Top

‘ലോൺ തിരിച്ചടവിലേക്ക് നാല് ലക്ഷം, കാറും സ്വർണവും വാങ്ങി, മെറ്റലിനുള്ളിൽ ഒമ്പത് ലക്ഷം’; കൊടകരയിൽ തട്ടിയെടുത്ത കൂടുതൽ പണം പിടിച്ചെടുത്ത് പൊലീസ്

കേസിലെ പ്രതിയായ മാർട്ടിന്റെ വീട്ടിലെ മെറ്റലിനുളളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. കൊടകരയിൽ നിന്ന് പണം കവർച്ച ചെയ്തതിന് പിന്നാലെ ഇയാൾ നാല് ലക്ഷം രൂപയുടെ ലോൺ തിരിച്ചടച്ചിരുന്നു. കൂടാതെ മൂന്ന് ലക്ഷം രൂപ മുടക്കി സെക്കൻഡ് ഹാൻഡ് ഇന്നോവാ കാറും സ്വർണവും വാങ്ങിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

26 May 2021 2:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ലോൺ തിരിച്ചടവിലേക്ക് നാല് ലക്ഷം, കാറും സ്വർണവും വാങ്ങി, മെറ്റലിനുള്ളിൽ ഒമ്പത് ലക്ഷം’; കൊടകരയിൽ തട്ടിയെടുത്ത കൂടുതൽ പണം പിടിച്ചെടുത്ത് പൊലീസ്
X

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ വഴിത്തിരിവ്. തട്ടിയെടുത്ത കുഴൽപ്പണത്തിൽ ഒമ്പത് ലക്ഷം രൂപ കൂടി പൊലീസ് കണ്ടെടുത്തു. കേസിലെ പ്രതിയായ മാർട്ടിന്റെ വീട്ടിലെ മെറ്റലിനുളളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. കൊടകരയിൽ നിന്ന് പണം കവർച്ച ചെയ്തതിന് പിന്നാലെ ഇയാൾ നാല് ലക്ഷം രൂപയുടെ ലോൺ തിരിച്ചടച്ചിരുന്നു. കൂടാതെ മൂന്ന് ലക്ഷം രൂപ മുടക്കി സെക്കൻഡ് ഹാൻഡ് ഇന്നോവാ കാറും സ്വർണവും വാങ്ങിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ ഒരു കോടി പതിനഞ്ച് ലക്ഷം രൂപയാണ് പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്. ഏകദേശം മൂന്നര കോടി രൂപയാണ് പ്രതികൾ കവർച്ച ചെയ്തത്.

അതേസമയം കേസിൽ കൂടുതൽ ബിജെപി നേതാക്കൾ കുടുങ്ങുമെന്നും സൂചനയുണ്ട്. ബിജെപി ആലപ്പുഴ ജില്ലാട്രഷറർ കെ. ഗോപാലകൃഷ്ണ കർത്തയെ അന്വേഷണസംഘം ചോ​ദ്യം ചെയ്യുന്നത് തുടരുകയാണ്. കർത്തയിൽ നിന്ന് നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിക്കുമെന്നാണ് കരുതുന്നത്. മൂന്നരക്കോടി രൂപ എവിടെ നിന്ന് കേരളത്തിലെത്തിയെന്നത് ഉൾപ്പെടെയുള്ള വിവരങ്ങളെക്കുറിച്ച് ബിജെപിയുടെ നേതാക്കൾക്ക് കൃത്യമായ വിവരമുണ്ടെന്നാണ് സൂചന.

ആലപ്പുഴയിലെ പോലീസ് ട്രെയിനിങ് സെന്ററിൽ നടക്കുന്ന ചോദ്യം ചെയ്യലിന് എ.സി.പി. വി.കെ. രാജുവാണ് നേതൃത്വം നൽകുന്നത്. പണം കൊടുത്തയച്ച ആർ.എസ്.എസ്. പ്രവർത്തകൻ ധർമരാജനുമായി ഗോപാലകൃഷ്ണ കർത്ത നിരവധി തവണ ഫോണിൽ സംസാരിച്ചിരുന്നതായി നേരത്തെ വ്യക്തമായിരുന്നു. കവർച്ച നടന്ന ദിവസവും ഇരുവരും ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കർത്തയിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുന്നത്.

ആര്‍എസ്എസ് അംഗം ധര്‍മരാജനും യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായ്ക്ക് എന്നിവരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. അതേസമയം ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ട് ബിജെപി നേതാക്കള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഹാജരാകാനുള്ള അസൗകര്യം നേതാക്കള്‍ അന്വേഷണസംഘത്തെ അറിയിച്ചു. ബിജെപി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി എം ഗണേശിനോടും, സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഗിരീഷിനോടും ഇന്ന് തൃശൂര്‍ പോലിസ് ക്ലബ്ബില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ട് ദിവസത്തെ സാവകാശമാണ് ചോദിച്ചിട്ടുള്ളത്. ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍ ഹരി, ട്രഷറര്‍ സുജയ് സേനന്‍, മേഖല സെക്രട്ടറി കാശിനാഥന്‍ എന്നിവരെ അന്വേഷണസംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു.

കേസില്‍ ബിജെപിയെ ബന്ധിപ്പിക്കാനുള്ള ശ്രമം വിജയിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവര്‍ത്തിച്ചിരുന്നു. ഈ വിഷയത്തില്‍ തലകുത്തി മറിഞ്ഞാലും പൊലീസ് നടത്തുന്ന നാടകം ഫലം കാണില്ല. മുഴുവന്‍ പണവും കൈമാറിയത് ഡിജിറ്റല്‍ മാര്‍ഗത്തിലൂടെയാണെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ബിജെപിയില്‍ ഉന്നതര്‍ക്കെതിരെ അന്വേഷണമുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് സുരേന്ദ്രന്‍ രംഗത്തെത്തിയത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എത്തിച്ച കോടികളാണ് കൊടകരയില്‍ വെച്ച് തട്ടിയെടുത്തതെന്നാണ് നിലവില്‍ വരുന്ന സൂചനകള്‍. എന്നാല്‍ നേതൃത്വം ഇക്കാര്യം പൂര്‍ണമായും നിഷേധിച്ചിട്ടുണ്ട്.

Next Story