Top

കെഎം ഷാജി എംഎല്‍എ കോഴ വാങ്ങിയെന്ന ആരോപണം; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി

ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനും ആയി കെഎം ഷാജി ഉള്‍പ്പെടെ 30ലധികം പേര്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്.

20 Oct 2020 2:06 AM GMT

കെഎം ഷാജി എംഎല്‍എ കോഴ വാങ്ങിയെന്ന ആരോപണം; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി
X

കെഎം ഷാജി എംഎല്‍എ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കോഴ വാങ്ങി എന്ന പരാതിയിലാണ് അന്വേഷണം. ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനും ആയി കെഎം ഷാജി ഉള്‍പ്പെടെ 30ലധികം പേര്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്.

കണ്ണൂര്‍ അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെഎം ഷാജിക്ക് 25ലക്ഷം രൂപ കൈമാറിയെന്ന പരാതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്. ഇഡിയുടെ കോഴിക്കോട് സബ് സോണല്‍ ഉദ്യേഗസ്ഥര്‍ക്കാണ് അന്വേഷണ ചുമതല. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്റെ പരാതിയില്‍ ആണ് അന്വേഷണം. പണം കൈമാറിയതായി പറയുന്നവരും ചര്‍ച്ചകളില്‍ പങ്കെടുത്തവരും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുന്നു.

ലീഗ് നേതൃത്വത്തിന്റെ അറിവോടെയെന്ന ആരോപണവും അന്വേഷിക്കും. ഇതിനായി നേതാക്കളുടെയും മൊഴിയെടുക്കുമെന്ന് സൂചനയുണ്ട്.പണത്തിന്റെ ഉറവിടം, കൈമാറിയ രീതി, ചെലവഴിച്ച വഴികള്‍ തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേകം പരിശോധിക്കും. പരാതിക്കാരുടെയും കെഎം ഷാജിയുടെയും ഇടപാടുകള്‍ സംബന്ധിച്ച വിവരം ഇഡി ശേഖരിച്ചു തുടങ്ങി. ഷാജി അടക്കം മുപ്പതോളം പേര്‍ക്ക് നോട്ടീസ് അയച്ചു. നോട്ടിസ് കൈപ്പറ്റിയവര്‍ അടുത്ത ദിവസം മുതല്‍ കോഴിക്കോട് സബ് സോണല്‍ ഓഫിസില്‍ ഹാജരാകണം. രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

ഇതേ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തലശ്ശേരി വിജിലന്‍സ് കോടതിയും പരിഗണിക്കുകയാണ്. ഇതിനിടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയത്. താന്‍ പണം വാങ്ങിയിട്ടില്ലെന്നും രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നും കെഎംഷാജി നേരത്തെ വ്യക്തമാക്കിയിരുന്നു.

Next Story