Top

‘ബിജെപി വോട്ട് തരാമെന്ന് പറഞ്ഞിട്ടില്ല’; സുരേഷ് ഗോപിയെ തള്ളി കെഎന്‍എ ഖാദര്‍

ഗുരുവായൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് വിജയിക്കണമെന്ന സുരേഷ് ഗോപി എംപിയുടെ പ്രസ്താവയെ തള്ളി ലീഗ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍. സുരേഷ് ഗോപിയുടെ പ്രസ്താവന തീര്‍ത്തും വ്യക്തിപരമാണെന്നും ബിജെപി വോട്ട് തരാമെന്ന് അവരോ സ്വീകരിക്കുമെന്ന് ഞങ്ങളോ പറഞ്ഞിട്ടില്ലെന്ന് കെഎന്‍എ ഖാദര്‍ പ്രതികരിച്ചു. ഇത്തരം ആരോപണങ്ങളെല്ലാം സിപിഐഎം പ്രചരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിപിഐഎം നേതാക്കള്‍ വോട്ട് ആവശ്യപ്പെട്ട് ബിജെപി നേതാക്കളെ ബന്ധപ്പെട്ടിട്ടുണ്ട്. അതിന്റെ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞു. ‘ഗുരുവായൂര്‍ മണ്ഡലം 15 വര്‍ഷമായി ഇടത് മുന്നണിയുടെ […]

10 April 2021 2:30 AM GMT

‘ബിജെപി വോട്ട് തരാമെന്ന് പറഞ്ഞിട്ടില്ല’; സുരേഷ് ഗോപിയെ തള്ളി കെഎന്‍എ ഖാദര്‍
X

ഗുരുവായൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് വിജയിക്കണമെന്ന സുരേഷ് ഗോപി എംപിയുടെ പ്രസ്താവയെ തള്ളി ലീഗ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍. സുരേഷ് ഗോപിയുടെ പ്രസ്താവന തീര്‍ത്തും വ്യക്തിപരമാണെന്നും ബിജെപി വോട്ട് തരാമെന്ന് അവരോ സ്വീകരിക്കുമെന്ന് ഞങ്ങളോ പറഞ്ഞിട്ടില്ലെന്ന് കെഎന്‍എ ഖാദര്‍ പ്രതികരിച്ചു. ഇത്തരം ആരോപണങ്ങളെല്ലാം സിപിഐഎം പ്രചരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സിപിഐഎം നേതാക്കള്‍ വോട്ട് ആവശ്യപ്പെട്ട് ബിജെപി നേതാക്കളെ ബന്ധപ്പെട്ടിട്ടുണ്ട്. അതിന്റെ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞു.

‘ഗുരുവായൂര്‍ മണ്ഡലം 15 വര്‍ഷമായി ഇടത് മുന്നണിയുടെ കൈവശമായതിനാല്‍ വികസനത്തിന്റെ കാര്യത്തില്‍ മുരടിപ്പാണ്. അവരെ ജനങ്ങള്‍ക്ക് മടുപ്പാണ്. തുടര്‍ച്ചയായി മൂന്ന് തവണയും ഭരിച്ചയാളുടെ ഭാഗത്ത് നിന്നും ജനങ്ങളുടെ പ്രതീക്ഷക്ക് അനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല. സാമുദായികമായി ഹൈന്ദവ സഹോദരങ്ങളുടെ കൂടുതല്‍ വോട്ടുകള്‍ തനിക്ക് കൂടുതല്‍ ലഭിച്ചിട്ടുണ്ടാവും. അതിനെ ഏതെങ്കിലും പാര്‍ട്ടിയുടെ അടിസ്ഥാനത്തില്‍ കാണേണ്ടതില്ല. ദേവസ്വം ബില്ല് അടക്കമുള്ള കാര്യങ്ങളെ സംബന്ധിച്ച വേങ്ങരയിലെ ജനപ്രതിനിധിയായപ്പോള്‍ തന്നെ നിയമസഭയില്‍ ഉന്നയിച്ചിട്ടുണ്ട്. അവയെല്ലാം ജനങ്ങളുടെ മനസില്‍ പതിഞ്ഞിട്ടുണ്ടാവും.

ഭാരതീയ സംസ്‌കാരം, ദേവസ്വം, ക്ഷേത്ര ജീവനക്കാര്‍, അവിശ്വാസികളായ കമ്മ്യൂണിസ്റ്റുകാര്‍ ആരാധനാലയങ്ങള്‍ ഭരിക്കുന്നത് എന്നിവയെകുറിച്ചെല്ലാം മുമ്പും പറഞ്ഞിട്ടുണ്ട്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും അവരവരുടെ ആരാധനാലങ്ങള്‍ നിയന്ത്രിക്കുന്നത് പോലെ ക്ഷേത്ര ഭരണം ഹൈന്ദവരാണ് തീരുമാനിക്കേണ്ടത്. അതില്‍ യാതൊരു അവകാശവും സര്‍ക്കാരിന് ഇല്ലെന്നാണ് നേരത്തെ മുതലുള്ള തന്റെ നിലപാട്.’ കെഎന്‍എ ഖാദര്‍ കൂട്ടിചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത തലശേരിയിലും ഗുരുവായൂരിലും യുഡിഎഫിനെ വിജയിപ്പിക്കണമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. തലശേരിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ എംഎന്‍ ഷംസീര്‍ തോല്‍ക്കണമെന്നും ഗുരുവായൂരില്‍ മുസ്ലീംലീഗിന്റെ കെഎന്‍എ ഖാദര്‍ വിജയിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആദ്യം നോട്ടയ്ക്ക് വോട്ട് ചെയ്യണം, അല്ലെങ്കില്‍ സിപിഐഎമ്മിനെ തോല്‍പ്പിക്കണമെന്നാണ് സുരേഷ് പറഞ്ഞത്. നോട്ടയ്ക്കല്ല ചെയ്യേണ്ടതെന്നാണ് അഭിപ്രായമെങ്കില്‍ കൃത്യമായി പറയാം, ഗുരുവായൂരില്‍ ലീഗിന്റെ കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്നാണ് ആഗ്രഹം എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. തലശേരിയില്‍ ഷംസീര്‍ തോല്‍ക്കണമെന്നാണ് തന്റെ നിലപാടെന്നും സുരേഷ് ഗോപി പറഞ്ഞു.

Next Story