‘സന്നദ്ധ പ്രവർത്തനത്തിന് ആളുകൾ മുന്നോട്ടു വരാത്ത സാഹചര്യം’; ആരോഗ്യപ്രവർത്തകരെ താൽക്കാലികമായി നിയമിക്കുമെന്ന് ആരോഗ്യമന്ത്രി
‘കൂടുതൽ ആരോഗ്യപ്രവർത്തകരെ താൽക്കാലികമായി നിയമിക്കാനുള്ള അനുമതി ധനവകുപ്പ് നൽകിയിട്ടുണ്ട്. എന്നാൽ സന്നദ്ധ പ്രവർത്തനത്തിന് ആളുകൾ മുന്നോട്ടു വരാതിരിക്കുന്ന സാഹചര്യം ഇപ്പോൾ ഉണ്ട്,’

‘കൂടുതൽ ആരോഗ്യപ്രവർത്തകരെ താൽക്കാലികമായി നിയമിക്കാനുള്ള അനുമതി ധനവകുപ്പ് നൽകിയിട്ടുണ്ട്. എന്നാൽ സന്നദ്ധ പ്രവർത്തനത്തിന് ആളുകൾ മുന്നോട്ടു വരാതിരിക്കുന്ന സാഹചര്യം ഇപ്പോൾ ഉണ്ട്,’ ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. കോഴിക്കോട് കൊവിഡ് അവലോകനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ആരോഗ്യമന്ത്രി കെകെ ശൈലജ.
ലോകം മൊത്തമായും മഹാമാരിയെ പ്രതിരോധിക്കാൻ ബുദ്ധിമുട്ടുമ്പോൾ ചെറിയ കാര്യങ്ങൾ ഉയർത്തി ആരോഗ്യ പ്രവർത്തകരെ രാഷ്ട്രീയപരമായി ഉപയോഗിക്കുന്നത് ആത്മഹത്യാപരം എന്നാണ് ആരോഗ്യമന്ത്രി വിശേഷിപ്പിച്ചത്. മുതലെടുപ്പുകാരോട് ജനങ്ങൾ മറുപടി പറയുമെന്നും മന്ത്രി പ്രതികരിച്ചു.
കേരളത്തിൽ ഓക്സിജൻ സപ്ലൈ ഇല്ലെന്നു പറയുന്നത് അടിസ്ഥാനരഹിതമാണ്. ഓക്സിജൻ ലഭ്യതയും വെന്റിലേറ്റർ സൗകര്യവും ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്, മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കൊവിഡ് ഭേദമായവരിലെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ജില്ലകളിലും പോസ്റ്റ് കൊവിഡ് കേന്ദ്രങ്ങൾ തുറക്കുമെന്നും ഇതിൽ ആയുഷ് വകുപ്പിനെ കൂടി പങ്കാളികൾ ആക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കൂടാതെ കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും, അതിർത്തികളിൽ പരിശോധന ശക്തമാക്കും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വൈറസിന്റെ ജനിതകഘടനയിൽ മാറ്റം വന്നിട്ടുണ്ടെന്നും ഇതിൽ കൂടുതൽ പഠനങ്ങൾക്കായി ഐ.സി.എം.ആറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.