കൊടകരയില്‍ ഫയല്‍ തുറന്ന് ഇഡി; അന്വേഷണത്തിന് കേന്ദ്രാനുമതി
കേരളത്തിലെ ബിജെപിയെ പ്രതി സ്ഥാനത്ത് നിര്‍ത്തുന്ന കൊടകര കുഴല്‍പ്പണ കേസില്‍ എന്ഫോര്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണ നടപടികളേക്ക് കടക്കുന്നു. കേസ് അന്വേഷിക്കാന്‍ ഇ ഡി യ്ക്ക് കേന്ദ്രാനുമതി ലഭിച്ചതായും സൂചന. ഇതിന് പിന്നാലെ ഇഡി അന്വേഷണ ഫയല്‍ തുറന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലാകും അന്വേഷണം. ഇഡിക്ക് പുറമെ ആദായ നികുതി വകുപ്പും കൊടകര കേസിന്റെ പ്രാഥമിക വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊടകര കേസുമായി ബന്ധപ്പെട്ട് കളളപ്പണ ഇടപാടുകള്‍ സംശയിക്കുന്നതായിയാണ് നിലവില്‍ കേസ് അന്വേഷിക്കുന്ന കേരള പൊലീസ് […]
8 Jun 2021 10:14 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേരളത്തിലെ ബിജെപിയെ പ്രതി സ്ഥാനത്ത് നിര്‍ത്തുന്ന കൊടകര കുഴല്‍പ്പണ കേസില്‍ എന്ഫോര്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണ നടപടികളേക്ക് കടക്കുന്നു. കേസ് അന്വേഷിക്കാന്‍ ഇ ഡി യ്ക്ക് കേന്ദ്രാനുമതി ലഭിച്ചതായും സൂചന. ഇതിന് പിന്നാലെ ഇഡി അന്വേഷണ ഫയല്‍ തുറന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലാകും അന്വേഷണം. ഇഡിക്ക് പുറമെ ആദായ നികുതി വകുപ്പും കൊടകര കേസിന്റെ പ്രാഥമിക വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊടകര കേസുമായി ബന്ധപ്പെട്ട് കളളപ്പണ ഇടപാടുകള്‍ സംശയിക്കുന്നതായിയാണ് നിലവില്‍ കേസ് അന്വേഷിക്കുന്ന കേരള പൊലീസ് സംഘത്തില്‍ നിന്നും നിന്നും ഇഡി യ്ക്ക് ലഭിച്ച വിവരം. ഈ പശ്ചാത്തലത്തിലാണ് പ്രാഥമിക നടപടിയായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണ ഫയല്‍ തുറന്നത്. കൊച്ചി യൂണിറ്റാകും അന്വേഷണം നടത്തുക.
കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ കേസില്‍ ഇഡി എഫ്ഐആര്‍ ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യുന്ന നടപടികളിലേക്ക് കടക്കും. അന്വേഷണ ഫയല്‍ തുറക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ഇഡിയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ചതായാണ് വിവരം. എന്നാല്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വിവരം ലഭിച്ചാല്‍ ഇഡിയുടെ ആദ്യ സ്വാഭാവിക നടപടിയാണ് അന്വേഷണ ഫയല്‍ തുറക്കുക എന്നത്.
കൊടകരയിലെ സംഭവത്തില്‍ കള്ളപ്പണ ഇടപാട് സംശയിക്കുന്നതായുള്ള നിലപാടുമായി കേരള പൊലീസ് മുന്നോട്ട് പോവുമ്പോള്‍ കവര്‍ച്ചക്കാരില്‍ നിന്ന് കണ്ടെടുത്ത മുഴുവന്‍ പണവും തന്റേതാണെന്ന അവകാശവാദവുമായി പരാതിക്കാരന് ധര്മ്മരാജന് രംഗത്ത് എത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ധര്മ്മരാജന് പണത്തില്‍ അവകാശവാദം ഇന്നയിക്കുന്നത്.
പണം തന്റേതും സുനില്‍ നായിക്കിന്റേതും ആണെന്നും മറ്റാര്‍ക്കും അതില്‍ അവകാശമില്ലെന്നും ധര്മരാജന് ഹര്‍ജിയില്‍ പറയുന്നു. പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഹര്‍ജിയില്‍ നല്‍കിയിരിക്കുന്ന വിശദീകരണത്തില്‍ ഡല്‍ഹിയിലെ ഒരു മാര്‍വാടിയാണ് പണം നല്‍കിയതെന്ന് ധര്മ്മരാജന് പറയുന്നു. ഡല്‍ഹിയിലുള്ള ഗോവിന്ദ് എന്ന മാര്‍വാഡിയാണ് കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പണം എത്തിക്കണമെന്ന് ആവശ്യപ്പെട്ടതെന്നാണ് ധര്മരാജന് പറയുന്നത്. ഇതുപ്രകാരം ഒന്നാം തീയതി ഷംജീറിന്റെ വാഹനം കൊണ്ടുവരുകയും വാഹനത്തിന്റെ കാര്‍പ്പെറ്റ് മാറ്റി അതില്‍ 3.25 കോടി രൂപ സൂക്ഷിക്കുകയും ചെയ്തു. 25 ലക്ഷം രൂപ ബാഗിലാക്കിയാണ് വെച്ചത്. 25 ലക്ഷം മാത്രമേ വാഹനത്തിലൂള്ളൂ എന്നാണ് ഷംജീറിനോട് പറഞ്ഞിരുന്നത്.
രണ്ടാംതീയതി കോഴിക്കോടുനിന്ന് പുറപ്പെട്ട വാഹനം മൂന്നാം തീയതി പുലര്‍ച്ചെ 4.50ഓടെ തൃശ്ശൂര്‍ കൊടകരയില്‍വെച്ച് ആക്രമിക്കപ്പെട്ടെന്ന് ഷംജീര്‍ തന്നെ അറിയിച്ചതായാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. പ്രതികളില്‍നിന്നായി കണ്ടെടുത്തിരിക്കുന്ന ഒരു കോടി 40 ലക്ഷം രൂപ തിരികെ കിട്ടണം എന്നാവശ്യപ്പെട്ടാണ് ധര്മരാജന് ഇപ്പോള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതോടെ വാഹനത്തിലുണ്ടായിരുന്ന പണത്തിന് ബിജെപിയുമായി ബന്ധമില്ലെന്ന നിലപാടാണ് ധര്മരാജന് സ്വീകരിച്ചിരിക്കുന്നത്. കേസ് ഏറ്റെടുക്കാന്‍ ഇഡി നടപടി ആരംഭിക്കുന്നതിനിടെയായിരുന്നു പരാതിക്കാരന്റെ ഭാഗത്തുനിന്നുള്ള പുതിയ നീക്കം. കവര്‍ച്ച ചെയ്യപ്പെട്ടത് 25 ലക്ഷമാണെന്നായിരുന്നു ധര്‍മ്മരാജന്റെ ആദ്യപരാതി.