
തൃശൂര്‍: കൊടകര കുഴല്‍പ്പണം തട്ടിയെടുത്ത കേസില്‍ പുതിയ അന്വേഷണ സംഘം. തൃശൂര്‍ റേഞ്ച് ഡിഐജി എ അക്ബറിന്റെ മേല്‍നോട്ടത്തിലായിരിക്കും ഇനിയുള്ള അന്വേഷണം. സംഘപരിവാര്‍ സഹയാത്രികനും ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുള്ള.യാളുമായ ധര്മ്മരാജന് കേസില്‍ വഴിത്തിരിവായ മൊഴി നല്‍കിയിരുന്നു. പിന്നാലെയാണ് പുതിയ നീക്കം. കൊടകരയില്‍ തട്ടിയെടുത്തത് 25 ലക്ഷം രൂപയല്ല മൂന്നര കോടിയാണെന്നാണ് ധര്മ്മരാജന് വെളിപ്പെടുത്തിയത്.
കേസ് ഗൗരവമേറിയതാണെന്നും അന്വേഷണം കൂടുതല്‍ കാര്യകക്ഷമമായി നടക്കേണ്ടകുള്ളതിനാലുമാണ് പ്രത്യേക സംഘം രൂപീകരിച്ചതെന്ന് ഡിഐജി എ അക്ബര്‍ പറഞ്ഞു. ധര്മ്മരാജന് കെ. സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇയാള്‍ തന്നെയാണ് പാര്‍ട്ടി ഫണ്ട് കൊടുത്തുവിട്ടതെന്നുമാണ് പൊലീസിന്റെ നിഗമനം. ചോദ്യം ചെയ്യലില്‍ ധര്മ്മരാജന് ഇക്കാര്യങ്ങള്‍ സമ്മതിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായികിനെ വീണ്ടും ചോദ്യം ചെയ്തേക്കും. പണത്തിന്റെ ഉറവിടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സുനില്‍ നായിക്കില്‍ നിന്ന് ലഭ്യമാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ബിജെപിക്ക് കുഴല്‍പ്പണ ഇടപാടുമായി ബന്ധമില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും പാര്‍ട്ടി പാളയത്തില്‍ ആശങ്കയുണ്ട്. നേതാക്കളില്‍ ചിലര്‍ കേസില്‍ നേരിട്ട് ഇടപെടല്‍ നടത്തിയെന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. ഇത് ബിജെപി സംഖ്യകക്ഷികള്ക്കുള്ളില് വരെ പടലപിണക്കങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
പണം കടത്തി കാറിന്റെ ഡ്രൈവറായ ഷംജീറിന് വാഹനത്തിനുള്ളില്‍ രഹസ്യ അറയില്‍ സൂക്ഷിച്ച കോടികളെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് ധര്‍മ്മരാജന്റെ മൊഴിയിലുണ്ട്. പണം കൊണ്ടുപോകുന്ന കാര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള മറ്റൊരാളോ, സംഘമോ നടത്തിയ ഗൂഢാലോചനയാണ് തട്ടിപ്പില്‍ കലാശിച്ചതെന്ന് പൊലീസിന് സൂചനയും ലഭിച്ചു കഴിഞ്ഞു. അന്വേഷണം നേതാക്കളിലേക്ക് വ്യാപിച്ചാല്‍ ബിജെപിക്ക് കടുത്ത തലവേദനയാകും. തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനിടെയാണ് കുഴല്‍പ്പണ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്താവുന്നതെന്നതും ബിജെപിയെ പ്രതിസന്ധിയിലാക്കുന്നു.