് പത്ത് രൂപയുടെ നോട്ടുകളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബെംഗളൂരുവില്‍നിന്ന് എത്തിച്ച പണം ബിജെപിയുടേതായിരുന്നുവെന്നും പണത്തെപ്പറ്റി കെ. സുരേന്ദ്രന് അറിയാമായിരുന്നെന്നുമുള്ള കുറ്റപത്രത്തിലെ പരാമര്‍ശം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുഖ്യസാക്ഷിയാണ് ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കെ. സുരേന്ദ്രന്റെ മകനെയും സാക്ഷിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ കൊടകരയില്‍ കാര്‍ തട്ടിയെടുത്ത് കവര്‍ന്ന മൂന്നരക്കോടി രൂപയും ബിജെപിയുടേതാണെന്ന് അന്വേഷണസംഘത്തിന്റെ നിലപാട്. കേസില്‍ വെള്ളിയാഴ്ച ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

625 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിട്ടുള്ളത്. 22 പേരാണ് കേസിലെ പ്രതികള്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഏഴാമതായുള്ള സാക്ഷിപ്പട്ടികയില്‍ 219 സാക്ഷികളുണ്ട്. സുരേന്ദ്രന്റെ മകനെയും സാക്ഷിയായി ചേര്‍ത്തിട്ടുണ്ട്. പണം കൊടുത്തുവിട്ടെന്ന് അവകാശപ്പെടുന്ന ധര്‍മരാജന്‍, ബിജെപി. ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി. കര്‍ത്താ, ബിജെപി. സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷ് തുടങ്ങി 19 നേതാക്കളും സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുന്നു.

Next Story

Popular Stories