kodakara black money

‘ഇന്ദിര ഗാന്ധിയും ഇഎംഎസ്സും വിചാരിച്ചിട്ട് നടന്നിട്ടില്ല, പിണറായി ഓര്‍ത്താല്‍ നല്ലത്’; ബിജെപിക്ക് വോട്ടേ കുറഞ്ഞിട്ടുള്ളൂ; ശോഭാ സുരേന്ദ്രന്‍

കൊടകര കുഴല്‍പ്പണകേസില്‍ സര്‍ക്കാര്‍ വേട്ടയാടുന്നെന്ന് ആരോപിച്ച് ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയില്‍ പങ്കെടുത്ത് ശോഭാസുരേന്ദ്രന്‍. ബിജെപിക്ക് വോട്ട് മാത്രമാണ് കുറഞ്ഞതെന്നും പ്രവര്‍ത്തകരും മനോവീര്യവും കുറഞ്ഞിട്ടില്ലെന്നും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ബിജെപിക്ക് വോട്ടേ കുറഞ്ഞിട്ടുള്ളൂ, പ്രവര്‍ത്തകരും മനോവീര്യവും കുറഞ്ഞിട്ടില്ല. അത് തകര്‍ക്കാന്‍ പിണറായിയുടെ ഈ ചെപ്പടി വിദ്യക്കൊന്നും സാധിക്കില്ല. ഇന്ദിര ഗാന്ധിയും ഇഎംഎസ്സും വിചാരിച്ചിട്ട് നടന്നിട്ടില്ലെന്ന് പിണറായി വിജയന്‍ ഓര്‍ത്താല്‍ നന്ന്’- ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

തൃശൂര്‍ പൊലീസ് ക്ലബ്ബിന് മുന്നില്‍ നടന്ന പ്രതിഷേധ ജ്വാല സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്‍ രണ്ടാം വരവില്‍ ബിജെപിക്കെതിരെ പ്രതികാരം തീര്‍ക്കുകയാണെന്നും കൊടകര കേസിലടക്കം രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ പൊലീസിനെ ഉപയോഗിക്കുകയാണെന്നും പ്രതിഷേധ്വാല ഉദ്ഘാടനം ചെയ്ത് സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപിയെ തകര്‍ക്കാന്‍ സിപിഐഎം ആസൂത്രിത നീക്കം നടത്തുന്നു എന്ന് ആരോപിച്ച് സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് ബിജെപി. ഇതിന്റെ തുടക്കമെന്നോണമാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. 10,000 കേന്ദ്രങ്ങളില്‍ സമരജ്വാല നടത്തുമെന്നായിരുന്നു ബിജെപി അറിയിച്ചത്.

കേന്ദ്രമന്ത്രി വി മുരളീധരന്‍ കോഴിക്കോട് പരിപാടിയില്‍ ഓണ്‍ലൈനായും മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ എംഎല്‍എ ഒ രാജഗോപാല്‍, തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വി വി രാജേഷ്, സംസ്ഥാന സെക്രട്ടറി എസ് സുരേഷ് എന്നിവര്‍ തിരുവന്തപുരത്ത് സെക്രട്ടറിയേറ്റ് നടയ്ക്കലും സമരജ്വാലയില്‍ പങ്കെടുത്തു

കൊല്ലത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍, പത്തനംത്തിട്ട വൈസ്പ്രസിഡന്റ് ഡോ. പ്രമീള ദേവി, ആലപ്പുഴ ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, ഇടുക്കി വക്താവ് നാരായണന്‍ നമ്പൂതിരി, കോട്ടയത് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്, വൈസ് പ്രസിഡന്റ് ജി രാമന്‍ നായര്‍, എറണാകുളത്ത് വൈസ് പ്രസിഡന്റുമാരായ എ എന്‍ രാധാകൃഷ്ണന്‍, ഡോ കെ എസ് രാധാകൃഷ്ണന്‍, പാലക്കാട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍, തൃശ്ശൂരില്‍ വക്താവ് ബിഗോപാലകൃഷ്ണന്‍, മലപ്പുറം വൈസ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, കോഴിക്കോട് വൈസ പ്രസിഡന്റ് വി രാജന്‍, സംസ്ഥാന സെക്രട്ടറി പി രഘുനാഥ്, വയനാട് സംസ്ഥാന സെക്രട്ടറി കെ പി പ്രകാശ്ബാബു, കണ്ണൂരില്‍ ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി, കാസര്‍ഗോഡ് ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.

Also Read: ‘ഫ്രസ്ട്രേഷൻ ഒക്കെ ഞങ്ങൾക്ക് മനസിലാകും, ഈ വിലക്ക് നീക്കാൻ സാധിക്കില്ല’; മുല്ലക്കര രത്നാകരനെ അകാരണമായി വിലക്കിയ ഫേസ്ബുക്കിന്റെ വിശദീകരണം

Covid 19 updates

Latest News