ശോഭാ സുരേന്ദ്രന്റെ ഇടപാടുകളും അന്വേഷിക്കണമെന്നാവശ്യം; ബിജെപി കൂടുതല്‍ കുരുക്കിലേക്ക്
ശോഭ സുരേന്ദ്രനും നടത്തിയ ഇടപാടുകള്‍ വിശദമായി അന്വേഷിക്കണമെന്നും കൊടകര കുഴല്‍പ്പണ ഇടപാടുമായി ഇതിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നും ഐസക് വര്‍ഗീസ് പറഞ്ഞു.
11 Jun 2021 4:23 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് നടത്തിയ ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ഓള് കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ പ്രേട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാക്കള്‍ കേരളത്തില്‍ വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്ന് പരാതിയില്‍ ഐസക് വര്‍ഗീസ് പോലീസിന് മൊഴി നല്കിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശോഭ സുരേന്ദ്രനും നടത്തിയ ഇടപാടുകള്‍ വിശദമായി അന്വേഷിക്കണമെന്നും കൊടകര കുഴല്‍പ്പണ ഇടപാടുമായി ഇതിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നും ഐസക് വര്‍ഗീസ് പറഞ്ഞു. വിഷയത്തില്‍ പ്രതിരോധത്തിലായ ബിജെപി കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് സൂചന
കൊടകര കുഴല്‍പ്പണ കേസില്‍ കവര്‍ച്ചക്കാരില്‍ നിന്ന് പിടിച്ചെടുത്ത പണം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ധര്മ്മരാജന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇരിങ്ങാലക്കുട കോടതി അന്വേഷണ സംഘത്തോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ മാസം പതിനഞ്ചിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പിടിച്ചെടുത്ത പണം ബിസിനസ് ആവശ്യത്തിനുള്ളതാണെന്ന് ധര്മരാജന് വാദിച്ചിരുന്നു. പണത്തിന്റെ ഉറവിടത്തിന് രേഖകളുണ്ടെന്നും കോടതിയെ അറിയിച്ചു. എന്നാല്‍ പോലീസിലും കോടതിയിലും ധര്മരാജന് നല്കിയ മൊഴികളിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയാകും അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കുക. പണം വിട്ട് നല്‍കരുതെന്നും ആവശ്യപ്പെടും.
അതേസമയം കേരളത്തില്‍ ബിജെപി നേതൃത്വം നേരിടുന്ന പ്രതിസന്ധിതകള് മറികടക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ഡിജിപിയുമായിരുന്ന ജോക്കബ് തോമസിന്റെ റിപ്പോര്‍ട്ട്. ബിജെപി കേന്ദ്ര നേതൃത്വത്തിന് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള പ്രശ്നങ്ങള്‍ കണ്ടു പിടിക്കേണ്ടതുണ്ട്. സംഘടനാ തലത്തില്‍ സമൂലമായ അഴിച്ചു പണി ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് പ്രശ്നം ഉണ്ടെങ്കില്‍ അത് പാര്‍ട്ടി താല്പര്യങ്ങള്ക്ക് അതീതമാവരുതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത്. ഇതിനു പുറമെ കൊടകര കുഴല്‍പ്പണക്കേസ്, തെരഞ്ഞെടുപ്പിലെ ഫണ്ട് വിനിയോഗ വിവാദം എന്നിവ സംബന്ധിച്ച് മറ്റൊരു റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇ ശ്രീധരന്, ജേക്കബ് തോമസ്, സിവി ആനന്ദബോസ് എന്നിവരെയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിവാദങ്ങളും വീഴ്ചകളും സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് കേന്ദ്ര നേതൃത്വം നിയോഗിച്ചത്. മൂന്നു പേരും വെവ്വേറെയാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്.
ബിജെപിയില്‍ നേതൃമാറ്റം വേണമെന്നും ബൂത്തു തലം മുതല്‍ പാര്‍ട്ടി അഴിച്ചു പണിയണമെന്നുമാണ് ആനന്ദ ബോസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കേണ്ടതുണ്ടെന്നും ന്യൂനപക്ഷം ബിജെപിയോട് പുലര്‍ത്തുന്ന അകല്‍ച്ച മാറ്റാനുള്ള നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.