Top

കൊടകര കുഴല്‍പ്പണക്കേസ്: അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച നിലപാടറിയിക്കാന്‍ ഇഡി സാവകാശം തേടി

കള്ളപ്പണമിടപാടുകള്‍ നടന്നെന്ന് ബോധ്യപ്പെട്ട കൊടകര കേസ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയില്‍ വരുമെന്നിരിക്കിലും എന്‍ഫോഴ്‌സ്‌മെന്റ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഹര്‍ജി.

4 Jun 2021 2:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊടകര കുഴല്‍പ്പണക്കേസ്: അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച നിലപാടറിയിക്കാന്‍ ഇഡി സാവകാശം തേടി
X

കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസ് അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച നിലപാടറിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയോട് സാവകാശം തേടി. ഒരാഴ്ച്ചത്തെ സാവകാശമാണ് ഇഡി കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലോകതാന്ത്രിക് യുവജനതാദള്‍ നേതാവ് സലീം മടവൂര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചശേഷം ഹൈക്കോടതി നിലപാടറിയിക്കാന്‍ ഇഡിയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇഡി സമയം ആവശ്യപ്പെട്ടിരിക്കുന്നത്.

ജസ്റ്റിസ് മേരി ജോസഫാണ് ഹര്‍ജി പരിഗണിച്ചത്. കള്ളപ്പണമിടപാടുകള്‍ നടന്നെന്ന് ബോധ്യപ്പെട്ട കൊടകര കേസ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയില്‍ വരുമെന്നിരിക്കിലും എന്‍ഫോഴ്‌സ്‌മെന്റ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഹര്‍ജി. നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിന്റെ ആവശ്യത്തിനായി കൊണ്ടുവന്ന പണമാണെന്നും ആരോപണമുയരുണ്ടെന്ന് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കള്ളപ്പണത്തിന്റെ സ്രോതസ് വ്യക്തമാക്കാന്‍ ഇഡിയുടെ അന്വേഷണം ആവശ്യമാണെന്നും അതിനാല്‍ത്തന്നെ അന്വേഷണം ആരംഭിക്കാന്‍ ഹൈക്കോടതി ഇഡിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ മുമ്പാകെ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ കൊടകരയില്‍ കാര്‍ അപകടം സൃഷ്ടിച്ച് കള്ളപ്പണം തട്ടിയെടുത്തുവെന്നാണ് കേസ്.

Next Story