Top

‘മന്ത്രിമാരാരും തുടരുന്നില്ല, പ്രതിരോധപ്രവര്‍ത്തനം ടീം വര്‍ക്ക്; സോഷ്യല്‍മീഡിയ പ്രതികരണത്തില്‍ കാര്യമില്ല’; ശൈലജ ടീച്ചറുടെ പ്രതികരണം

രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതികരണമായി കെകെ ശൈലജ ടീച്ചര്‍. താന്‍ മാത്രമല്ല, കഴിഞ്ഞപ്രാവശ്യമുള്ള മന്ത്രിമാരാരും ഇത്തവണ തുടരുന്നില്ലെന്ന് ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശൈലജ ടീച്ചര്‍ ഒറ്റയ്ക്ക് നടത്തിയതല്ല. അത് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ടീം വര്‍ക്കാണ്. ഏത് പ്രശ്‌നമായാലും സോഷ്യല്‍മീഡിയയില്‍ അഭിപ്രായപ്രകടനങ്ങളുണ്ടാകും. ഇങ്ങനെയൊരു അഭിപ്രായപ്രകടനത്തിന്റെ കാര്യമില്ലെന്നാണ് താന്‍ കരുതുന്നതെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. ശൈലജ ടീച്ചറുടെ പ്രതികരണം: ”ഞാന്‍ മാത്രമല്ല. കഴിഞ്ഞപ്രാവശ്യമുള്ള മന്ത്രിമാരാരും തുടരുന്നില്ല. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശൈലജ ടീച്ചര്‍ ഒറ്റയ്ക്ക് നടത്തിയതല്ല. […]

18 May 2021 5:04 AM GMT

‘മന്ത്രിമാരാരും തുടരുന്നില്ല, പ്രതിരോധപ്രവര്‍ത്തനം ടീം വര്‍ക്ക്; സോഷ്യല്‍മീഡിയ പ്രതികരണത്തില്‍ കാര്യമില്ല’; ശൈലജ ടീച്ചറുടെ പ്രതികരണം
X

രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതികരണമായി കെകെ ശൈലജ ടീച്ചര്‍. താന്‍ മാത്രമല്ല, കഴിഞ്ഞപ്രാവശ്യമുള്ള മന്ത്രിമാരാരും ഇത്തവണ തുടരുന്നില്ലെന്ന് ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശൈലജ ടീച്ചര്‍ ഒറ്റയ്ക്ക് നടത്തിയതല്ല. അത് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ടീം വര്‍ക്കാണ്. ഏത് പ്രശ്‌നമായാലും സോഷ്യല്‍മീഡിയയില്‍ അഭിപ്രായപ്രകടനങ്ങളുണ്ടാകും. ഇങ്ങനെയൊരു അഭിപ്രായപ്രകടനത്തിന്റെ കാര്യമില്ലെന്നാണ് താന്‍ കരുതുന്നതെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

ശൈലജ ടീച്ചറുടെ പ്രതികരണം: ”ഞാന്‍ മാത്രമല്ല. കഴിഞ്ഞപ്രാവശ്യമുള്ള മന്ത്രിമാരാരും തുടരുന്നില്ല. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശൈലജ ടീച്ചര്‍ ഒറ്റയ്ക്ക് നടത്തിയതല്ല. അത് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ടീം വര്‍ക്കാണ്. ഒരുപാട് ഉദ്യോഗസ്ഥന്‍മാര്‍, നാട്ടുകാര്‍, എല്ലാവരും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനമാണ്. മന്ത്രിസഭയിലെ എല്ലാവരും മികച്ച പ്രകടനമാണ് നടത്തിയത്. പാര്‍ട്ടിയെന്നെ മന്ത്രിയായി തീരുമാനിച്ചു. ഞാന്‍ നന്നായി പ്രവര്‍ത്തിച്ചു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ ആരോഗ്യമന്ത്രി ഒറ്റയ്ക്കല്ല നയിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ മന്ത്രിമാരും വകുപ്പുകളും ചേര്‍ന്നാണ് നയിച്ചത്. ആരോഗ്യമന്ത്രിയെന്ന നിലയില്‍ എന്റെ പങ്ക് ഞാന്‍ നിര്‍വഹിച്ചിട്ടുണ്ട്.”

”ഏത് പ്രശ്‌നമായാലും സോഷ്യല്‍മീഡിയയില്‍ അഭിപ്രായപ്രകടനങ്ങളുണ്ടാകും. ഇങ്ങനെയൊരു അഭിപ്രായപ്രകടനത്തിന്റെ കാര്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്. പുതിയ തലമുറയ്ക്ക് അവസരം കിട്ടുമ്പോള്‍ അവര്‍ നന്നായി പ്രവര്‍ത്തിക്കും. ജനങ്ങള്‍ക്ക് എന്നോട് സ്‌നേഹമുണ്ടെന്ന കാര്യം വലിയ സന്തോഷമുണ്ടാക്കുന്നു. എന്നോട്് മാത്രമല്ല, മന്ത്രിസഭയിലെ എല്ലാവരോടും ജനങ്ങള്‍ക്ക് സ്‌നേഹമുണ്ട്. അതുകൊണ്ട് ആണല്ലോ ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത്. ആ സ്‌നേഹത്തിന്റെ എന്റെ നന്ദി.”

ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കരുതെന്ന് സിപിഐഎം സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടത് ഏഴ് പേരായിരുന്നു. എംവി ജയരാജന്‍, അനന്തഗോപന്‍, സൂസന്‍ കോടി, സതീദേവി, സുജാത, പി രാജേന്ദ്രന്‍, കെ രാജഗോപാല്‍ എന്നിവരാണ് ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരാള്‍ക്ക് മാത്രമായി ഇളവ് നല്‍കാന്‍ സാധിക്കില്ലെന്ന നിലപാട് കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിക്കുകയായിരുന്നു. മുഖ്യമന്ത്രി ഒഴികെ ഒരുവട്ടം മന്ത്രിയായ ആര്‍ക്കും ഇളവ് നല്‍കേണ്ടതില്ലെന്നാണ് യോഗം തീരുമാനിച്ചത്.

ആരോഗ്യ രംഗത്തെ പ്രവര്‍ത്തനത്തിന് അന്തര്‍ദേശീയ തലത്തില്‍ പോലും ശ്രദ്ധ നേടിയ പ്രവര്‍ത്തനമായിരുന്നു കെകെ ശൈലജയുടേത്. 60963 ന്റെ ചരിത്ര ഭൂരിപക്ഷവുമായാണ് മട്ടന്നൂരില്‍ നിന്നും ഇത്തവണ കെക ശൈലജ വിജയിച്ചത്. അതിനാല്‍ മന്ത്രിസ്ഥാനത്തേക്ക് ശൈലജയെ പരിഗണിക്കാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സിനിമാതാരങ്ങളും മറ്റ് രാഷ്ട്രീയപ്രമുഖരും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ ആര്‍ക്കും അതൃപ്തിയില്ലെന്ന് വ്യക്തമാക്കി എംവി ഗോവിന്ദന്‍ മാഷും രംഗത്തെത്തി. അതൃപ്തിയുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്നും ഒരു ടേം മന്ത്രിസ്ഥാനം, രണ്ടു തവണ എംഎല്‍എ സ്ഥാനം എന്നിങ്ങനെയാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളതെന്നും ഗോവിന്ദന്‍ മാഷ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

ഗോവിന്ദന്‍ മാഷ് പറഞ്ഞത്: മികച്ച പ്രകടനം തന്നെയാണ് കഴിഞ്ഞമന്ത്രിസഭയിലെ എല്ലാവരും കാഴ്ച വച്ചത്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ ശൈലജ ടീച്ചര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ ആര്‍ക്കും അതൃപ്തിയില്ല. എല്ലാം വെറുതെ പറയുന്നതാണ്. ഒരു ടേം മന്ത്രിസ്ഥാനം രണ്ടു തവണ എംഎല്‍എ സ്ഥാനം അങ്ങനെയാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്. പാര്‍ട്ടിയില്‍ പുതിയ പുതിയ ആളുകള്‍ വരട്ടെ. സംഘടനാ നേതൃത്വത്തിലേക്കും പുതിയ ആളുകള്‍ വരട്ടെ. പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ നില്‍ക്കുന്നവര്‍ സംഘടാനപ്രവര്‍ത്തനത്തിലേക്കും സംഘടനാരംഗത്തില്‍ നിന്നുള്ളവര്‍ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലേക്കും മാറും. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും മാറി പുതിയ കേഡര്‍മാര്‍ക്ക് നല്ലരീതിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കി പാര്‍ട്ടി മുന്നോട്ടു പോകുകയാണ്. രണ്ടാം പിണറായി സര്‍ക്കാരിലെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ വച്ച് ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദന്‍ മാഷ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി.പി.ഐഎം സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിച്ചത്. മന്ത്രിമാരായി എം.വി ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍, പി.രാജീവ്, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആര്‍.ബിന്ദു, വീണാ ജോര്‍ജ്, വി.അബ്ദുള്‍ റഹ്മാന്‍ എന്നിവരെ നിശ്ചയിച്ചു. സ്പീക്കറായി എം.ബി രാജേഷിനേയും തെരഞ്ഞെടുത്തു. പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചു. യോഗത്തില്‍ എളമരം കരീം അധ്യക്ഷത വഹിച്ചു. പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ ബേബി എന്നിവര്‍ പങ്കെടുത്തു.

Next Story