Top

‘വാക്‌സിന്‍ എടുക്കേണ്ടത് രണ്ടു തവണ’; എങ്കില്‍ മാത്രം ഫലമെന്ന് മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: നിശ്ചിത ഇടവേളകളില്‍ രണ്ടുതവണ കൊവിഡ് വാക്സിന്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുത്തിരിക്കണം. നാലു മുതല്‍ ആറു ആഴ്ചകള്‍ക്കുള്ളിലാണ് രണ്ടാമത്തെ വാക്സിന്‍ എടുത്തിരിക്കേണ്ടത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ ഉണ്ടാകുന്ന ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യണം. ആ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ കൂടിയാണ് രണ്ടാമത്തെ വാക്സിന്‍ എടുക്കുന്നതിനുള്ള സമയം നീട്ടിയതെന്ന് മന്ത്രി അറിയിച്ചു. വാക്സിനെ പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുതെന്നും ഭയപ്പെടേണ്ട […]

14 Jan 2021 5:30 AM GMT

‘വാക്‌സിന്‍ എടുക്കേണ്ടത് രണ്ടു തവണ’; എങ്കില്‍ മാത്രം ഫലമെന്ന് മന്ത്രി കെകെ ശൈലജ
X

തിരുവനന്തപുരം: നിശ്ചിത ഇടവേളകളില്‍ രണ്ടുതവണ കൊവിഡ് വാക്സിന്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുത്തിരിക്കണം. നാലു മുതല്‍ ആറു ആഴ്ചകള്‍ക്കുള്ളിലാണ് രണ്ടാമത്തെ വാക്സിന്‍ എടുത്തിരിക്കേണ്ടത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ ഉണ്ടാകുന്ന ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യണം. ആ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ കൂടിയാണ് രണ്ടാമത്തെ വാക്സിന്‍ എടുക്കുന്നതിനുള്ള സമയം നീട്ടിയതെന്ന് മന്ത്രി അറിയിച്ചു. വാക്സിനെ പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുതെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും വാക്സിന്‍ എടുക്കാം സുരക്ഷിതരാകാം ശില്‍പശാല ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.

”ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. അവര്‍ക്ക് വാക്സിനേഷനില്‍ പങ്കെടുക്കാന്‍ കൃത്യമായ സന്ദേശം ലഭിക്കും. രണ്ടാംഘട്ടത്തില്‍ മുന്‍നിര പ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. പരമാവധി ആളുകള്‍ക്ക് വാക്സിന്‍ നല്‍കണമെന്നാണ് ആഗ്രഹം. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകള്‍ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുകയും വേണം. എല്ലാവരും വാക്സിനെടുത്ത് കൊവിഡിനെ തുരത്തിയാല്‍ മാത്രമേ നമുക്ക് സ്വതന്ത്രരായി ജീവിക്കാന്‍ സാധിക്കൂ. ഒരു വര്‍ഷമായി കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് കേരളം. കേരളത്തിന്റെ മികച്ച പ്രതിരോധം കാരണം വൈറസിന്റെ വ്യാപനവും മരണ നിരക്കും കുറയ്ക്കാന്‍ സാധിച്ചു. കൊവിഡ് പ്രതിരോധത്തില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വലിയ പ്രവര്‍ത്തനമാണ് നടക്കുന്നത്. ജില്ലകളില്‍ അതത് മന്ത്രിമാര്‍ക്കായിരിക്കും വാക്സിനേഷന്റെ ചുമതല.” വാക്സിന്‍ വിജയകരമായി നടപ്പിലാക്കാന്‍ എല്ലാവരുടേയും പിന്തുണ തേടുന്നതായും മന്ത്രി ശൈലജ പറഞ്ഞു.

സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് ഇന്നലെ എത്തിയത്. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്സിനുകള്‍ വിമാനമാര്‍ഗമാണ് കൊച്ചി എയര്‍പോര്‍ട്ടിലും തിരുവനന്തപുരം എയര്‍പോര്‍ട്ടിലും എത്തിച്ചത്. കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് വാക്സിനുകള്‍ എറണാകുളം റീജിയണല്‍ വാക്സിന്‍ സ്റ്റോറിലും 1,19,500 ഡോസ് വാക്സിനുകള്‍ കോഴിക്കോട് റീജിയണല്‍ വാക്സിന്‍ സ്റ്റോറിലും തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് വാക്സിനുകള്‍ തിരുവനന്തപുരത്തെ റീജിയണല്‍ വാക്സിന്‍ സ്റ്റോറിലും എത്തിച്ചിട്ടുണ്ട്. കോഴിക്കോട് വന്ന വാക്സിനില്‍ നിന്നും 1,100 ഡോസ് വാക്സിനുകള്‍ മാഹിക്കുള്ളത്.

റീജിയണല്‍ സംഭരണ കേന്ദ്രങ്ങളില്‍ വാക്സിന്‍ എത്തിയ ഉടന്‍ തന്നെ നടപടിക്രമങ്ങള്‍ പാലിച്ച് ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. റീജിയണല്‍ വാക്സിന്‍ സ്റ്റോറില്‍ സ്റ്റോറില്‍ നിന്നും അതത് ജില്ലാ വാക്സിന്‍ സ്റ്റോറുകളിലാണ് എത്തിക്കുന്നത്. അവിടെ നിന്നാണ് ബന്ധപ്പെട്ട വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ആവശ്യാനുസരണം വാക്സിന്‍ എത്തിക്കുന്നത്. തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര്‍ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര്‍ 32,650, കാസര്‍ഗോഡ് 6,860 എന്നിങ്ങനെ ഡോസ് വാക്സിനുകളാണ് ജില്ലകളില്‍ വിതരണം ചെയ്യുന്നത്.

സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്സിനേഷന്‍ നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കി വരുന്നത്. കോവിഡ് വാക്സിനേഷനായി ഇതുവരെ 3,68,866 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,73,253 പേരും സ്വകാര്യ മേഖലയിലെ 1,95,613 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Next Story