രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു; കസ്റ്റഡി ആറ് ദിവസത്തേക്ക്
കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസിലെ ചോദ്യം ചെയ്യലിനായി അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയ ഇയാളെ രാത്രി ഏഴരയോടെയാണ് ക്രൈംബ്രാഞ്ച് സംഘം നെടുബാശ്ശേരിയിലെത്തിച്ചത്. കനത്ത സുരക്ഷാ സംവിധാനത്തോടെയാണ് രവി പൂജാരിയെ ബംഗളൂരു വിമാനത്താവളത്തില്‍ എത്തിച്ചത്. രവി പൂജാരിയെ നെടുബാശേരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും. കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം വ്യാഴാഴ്ച്ച ചോദ്യം ചെയ്യല്‍ ആരംഭിക്കും. ജൂണ്‍ എട്ട് വരെയാണ് ഇയാളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കേസിലെ മൂന്നാം […]
2 Jun 2021 11:07 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസിലെ ചോദ്യം ചെയ്യലിനായി അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയ ഇയാളെ രാത്രി ഏഴരയോടെയാണ് ക്രൈംബ്രാഞ്ച് സംഘം നെടുബാശ്ശേരിയിലെത്തിച്ചത്. കനത്ത സുരക്ഷാ സംവിധാനത്തോടെയാണ് രവി പൂജാരിയെ ബംഗളൂരു വിമാനത്താവളത്തില്‍ എത്തിച്ചത്.
രവി പൂജാരിയെ നെടുബാശേരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും. കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം വ്യാഴാഴ്ച്ച ചോദ്യം ചെയ്യല്‍ ആരംഭിക്കും. ജൂണ്‍ എട്ട് വരെയാണ് ഇയാളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
കേസിലെ മൂന്നാം പ്രതിയാണ് ഇയാളെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ബംഗളൂരുവിലെത്തിച്ച് കോടതിയില്‍ ഹാജരാക്കണം എന്നാണ് നിര്‍ദ്ദേശം. എറണാകുളം അഡീഷണല്‍ സിജെഎം കോടതിയാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.
2018 ഡിസംബര്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. രവി പൂജാരിയുടെ സംഘമാണ് വെടിവെയ്പ്പിന് പിന്നിലെന്ന് ലീന പൊലീസിന് മൊഴി നല്‍കിയിരുന്നു. തന്നോട് 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നും പണം നല്‍കിയില്ലെങ്കില്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായുമായിരുന്നു ലീനയുടെ മൊഴി. പിന്നീട് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും രവി പൂജാരി ചെയ്തിരുന്നു.