
അഴീക്കോട് എംഎല്‍എ കെ എം ഷാജിയുടെ കോഴിക്കോട്ടെ വീട് 1.6 കോടി വിലമതിക്കുന്നതാണെന്ന് കോഴിക്കോട് നഗരസഭ. മുസ്ലീം ലീഗ് നേതാവിന്റെ മാലൂര്‍കുന്നിലെ വീടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നഗരസഭ ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറി. വീട് നിര്‍മ്മിച്ചത് സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ കേന്ദ്ര ഏജന്‍സി ആവശ്യപ്പെട്ടതിനേത്തുടര്ന്നാണിത്.
3,200 ചതുരശ്ര അടി വിസ്തൃതിയുള്ള വീടിനാണ് കെ എം ഷാജി അപേക്ഷിച്ചത്. നിര്‍മ്മിച്ചത് 5,450 ചതുരശ്ര അടിയുള്ള വീടാണ്.
നഗരസഭാ റിപ്പോര്‍ട്ട്
എംഎല്‍എയുടെ കോഴിക്കോട്ടെ വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണെന്നാണ് കോര്‍പറേഷന്റെ കണ്ടെത്തല്‍. വീടിന്റെ മൂന്നാം നില പൂര്‍ണമായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. നഗരസഭാ ടൗണ്‍ പ്ലാനിങ് വിഭാഗം ഉദ്യോഗസ്ഥന് എംഎം ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനാ റിപ്പോര്‍ട്ട് ഇ ഡിയ്ക്ക് കൈമാറിയത്. മുഴുവന്‍ രേഖകളും കേന്ദ്ര ഏജന്‍സിയ്ക്ക് നല്‍കിയെന്ന് എം എം ജയന് മാധ്യമങ്ങളോട് പ്രതികരിച്ചു.

അനധികൃതമായി സ്വത്ത് സമ്പാദിച്ച കെ എം ഷാജി എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് രംഗത്തെത്തിയിരുന്നു. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ ഇഞ്ചി നടല്‍ സമരം നടത്തിയത് വാര്‍ത്തയായിരുന്നു. ഇഞ്ചി കൃഷിയിലൂടെയാണ് താന്‍ കൂടുതല്‍ പണമുണ്ടാക്കിയതെന്ന് ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെയാണിത്.