മാര്‍ട്ടിനെ പിടികൂടാന്‍ സഹായിച്ചത് നാട്ടുകാരുടെ ഇടപെടല്‍; വിശദീകരിച്ച് പൊലീസ്
കൊച്ചിയില്‍ കണ്ണൂര്‍ സ്വദേശിനിയെ ഫ്ളാറ്റില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച മാര്ട്ടിന് ജോസഫിനെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് നാട്ടുകാരുടെ ഇടപെടല്‍. യുവതിയെ പീഡിപ്പിച്ച കേസില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കൊച്ചി വിട്ട ഇയാള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞത് മൂന്ന് ദിവസത്തോളമാണ്. പിന്നീട് തൃശ്ശൂര്‍ മുണ്ടൂര്‍ ഭാഗത്ത് ഇയാളുടെ വീടിന് സമീപത്ത് കാടുപിടിച്ച് കിടക്കുന്ന പ്രദേശത്ത് തന്നെയാണ് മാര്‍ട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് പൊലീസ് നല്കുന്ന വിവരം. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ എട്ടാം തീയതി രാവിലെ നാലു മണിക്കാണ് […]
10 Jun 2021 7:37 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചിയില്‍ കണ്ണൂര്‍ സ്വദേശിനിയെ ഫ്ളാറ്റില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച മാര്ട്ടിന് ജോസഫിനെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് നാട്ടുകാരുടെ ഇടപെടല്‍. യുവതിയെ പീഡിപ്പിച്ച കേസില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കൊച്ചി വിട്ട ഇയാള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞത് മൂന്ന് ദിവസത്തോളമാണ്. പിന്നീട് തൃശ്ശൂര്‍ മുണ്ടൂര്‍ ഭാഗത്ത് ഇയാളുടെ വീടിന് സമീപത്ത് കാടുപിടിച്ച് കിടക്കുന്ന പ്രദേശത്ത് തന്നെയാണ് മാര്‍ട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് പൊലീസ് നല്കുന്ന വിവരം.
അന്വേഷണം ആരംഭിച്ചതിന് പിന്നാലെ എട്ടാം തീയതി രാവിലെ നാലു മണിക്കാണ് ഇയാള്‍ കാക്കനാട്ടെ ഫ്ളാറ്റില്‍നിന്ന് തൃശ്ശൂരിലേക്ക് പോയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നിരുന്നു. പിന്നാലെ ഇയാളുടെ മാര്‍ട്ടിന്റെ വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മാര്‍ട്ടിന്റെ ഒളിത്താവളം പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്. മാര്ട്ടിന് തൃശ്ശൂരില്‍ എത്തിയ ബിഎംഡബ്ല്യു കാറടക്കം നാല് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.
നാട്ടുകാരുടെ സഹായത്തോടെ പല സംഘങ്ങളായി തിരിഞ്ഞു നടത്തിയ തിരച്ചിലിലാണ് മാര്ട്ടിന് പിടിയിലാകുന്നത്. പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരടങ്ങുന്ന നൂറോളം പേര് തിരച്ചിലില്‍ പങ്കാളികളായി. പലതവണ ഒളിഞ്ഞു കളിച്ചും ഓടി മറഞ്ഞും ക്ഷീണിതനായ മാര്‍ട്ടിനെ പൊലീസ് പിടികൂടുകയായിരുന്നു. റോബിന് എന്ന സുഹൃത്തിന്റെ വീട്ടില്‍ കഴുിഞ്ഞിരുന്ന ഇയാള്‍ പൊലീസ് സാന്നിധ്യം തിരിച്ചറിഞ്ഞ് ഇറങ്ങി ഓടുകയായിരുന്നു. റോബിനും നിലവില്‍ കസ്റ്റഡിയിലുണ്ട്. നാട്ടുകാരുടെ സഹായം വലുതായിരുന്നെന്നും, അവര്‍ക്ക് നന്ദി അറിയിക്കുന്നതായും തൃശ്ശൂര്‍ എറണാകുളം പൊലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് പ്രതികരിച്ചു.
കണ്ണൂര്‍ സ്വദേശിനിയായ യുവതിക്കാണ് കൊച്ചിയിലെ ഫ്ളാറ്റില്‍ വച്ച് തൃശ്ശൂര്‍ സ്വദേശിയായ മാര്ട്ടിന് ജോസഫില്‍ നിന്നും ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്താണ് മാര്‍ട്ടിനൊപ്പം യുവതി ഫ്ളാറ്റില്‍ താമസിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ മാര്‍ട്ടിനില്‍ നിന്നും നിരന്തരമായ ഉപദ്രവവും ലൈംഗികാതിക്രമവുമാണ് നേരിട്ടതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നത്. ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുക, ബെല്‍റ്റ് കൊണ്ടടിക്കുക, മൂത്രം കുടിപ്പിക്കുക, കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, ശരീരത്തില്‍ ചൂടുവെള്ളം ഒഴിക്കുക, തുടങ്ങിയ പീഢനങ്ങള്‍ തനിക്ക് മാര്ട്ടിന് ജോസഫില്‍ നിന്നും ഏല്‍ക്കേണ്ടി വന്നതായി പരാതിയില്‍ പറയുന്നു. യുവതിയുടെ ശരീരത്തിലെ പരിക്കുകളുടെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.
ശാരീരിക ഉപദ്രവത്തിനു പുറമെ അഞ്ച് ലക്ഷം രൂപയും യുവതിയില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. ഷെയര്‍ മാര്‍ക്കറ്റിലിട്ട് ലാഭം കിട്ടിയ ശേഷം തിരികെ തരാമെന്ന് പറഞ്ഞാണ് പ്രതി പണം വാങ്ങിയത്. എന്നാല്‍ പണം ഇയാള്‍ തിരികെ നല്‍കിയില്ലെന്നും പരാതിയുണ്ട്.
ഇതിനിടെ, മാര്ട്ടിന് ജോസഫിനെതിരെ പുതിയ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു. പീഡനത്തിന് ഇരയായെന്ന് പരാതി നല്കിയ യുവതിയുടെ സുഹൃത്തായ മറ്റൊരു യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. കൊച്ചി കാക്കനാട്ടെ ഫ്ളാറ്റില്‍ വച്ചുണ്ടായ സംഭവമാണ് പരാതിക്ക് അടിസ്ഥാനം.