‘ജയ അമ്മയുടെ ചരമവാര്‍ഷികത്തില്‍ ചില സ്റ്റില്ലുകള്‍’; ‘തലൈവി’ ചിത്രങ്ങളുമായി കങ്കണ

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചരമവാര്‍ഷികത്തില്‍ പുതിയ ചിത്രമായ തലൈവിയുടെ സ്റ്റില്ലുകള്‍ ട്വിറ്ററില്‍ പങ്കുവെച്ച് കങ്കണ റണാവത്ത്. ചിത്രത്തിന്റെ സംവിധായകന്‍ എ എല്‍ വിജയ്ക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് കങ്കണയുടെ ട്വിറ്റ്.

മൂന്ന് ചിത്രങ്ങളാണ് കങ്കണ പങ്കുവെച്ചിട്ടുളളത്. ചിത്രങ്ങളിലൊന്നിൽ കങ്കണ വെളുത്ത നിറമുള്ള കോട്ടണ്‍ സാരി ധരിച്ച് നടക്കുന്നു. മറ്റൊരു ചിത്രത്തിൽ അവര്‍ ഒരു മുറിയില്‍ ചര്‍ച്ചയുടെ മധ്യത്തില്‍ നില്‍ക്കുന്നത് കാണിക്കുന്നു. മൂന്നാമത്തെ ചിത്രത്തില്‍ കങ്കണ ചെറിയ പെണ്‍കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പുന്നതായും കാണാം.

‘ജയ അമ്മയുടെ ചരമവാര്‍ഷിക ദിനത്തില്‍, ഞങ്ങളുടെ തലൈവി എന്ന സിനിമയില്‍ നിന്ന് ചില സ്റ്റിലുകള്‍ പങ്കിടുന്നു. സിനിമ പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിക്കുന്ന എന്റെ ടീമിന്, പ്രത്യേകിച്ച് ടീമിന്റെ നേതാവ് വിജയ് സാറിന് എല്ലാ നന്ദി, ചിത്രീകരണം പൂര്‍ത്തിയാകാന്‍ ഇനി ഒരാഴ്ച കൂടി’; കങ്കണ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.

ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്. ചിത്രത്തില്‍ എംജിആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമിയാണ്. ഭാഗ്യശ്രീയും തലൈവിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

2020 ജൂണ്‍ 26 ന് ചിത്രം റിലീസ് ചെയ്യേണ്ടതായിരുന്നുവെങ്കിലും കൊവിഡ് മൂലം റിലീസ് മാറ്റിവച്ചു. തലൈവി അടുത്ത വര്‍ഷം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ റിലീസ് ചെയ്യും. വിഷ്ണു ഇന്ദൂരി, ഷൈലേഷ് ആര്‍ സിംഗ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

Latest News