
ഇനി മുതൽ മെട്രോ ട്രെയിൻ യാത്രികർക്ക് അവരുടെ സൈക്കിളുകൾ മെട്രോയ്ക്കുള്ളിൽ സൗജന്യമായി കൊണ്ടുപോകാമെന്ന അനുവാദം നൽകി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). കൊച്ചി നഗരത്തിൽ സൈക്കിൾ ഉപയോക്താക്കളുടെ എണ്ണം വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് കെഎംആർഎല്ലിന്റെ ഈ പുതിയ തീരുമാനം.
ചൊവ്വാഴ്ച മുതൽ ചങ്ങമ്പുഴ പാർക്ക്, പാലാരിവട്ടം, ടൗൺ ഹാൾ, എറണാകുളം സൗത്ത്, മഹാരാജാസ് കോളെജ്, എളംകുളം മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ ആറ് സ്റ്റേഷനുകളിൽ നിന്നും സൈക്കിൾ പ്രവേശനം അനുവദിക്കുമെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു. നിലവിൽ, സൈക്കിൾ ഉപയോഗിക്കാനുള്ള അനുവാദം ഈ ആറ് സ്റ്റേഷനുകളിലേക്ക് പരിമിതപ്പെടുത്തുകയാണെങ്കിലും, മെട്രോ യാത്രക്കാരുടെ എണ്ണവും താല്പര്യവും പരിഗണിച്ചു എല്ലാ സ്റ്റേഷനുകളിലേക്കും സേവനം വ്യാപിപ്പിച്ചേക്കും എന്നാണ് അധികൃതർ പറയുന്നത്.
ഇടമുറിയാത്ത ഗതാഗത സംവിധാനങ്ങളെയും, മോട്ടോർ ഇതര ഗതാഗത മാർഗ്ഗങ്ങളെയും, ആരോഗ്യകരമായ ജീവിതശൈലിയെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെട്രോയ്ക്കുള്ളിൽ സൈക്കിളുകൾ അനുവദിച്ചിരിക്കുന്നതെന്ന് കൊച്ചി മെട്രോ അഡീഷണൽ ചീഫ് സെക്രട്ടറി അൽകേഷ് കുമാർ ശർമ പറഞ്ഞു. ‘ശാരീരിക ക്ഷമതയുടെയും വ്യായാമത്തിന്റെയും പ്രാധാന്യം ജനങ്ങൾക്ക് അറിയാം. ഇത് ആളുകളെ അവരുടെ ദൈനംദിന യാത്രയ്ക്ക് സൈക്കിളുകൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കും’, അദ്ദേഹം പറഞ്ഞു.
സൈക്കിൾ യാത്രക്കാർക്ക് സ്റ്റേഷനുകളിലേക്ക് എത്താന് ലിഫ്റ്റുകൾ ഉപയോഗിക്കാം. ട്രെയിനുകളിൽ പ്രവേശിക്കാൻ ഉദ്യോഗസ്ഥർ സൗകര്യമൊരുക്കുന്നതായിരിക്കും. ട്രെയിനിന്റെ രണ്ട് അറ്റത്തും യാത്രക്കാർക്ക് തങ്ങളുടെ സൈക്കിൾ സൂക്ഷിക്കാൻ കഴിയും.
അതേസമയം, നിർദിഷ്ട പ്രദേശങ്ങളിലേക്ക് സുഗമമായി എത്തിച്ചേരുക എന്ന സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കളമശ്ശേരിയിൽ നിന്ന് കാക്കനാട് വരെ ഫീഡർ സേവനം ആരംഭിച്ചിരിക്കുകയാണ് കൊച്ചി മെട്രോ. കളക്ടറേറ്റ് സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ജനങ്ങൾക്ക് വളരെ സഹായകമായിരിക്കും മെട്രോയുടെ ഈ നടപടി.
കൂടാതെ രാവിലെ 9.30ക്ക് കളമശ്ശേരി മെട്രോ സ്റ്റേഷനിൽ നിന്നും വൈകുന്നേരം 5 മണിക്ക് കാക്കനാട് നിന്നും ഷട്ടിൽ സർവീസും ആരംഭിക്കും. വൈറ്റില മെട്രോ സ്റ്റേഷനിൽ ഓട്ടോറിക്ഷ സർവീസും കൊച്ചി മെട്രോ ആരംഭിച്ചിട്ടുണ്ട്.