Top

സ്മാരകങ്ങള്‍ വേണോ പഠനോപകരണങ്ങള്‍ പോരെയെന്ന് പിസി വിഷ്ണുനാഥ്; കണക്കുകള്‍ കൂടി നോക്കിയിട്ട് പറയെന്ന് ധനമന്ത്രി; സഭ പ്രക്ഷുഭ്ദം

കൈയ്യടി കിട്ടുന്നതിനായി ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാം. എന്നാല്‍ കൈയ്യടി നേടുന്ന മറുപടി പറയാന്‍ യാഥാര്‍ഥ്യം അനുവദിക്കില്ലെന്നാണ് ബാലഗോപാല്‍ മറുപടി പറഞ്ഞത്.

8 Jun 2021 12:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്മാരകങ്ങള്‍ വേണോ പഠനോപകരണങ്ങള്‍ പോരെയെന്ന് പിസി വിഷ്ണുനാഥ്; കണക്കുകള്‍ കൂടി നോക്കിയിട്ട് പറയെന്ന് ധനമന്ത്രി; സഭ പ്രക്ഷുഭ്ദം
X

മുന്‍മന്ത്രിമാരായിരുന്ന കെആര്‍ ഗൗരിയമ്മയ്ക്കും ആര്‍ ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകങ്ങള്‍ പണിയുന്നത് ഒഴിവാക്കിക്കൂടേയെന്ന ചോദ്യവുമായി സഭയില്‍ കുണ്ടറ എംഎല്‍എ പിസി വിഷ്ണുനാഥ്. സ്മാരകങ്ങള്‍ പണിയാനായി മാറ്റിവെച്ചിരിക്കുന്ന തുക കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങുന്നതിനായി പ്രയോജനപ്പെടുത്തിക്കൂടേയെന്നായിരുന്നു പിസി വിഷ്ണുനാഥിന്റെ ചോദ്യം. കേന്ദ്രം സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചതോടെ 1000 കോടി മാറ്റി വെച്ചതും സംസ്ഥാനത്തിന്റെ പക്കലുണ്ടെന്നും പിസി വിഷ്ണുനാഥ് സഭയില്‍ ചൂണ്ടിക്കാട്ടി. ഗൗരിയമ്മയുടേയും ബാലകൃഷ്ണപിള്ളയുടേയും പേരുകളില്‍ത്തന്നെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കണം എന്നായിരുന്നു പിസി വിഷ്ണുനാഥ് മുന്നോട്ടുവെച്ച നിര്‍ദ്ദേശം.

എന്നാല്‍ കുണ്ടറയിലെ ജനപ്രതിനിധി മുന്നോട്ടുവച്ച നിര്‍ദ്ദേശം തീരെ പ്രായോഗികമല്ലെന്നാണ് കണക്കുകള്‍ നിരത്തി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ മറുപടി പറഞ്ഞത്. കൈയ്യടി കിട്ടുന്നതിനായി ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാം. എന്നാല്‍ കൈയ്യടി നേടുന്ന മറുപടി പറയാന്‍ യാഥാര്‍ഥ്യം അനുവദിക്കില്ലെന്നാണ് ബാലഗോപാല്‍ മറുപടി പറഞ്ഞത്. സ്‌കൂളുകളിലും കോളെജുകളിലും പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പുകളും സ്മാര്‍ട്ട് ഫോണുകളും വാങ്ങി നല്‍കാന്‍ ഇതില്‍ നിന്നും വളരെ ചെറിയ ഒരു ശതമാനം തുക വിനിയോഗിച്ചാല്‍ മതിയെന്നായിരുന്നു പിസി വിഷ്ണുനാഥ് പറഞ്ഞിരുന്നത്. ഇതിനെ ബാലഗോപാല്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും ഖണ്ഡിച്ചു.

പത്ത് ലക്ഷം ആളുകള്‍ എങ്കിലും ആവശ്യപ്പെട്ടാല്‍ ആ സ്‌കീമിന് പതിനായിരം കോടി രൂപ ചെലവ് വരുമെന്നാണ് ബാലഗോപാല്‍ പറഞ്ഞത്. ഏറ്റെടുക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ പ്രഖ്യാപിച്ച് മാതൃകയാകാന്‍ താനില്ലെന്നും എന്തെങ്കിലും പറയുന്നവര്‍ കണക്കുകള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്നും ബാലഗോപാല്‍ പറഞ്ഞു. പിസി വിഷ്ണുനാഥിന്റെ നിര്‍ദ്ദേശത്തെ ബാലഗോപാല്‍ തള്ളിയതോടെ സഭ ബഹളമയമായി. ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്റെ കയ്യില്‍ കണക്കുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് താന്‍ സംസാരിക്കുന്നതെന്നും ബാലഗോപാല്‍ വ്യക്തമാക്കി.

Next Story