Top

കൊടകര: ബിജെപി-ആര്‍എസ്എസ് ചേരിപ്പോര് നിയമയുദ്ധത്തിലേക്ക്; പാര്‍ട്ടി നേതാവിനെ വിമര്‍ശിച്ചതിന് ആര്‍എസ്എസ് നേതാവിനെതിരെ കേസ്‌

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി ജില്ലാ പ്രസിഡന്റിന്റേയും പാര്‍ട്ടി നേതൃത്വത്തിൻറെയും പങ്ക് അന്വേഷിക്കണമെന്ന അർഥത്തിൽ സമൂഹമാധ്യമത്തിൽ മനോജ് പങ്കുവെച്ച പോസ്റ്റാണ് പരാതിക്കിടയാക്കിയത്.

1 July 2021 10:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊടകര:  ബിജെപി-ആര്‍എസ്എസ് ചേരിപ്പോര് നിയമയുദ്ധത്തിലേക്ക്; പാര്‍ട്ടി നേതാവിനെ വിമര്‍ശിച്ചതിന് ആര്‍എസ്എസ് നേതാവിനെതിരെ കേസ്‌
X

തൃശൂർ: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി-ആര്‍എസ്എസ് ചേരിപ്പോര് നിയമയുദ്ധത്തിലേക്ക്. ബിജെപി ജില്ലാ പ്രസിഡണ്ടിനെ സമൂഹമാധ്യമത്തിലൂടെ വിമർശിച്ചതിന് ആർഎസ്എസ് പ്രവർത്തകനെതിരെ കേസെടുത്തു. തൃശൂരിലെ പീപ്പിൾസ് ഫോർ ജസ്റ്റിസ് സംഘടനാ പ്രവർത്തകൻ കൂടിയായ മനോജ് ഭാസ്കറിനെതിരെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്. കൊടകര കുഴൽപ്പണക്കേസിൽ ബിജെപി ജില്ലാ പ്രസിഡന്റിന്റേയും പാര്‍ട്ടി നേതൃത്വത്തിൻറെയും പങ്ക് അന്വേഷിക്കണമെന്ന അർഥത്തിൽ സമൂഹമാധ്യമത്തിൽ മനോജ് പങ്കുവെച്ച പോസ്റ്റാണ് പരാതിക്കിടയാക്കിയത്. ബിജെപിയെ അപകീർത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോടു കൂടി വസ്തുതാ വിരുദ്ധമായ പോസ്റ്റാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി ജില്ലാ പ്രസിഡണ്ട് കെകെ അനീഷ് കുമാർ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ജില്ലയിലെ നിലവിലെ ഔദ്യോഗിക വിഭാഗത്തിൻറെ വിരുദ്ധ ചേരിയിലാണ് മനോജ് ഭാസ്കർ. ഔദ്യോഗിക വിഭാഗത്തിൻറെ നിലപാടിനെതിരെ നേരത്തെയും പരസ്യമായി രൂക്ഷമായി പ്രതികരണങ്ങൾ നടത്തിയിരുന്നു. കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തിനെതിരെ അന്വേഷണം വേണമെന്നതടക്കം മനോജ് സമൂഹമാധ്യമത്തിൽ പരസ്യമായി പ്രതികരണം നടത്തിയിരുന്നു. ഇതേ തുടർന്ന് നേതാക്കൾ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. ജില്ലാ ജനറൽ സെക്രട്ടറിക്കെതിരെ മനോജ് പൊലീസിന് പരാതിയും നൽകിയിരുന്നു. കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ഒരു വിഭാഗം സംഘപരിവാർ സംഘടനാ പ്രവർത്തകരും ബിജെപിയിലെ ഒരു വിഭാഗവും ഔദ്യോഗിക വിഭാഗവുമായി അകൽച്ചയിലാണ്. വിവാദം ആർഎസ്എസിനെ പോലും അപമാനിതമാക്കിയെന്ന വിമർശനമാണ് ഇവർ ഉയർത്തുന്നത്.

നേരത്തെ വാടാനപ്പിള്ളിയിൽ പ്രവർത്തകർ തമ്മിൽ കത്തിക്കുത്തുണ്ടായതിന് പിന്നാലെ ഒബിസി മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് റിഷി പൽപ്പു സമൂഹമാധ്യമത്തിൽ ജില്ലാ നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണം നടത്തിയതിന് പുറത്താക്കിയിരുന്നു. ഫോണിലൂടെ വധഭീഷണി നടത്തിയെന്നാരോപിച്ച് റിഷി നൽകിയ പരാതിയിൽ ജില്ലാ ജനറൽ സെക്രട്ടറി കെആർ ഹരിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സമൂഹമാധ്യമത്തിൽ സ്പർധക്കും കലാപത്തിനും ശ്രമിച്ചുവെന്നും പാർട്ടിയെയും നേതാക്കളെയും അപമാനിക്കാൻ ശ്രമിച്ചുവെന്നും കാണിച്ച് ബിജെപി നൽകിയ പരാതിയിൽ റിഷി പൽപ്പുവിനെതിരെയും കേസെടുത്തിരുന്നു.

Next Story