ധര്മ്മരാജന് തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നില്ല, ഫോണില്‍ സംസാരിച്ചത് അക്കാര്യങ്ങളല്ല; കൊടകര കേസില്‍ ഗണേഷന്റെ വാദങ്ങള്‍ പൊളിയുന്നു
ധര്‍മ്മരാജനുമായി പണത്തിന്റെ കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്ന ഗണേഷന്റെ മൊഴിയും അന്വേഷണ സംഘം തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊളിച്ചു.
1 Jun 2021 1:56 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ ബിജെപി ഉന്നത നേതാവ് എം ഗണേഷന്റെ വാദങ്ങള്‍ പൊളിച്ച് അന്വേഷണ സംഘം. ധര്മ്മരാജന് തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നുവെന്നും സംഘടനാപരമായ കാര്യങ്ങള്‍ സംസാരിക്കാനാണ് ധര്‍മ്മരാജനെ ഫോണില്‍ ബന്ധപ്പെട്ടതെന്നുമുള്ള ഗണേഷന്റെ വാദങ്ങളെ തള്ളിയാണ് ഇപ്പോള്‍ പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ധര്മ്മരാജന് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യാതൊരു ചുമതലയും വഹിച്ചിട്ടില്ലെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ധര്‍മ്മരാജനെ ഏല്‍പ്പിച്ചിരുന്നുവെന്നായിരുന്നു ഗണേഷന്റെ മൊഴി. എന്നാല്‍ ഇത് വാസ്തവമല്ലെന്ന് അന്വേഷണം സംഘം കണ്ടെത്തി.
ധര്‍മ്മരാജനുമായി പണത്തിന്റെ കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്ന ഗണേഷന്റെ മൊഴിയും അന്വേഷണ സംഘം തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊളിച്ചു. തെരഞ്ഞെടുപ്പ് സാമഗ്രികളും കൊണ്ടല്ല ധര്‍മ്മ രാജന് തൃശ്ശൂര്‍ എത്തിയതെന്നും അന്വേഷണസംഘം കണ്ടെത്തി. പുതിയ കണ്ടെത്തലുകള്‍ കൂടി പുറത്തുവന്നതോടെ ബിജെപി നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലാകുകയാണ്.
കവര്‍ച്ച ചെയ്യപ്പെട്ട പണം ബിജെപിയുടേത് തന്നെയാണെന്ന് ധര്മരാജന് മൊഴി നല്‍കിയിട്ടുണ്ട്. രണ്ടുതവണ ചോദ്യം ചെയ്തപ്പോഴും ധര്മ്മരാജന് പോലീസിന് നല്‍കിയത് ഇതേ മൊഴി തന്നെയാണെന്നാണ് വിവരം. ഇതോടെ ബിജെപി സംസ്ഥാന നേതൃത്വവും പ്രതിരോധത്തിലാവും.
ധര്മ്മരാജന് തിരഞ്ഞെടുപ്പ് ചുമതലകള്‍ ഇല്ലായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. ധര്‍മ്മരാജനെ നിരന്തരം ഫോണില്‍ വിളിച്ചത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ മൊഴി. തിരഞ്ഞെടുപ്പ് സാമഗ്രികളുമായല്ല ധര്മരാജന് തൃശ്ശൂരില്‍ എത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. ഈ കണ്ടെത്തലോടെ സംസ്ഥാന നേതാക്കളുടെ ആ വാദവും പൊളിയുകയാണ്.
കുഴല്‍പ്പണം കടത്തിയ ധര്മ്മരാജന് മുറി ബുക്ക് ചെയ്തത് ബിജെപിയുടെ ജില്ലാ നേതാക്കളുടെ നിര്‍ദേശപ്രകാരമാണെന്ന് ബിജെപി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീശന് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
തൃശൂര്‍ പോലീസ് ക്ലബ്ബില്‍ രണ്ട് മണിക്കൂര്‍ നേരമാണ് പ്രത്യേക അന്വേഷണ സംഘം സതീശനെ ചോദ്യം ചെയ്തത്. ഏപ്രില്‍ 2 ന് തൃശൂര്‍ എം.ജി.റോഡിലെ നാഷ്ണല്‍ ടൂറിസ്റ്റ് ഹോമില്‍ രണ്ട് മുറികള്‍ ബുക്ക് ചെയ്തത് താനാണെന്ന് സതീശന് സമ്മതിച്ചു. ജില്ലാ നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് മുറിയെടുത്തത്. മുറികള്‍ ആര്‍ക്ക് വേണ്ടിയാണെന്ന് അറിയില്ലായിരുന്നു. നാല് മാസം മുന്‍പ് മാത്രമാണ് ഓഫീസ് സെക്രട്ടറിയായി ചുമതലയേറ്റത്. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയില്ല എന്നും സതീശന് അന്വേഷണ സംഘത്തോട് പറഞ്ഞു
കുഴല്‍ പണ കേസില്‍ ഉള്‍പ്പെട്ട ധര്മരാജന്, സുനില്‍ നായിക് എന്നിവരെ പരിചയമില്ല. ബി ജെ പിയുടെ സംസ്ഥാന നേതാക്കളുമായി അടുപ്പമില്ലെന്നും സതീശന് മൊഴി നല്കി. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇയാളെ വിട്ടയച്ചത്. അതിനിടെ കേസിലെ 12 പ്രതികളുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളില്‍ പോലീസ് പരിശോധന നടത്തി. കവര്‍ച്ച ചെയ്യപ്പെട്ട കൂടുതല്‍ പണം വീണ്ടെടുക്കുന്നതിനായിരുന്നു പരിശോധന. എന്നാല്‍ പണം കണ്ടെത്താനായില്ല. കേസില്‍ ഇതുവരെ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ പലയിടങ്ങളില്‍ നിന്നായി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ആകെ മൂന്നര കോടി രൂപ കവര്‍ച്ച ചെയ്യപ്പെട്ടുവെന്നാണ് പൊലീസ് കണ്ടെത്തല്‍.