‘റഷീദാണ് ഒറ്റിയത്, ഉണ്ടായിരുന്നത് മൂന്നര കോടി, ഷംജീറിനോട് പറഞ്ഞില്ല’; ധര്‍മ്മരാജന്റെ വാദങ്ങള്‍ ഇങ്ങെനെ
കാറില്‍ 3.5 കോടി രൂപയുണ്ടെന്ന് പറയാന്‍ തോന്നിയില്ല. അതിനാല്‍ ഞാന്‍ ഷംജീറിനോട് 25 ലക്ഷത്തില്‍ കൂടുതല്‍ രൂപയുണ്ട് എന്ന് മാത്രമാണ് പറഞ്ഞത്.
10 Jun 2021 5:54 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂര്‍: കൊടകരയില്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ധര്മ്മരാജന് നല്കിയ ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്ത്. ഡ്രൈവറായ ഷംജീറിനോട് മൂന്നര കോടി രൂപ കാറിലുള്ളത് അറിയിച്ചിരുന്നില്ലെന്നും പരാതിയില്‍ 25 ലക്ഷം രൂപ മാത്രമായി കാണിക്കാന്‍ കാരണമായത് ഇതാണെന്നും ധര്മ്മരാജന് പറയുന്നു.
ഹര്‍ജിയിലെ പ്രസക്ത ഭാഗങ്ങള്‍
കാറില്‍ 3.5 കോടി രൂപയുണ്ടെന്ന് പറയാന്‍ തോന്നിയില്ല. അതിനാല്‍ ഞാന്‍ ഷംജീറിനോട് 25 ലക്ഷത്തില്‍ കൂടുതല്‍ രൂപയുണ്ട് എന്ന് മാത്രമാണ് പറഞ്ഞത്. ഷംജീര്‍ 2/04/2021 തിയതി രാത്രി 9.20 മണിയോടെ കാറുമായി പുറപ്പെട്ടു. പിന്നീട് 3/4/2021 തിയതി ഉദ്ദേശം 4.50 മണിയോടെ ഷംജീര്‍ എന്നെ ഫോണില്‍ വിളിച്ച് കൊടകരയെന്ന സ്ഥലത്തു വെച്ച് ഷംജീറിനെയും റഷീദിനെയും ആക്രമിച്ച് കാറും പണവും ആരോ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞു.
ഞാനുടനെ കാറില്‍ കൊടകരയിലെത്തി ഷംജീറിനെ കണ്ട് സംസാരിച്ചതിന് ശേഷം കോഴിക്കോട്ടേക്ക് മടങ്ങി പോന്നു. ഇലക്ഷന് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പണം നഷ്ടപ്പെട്ട കാര്യം ഇപ്പോള്‍ പരാതിപ്പെടേണ്ട എന്ന് ഞാന്‍ ഷംജീറിനോട് പറഞ്ഞു. പിന്നീട് 7/4/2021 തിയതി ഷംജീറിനോട് കൊടകര പൊലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുക്കാന്‍ പറഞ്ഞു.
അതുപ്രകാരം ഷംജീര്‍ പൊലീസ് സ്റ്റേഷനിലെത്തി അവന്റെ അറിവ് പ്രകാരമുള്ള 25 ലക്ഷം രൂപയും കാറും തട്ടിയെടുത്തുവെന്നാണ് പരാതിപ്പെട്ടത്. ഷംജീറിനോട് ഞാന്‍ 25 ലക്ഷം എന്നാണ് പറഞ്ഞിരുന്നത്. അതിനാലായിരിക്കാം ഷംജീര്‍ അങ്ങനെ പരാതിപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ കാറില്‍ 3.5 കോടി രൂപയുണ്ടായിരുന്നു. പണം എറണാകുളത്ത് എത്തുമ്പോള്‍ എന്നെ വിളിക്കണമെന്നാണ് ഞാന്‍ ഷംജീറിനോട് പറഞ്ഞിരുന്നത്. പണം കൊടുത്തയച്ച പാര്‍ട്ടി എന്നോട് പറഞ്ഞത് എറണാകുളത്ത് പണമെത്തുന്ന ഉദ്ദേശ സമയം നോക്കി അവിടെ നിന്ന് ഒരാളെന്നെ വിളിക്കുമെന്നാണ് പറഞ്ഞത്.
ആ പണം പറഞ്ഞ സ്ഥലത്ത് എത്തിച്ചാല്‍ എനിക്ക് കമ്മീഷന് കിട്ടും അതില്‍ നിന്നും ഷംജീറിന് ഞാന്‍ കൂലി കൊടുക്കുകയാണ് ചെയ്യാറുള്ളത്. അതില്‍ നിന്ന് ഷംജീറാണ് റഷീദിന് കൂലി കൊടുക്കുന്നത്. അത് എത്ര രൂപയാണെന്ന് എനിക്കറിയില്ല. പിന്നീട് ഈ കേസ് ചാലക്കുടി ഡിവൈഎസ്പി ഏറ്റെടുത്തതും അന്ന് ഷംജീറിനൊപ്പം കാറിലുണ്ടായിരുന്ന റഷീദ് അടക്കം പതിനാല് പേരെ ഈ കേസിലേക്ക് അറസ്റ്റ് ചെയ്തുവെന്നും ഞാനറിഞ്ഞത്. റഷീദിനെ എനിക്ക് വലിയ പരിചയമില്ല. ഷംജീറാണ് അയാളെ കൂടെ കൂട്ടിയത്. ഷംജീറിന്റെ കൂടെയുണ്ടായിരുന്ന റഷീദാണ് ഇങ്ങനെയൊരു കവര്‍ച്ച നടത്തുന്നതിന് കൂട്ടാളികള്‍ വിവരം കൊടുത്തതെന്ന് ഇപ്പോള്‍ മനസിലായി.