കൊച്ചി ഫ്ളാറ്റ് പീഡനം; ‘ആദ്യഘട്ടത്തില്‍ പൊലീസിന് പിഴവ് പറ്റി’, ഗൗരവം മനസിലായത് ദൃശ്യങ്ങള്‍ കണ്ടപ്പോഴെന്ന് കമ്മീഷണര്‍; മാര്‍ട്ടിന്റെ സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണം
കൊച്ചിയില്‍ കണ്ണൂര്‍ സ്വദേശിനിയെ ഫ്ളാറ്റില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി മാര്ട്ടിന് ജോസഫിന്റെ സാമ്പത്തിക ഇടപെടലുകളിലും വരുമാന മാര്‍ഗ്ഗങ്ങളിലും കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ്. ഇന്നലെ തൃശ്ശൂരില്‍ നിന്നും പിടികൂടിയ മാര്ട്ടിന് ജോസഫിനെ കൊച്ചിയിലെത്തിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിന്റെ അന്വേഷണം കുടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കും. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരുള്‍പ്പെടെ അറസ്റ്റിലായ മൂന്നു സുഹൃത്തുകളുടെയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുമെന്നും സിറ്റി പൊലീസ് […]
10 Jun 2021 10:14 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചിയില്‍ കണ്ണൂര്‍ സ്വദേശിനിയെ ഫ്ളാറ്റില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി മാര്ട്ടിന് ജോസഫിന്റെ സാമ്പത്തിക ഇടപെടലുകളിലും വരുമാന മാര്‍ഗ്ഗങ്ങളിലും കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ്. ഇന്നലെ തൃശ്ശൂരില്‍ നിന്നും പിടികൂടിയ മാര്ട്ടിന് ജോസഫിനെ കൊച്ചിയിലെത്തിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിന്റെ അന്വേഷണം കുടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കും. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരുള്‍പ്പെടെ അറസ്റ്റിലായ മൂന്നു സുഹൃത്തുകളുടെയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കുന്നു. ജനങ്ങളുടെ സഹായത്തോടെയാണ് മാര്‍ട്ടിനെ പിടിക്കാന്‍ സാധിച്ചത് എന്നും കമ്മീഷണര്‍ വ്യക്തമാക്കി.
അതേസമയം, കേസിന്റ ആദ്യഘട്ടത്തില്‍ വിഷയം പരിശോധിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മാധ്യമ വാര്‍ത്തകളില്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് വിഷയത്തിന്റെ ഗുരുതരാവസ്ഥ ശ്രദ്ധയില്‍പ്പെട്ടത്. പരാതി നല്കിയപ്പോള് ഉടന്‍ കേസിന്റെ ഗുരുതരാവസ്ഥ കണ്ടെത്താന്‍ കഴിഞ്ഞില്ല. യുവതിക്ക് കാര്യമായ പരുക്കുകള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ട ഉടന്‍ നടപടി സ്വീകരിച്ചു. നിയമപരമായ എല്ലാ നടപടികളും നടത്തിയിരുന്നു. പാസ്പോര്‍ട്ട് തടയുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേസ് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാന്‍ വൈകിയതില്‍ കാരണം കണ്ടെത്തും. വീഴ്ച വന്നിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ വകുപ്പ് തല അന്വേഷണം ആരംഭിച്ചതായും കമ്മീഷണര്‍ വ്യക്തമാക്കുന്നു.
അറസ്റ്റിലായ മാര്ട്ടിന് ജോസഫ് ലഹരി മരുന്ന് കേസിലും പ്രതിയാണെന്ന് കമ്മീഷണര്‍ അറിയിച്ചു. മറ്റ് കേസുകള്‍ ഉണ്ടോ എന്ന് അന്വേഷിക്കും. ഇതിനെല്ലാം പുറമെ മാര്ട്ടിന് ജോസഫിനെതിരെ ശാരീരിക പീഡനത്തിന് ഒരു പരാതി കൂടി ലഭിച്ചിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ സി എച്ച് നാഗരാജു സ്ഥിരീകരിച്ചു. കാക്കനാട് ഫ്ളാറ്റില്‍ വച്ച് നിലവിലെ കേസിലെ പരാതിക്കാരിയായ യുവതിയുടെ സുഹൃത്തിനെ മാര്ട്ടിന് ആക്രമിക്കാന്‍ ശ്രമിച്ചെന്ന് പരാതി ഉയര്‍ന്നിരുന്നു.
അതിനിടെ, ഫ്ളാറ്റ് പീഡനക്കേസിന്റെ പശ്ചാത്തലത്തില്‍ സമാനമായ ഗാര്‍ഹിക പീഡന കേസുകള്‍ കണ്ടത്താന്‍ ശ്രമിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. കൂടുതല്‍ ഗാര്‍ഹിക പീഡന കേസുകള്‍ ഉണ്ട്. ഇവ കണ്ടെത്താന്‍ പ്രത്യേക അന്വേഷണം നടത്തുമെന്നും കമ്മീഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കി.