കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് സുരേന്ദ്രന്; ‘മുഴുവന്‍ പണവും കൈമാറിയത് ഡിജിറ്റല്‍ ട്രാന്‍സാക്ഷനിലൂടെ’
തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിയെ ബന്ധിപ്പിക്കാനുള്ള ശ്രമം വിജയിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഈ വിഷയത്തില്‍ തലകുത്തി മറിഞ്ഞാലും പൊലീസ് നടത്തുന്ന നാടകം ഫലം കാണില്ല. മുഴുവന്‍ പണവും കൈമാറിയത് ഡിജിറ്റല്‍ ട്രാന്സാക്ഷനിലൂടെയായിരുന്നുവെന്നും സുരേന്ദ്രന് ആവര്‍ത്തിച്ചു. കേസില്‍ ബിജെപി തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കെ ആര് ഹരിയെയും അയ്യന്തോള്‍ മേഖലാ സെക്രട്ടറി ജി കാശിനാഥനെയും പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്തു. ജില്ലാ ട്രഷറര്‍ സുജയ്സേനനോടും ചോദ്യം ചെയ്യലിന് ശനിയാഴ്ച ഹാജരാകാന്‍ അന്വേഷണ സംഘം […]
22 May 2021 5:45 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിയെ ബന്ധിപ്പിക്കാനുള്ള ശ്രമം വിജയിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഈ വിഷയത്തില്‍ തലകുത്തി മറിഞ്ഞാലും പൊലീസ് നടത്തുന്ന നാടകം ഫലം കാണില്ല. മുഴുവന്‍ പണവും കൈമാറിയത് ഡിജിറ്റല്‍ ട്രാന്സാക്ഷനിലൂടെയായിരുന്നുവെന്നും സുരേന്ദ്രന് ആവര്‍ത്തിച്ചു.
കേസില്‍ ബിജെപി തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കെ ആര് ഹരിയെയും അയ്യന്തോള്‍ മേഖലാ സെക്രട്ടറി ജി കാശിനാഥനെയും പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്തു. ജില്ലാ ട്രഷറര്‍ സുജയ്സേനനോടും ചോദ്യം ചെയ്യലിന് ശനിയാഴ്ച ഹാജരാകാന്‍ അന്വേഷണ സംഘം അവശ്യപ്പെട്ടെങ്കിലും ഹാജരായിട്ടില്ല.
കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ബിജെപിയില്‍ ഉന്നതര്‍ക്കെതിരെ അന്വേഷണമുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് സുരേന്ദ്രന് രംഗത്തെത്തിയത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എത്തിച്ച കോടികളാണ് കൊടകരയില്‍ വെച്ച് തട്ടിയെടുത്തതെന്നാണ് നിലവില്‍ വരുന്ന സൂചനകള്‍. എന്നാല്‍ നേതൃത്വം ഇക്കാര്യം പൂര്‍ണമായും നിഷേധിച്ചിട്ടുണ്ട്. കുഴല്‍പ്പണ കേസിലെ പ്രതികളിലൊരാളായ രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയെയാണ് അന്വേഷണസംഘം ഒടുവില്‍ കസ്റ്റഡിയിലെടുത്തത്.
രഞ്ജിത്ത് ജയിലിലേക്ക് പോകുന്ന സമയത്ത് കവര്‍ച്ച ചെയ്ത പണം ദീപ്തി സൂക്ഷിച്ചുവെച്ചു. കവര്‍ച്ച പണം ആണെന്ന് ബോധ്യമുണ്ടായിരുന്ന ദീപ്തി 11 ലക്ഷം രൂപ സൂക്ഷിച്ചത് കുറ്റകൃത്യമാണെന്ന് പൊലീസ് വ്യക്തമാക്കി. കൊടകരയില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു ആദ്യം പൊലീസിന് ലഭിച്ച പരാതി. എന്നാല്‍ പിന്നീട് ഇത് 3.5 കോടി രൂപയാണെന്ന് പൊലീസ് കണ്ടെത്തി. ബിജെപിക്ക് വിജയ സാധ്യതയുള്ള നിര്‍ണായക മണ്ഡലങ്ങളില്‍ ചെലവഴിക്കാനാണ് പണം കൊണ്ടുവന്നതെന്ന് സൂചനകളുണ്ട്.
അന്വേഷണ സംഘം ഇത് സംബന്ധിച്ച സൂചനകളൊന്നും നല്‍കിയിട്ടില്ലെങ്കിലും കെ. സുരേന്ദ്രനുമായി നേരിട്ട് ബന്ധമുള്ള ഒരാളാണ് പണം കൈമാറിയതെന്നതിനാല്‍ അഭ്യൂഹങ്ങള്‍ ശക്തമാണ്. കെ. സുരേന്ദ്രന് സംഭവത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള പ്രചരണം മുതല്‍ തെരഞ്ഞെടുപ്പിനായി ബിജെപി ഉപയോഗിച്ച പണമെല്ലാം നിയമാനുമതിയുള്ളതാണെന്നാണ് സംസ്ഥാന നേതൃത്വത്തിലെ മറ്റു നേതാക്കളും ആവര്‍ത്തിക്കുന്നത്.
മഞ്ചേശ്വരം, കാസറഗോഡ്, പാലാക്കാട്, നേമം തുടങ്ങിയ നിര്‍ണായക മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കുന്നതിന് ബിജെപി കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരുന്നു. നിര്‍ണായക മണ്ഡലങ്ങളിലെ പ്രചരണത്തെ ഫണ്ടില്ലാത്തത് പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. എന്തായാലും അന്വേഷണം പുരോഗമിക്കുന്നതോടെ ഇക്കാര്യങ്ങളില്‍ വ്യക്തത കൈവരും. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ ചെലവഴിക്കാന്‍ കൊണ്ടുപോയ പണമാണ് കൊടകരയില്‍ നിന്ന് തട്ടിയെടുത്തതെന്നാണ് പൊലീസിനു ലഭിച്ച വിവരമെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.