Top

‘ധർമ്മരാജന് മുറി ബുക്ക് ചെയ്തത് ജില്ലാ നേതാക്കളുടെ നിർദേശ പ്രകാരം’; കൊടകര കുഴൽപ്പണ കേസിൽ സതീശന്റെ നിർണായക വെളിപ്പെടുത്തൽ

കുഴൽ പണ കേസിൽ ഉൾപ്പെട്ട ധർമരാജൻ, സുനിൽ നായിക് എന്നിവരെ പരിചയമില്ല. ബി ജെ പിയുടെ സംസ്ഥാന നേതാക്കളുമായി അടുപ്പമില്ലെന്നും സതീശൻ മൊഴി നൽകി.

31 May 2021 3:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ധർമ്മരാജന് മുറി ബുക്ക് ചെയ്തത് ജില്ലാ നേതാക്കളുടെ നിർദേശ പ്രകാരം’; കൊടകര കുഴൽപ്പണ കേസിൽ സതീശന്റെ നിർണായക വെളിപ്പെടുത്തൽ
X

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബി ജെ പി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീശന്റെ നിർണായക വെളിപ്പെടുത്തൽ. കുഴൽപ്പണം കടത്തിയ ധർമ്മരാജന് മുറി ബുക്ക് ചെയ്തത് ബിജെപിയുടെ ജില്ലാ നേതാക്കളുടെ നിർദേശപ്രകാരമാണെന്ന് സതീശൻ അന്വേഷണ സംഘത്തോട് പറഞ്ഞു. ഇതോടെ ബിജെപിയുടെ ഉന്നത നേതാക്കൾക്ക് കുഴൽപ്പണ കേസിൽ പങ്കുണ്ടെന്ന് വെളിപ്പെട്ടുവെന്നാണ് സൂചന. സതീശന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ഉടൻ ചോദ്യം ചെയ്തേക്കും. സതീശനെ കസ്റ്റഡിയിലെടുക്കേണ്ടതില്ലെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നി​ഗമനം.

തൃശൂർ പോലീസ് ക്ലബ്ബിൽ രണ്ട് മണിക്കൂർ പ്രത്യേക അന്വേഷണ സംഘം സതീശനെ ചോദ്യം ചെയ്തത്. ഏപ്രിൽ 2 ന് തൃശൂർ എം.ജി.റോഡിലെ നാഷ്ണൽ ടൂറിസ്റ്റ് ഹോമിൽ രണ്ട് മുറികൾ ബുക്ക് ചെയ്തത് താനാണെന്ന് സതീശൻ സമ്മതിച്ചു. ജില്ലാ നേതാക്കളുടെ നിർദ്ദേശ പ്രകാരമാണ് മുറിയെടുത്തത്. മുറികൾ ആർക്ക് വേണ്ടിയാണെന്ന് അറിയില്ലായിരുന്നു. നാല് മാസം മുൻപ് മാത്രമാണ് ഓഫീസ് സെക്രട്ടറിയായി ചുമതലയേറ്റത്. അതിനാൽ കൂടുതൽ വിവരങ്ങൾ അറിയില്ല എന്നും സതീശൻ അന്വേഷണ സംഘത്തോട് പറഞ്ഞു.

കുഴൽ പണ കേസിൽ ഉൾപ്പെട്ട ധർമരാജൻ, സുനിൽ നായിക് എന്നിവരെ പരിചയമില്ല. ബി ജെ പിയുടെ സംസ്ഥാന നേതാക്കളുമായി അടുപ്പമില്ലെന്നും സതീശൻ മൊഴി നൽകി. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇയാളെ വിട്ടയച്ചത്. അതിനിടെ കേസിലെ 12 പ്രതികളുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽ പോലീസ് പരിശോധന നടത്തി. കവർച്ച ചെയ്യപ്പെട്ട കൂടുതൽ പണം വീണ്ടെടുക്കുന്നതിനായിരുന്നു പരിശോധന. എന്നാൽ പണം കണ്ടെത്താനായില്ല. കേസിൽ ഇതുവരെ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ പലയിടങ്ങളിൽ നിന്നായി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ആകെ മൂന്നര കോടി രൂപ കവർച്ച ചെയ്യപ്പെട്ടുവെന്നാണ് പൊലീസ് കണ്ടെത്തൽ.

Next Story