‘തെറ്റിദ്ധരിപ്പിക്കുന്ന കുറേ പ്രചരണങ്ങള്‍ വന്നു, അത് പൊളിറ്റിക്കലാണ്’; വാളയാറിലേയും പാലത്തായിയിലേയും ഇടപെടല്‍ വിശദീകരിച്ച് കെകെ ശൈലജ
ലൈംഗിക ചൂഷണത്തെക്കുറിച്ച് അതിന് ഇരയായവര്‍ തുറന്ന് പറയുമ്പോള്‍ കേസുകളുടെ എണ്ണം വര്‍ധിക്കുമെന്നും പലരും തുറന്ന് പറയാന്‍ തയ്യാറാകുന്നത് ശരിയായ കാര്യമാണെന്നും കെകെ ശൈലജ കൂട്ടിച്ചേര്‍ത്തു
8 July 2021 11:24 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വാളയാര്‍, പാലത്തായി കേസുകളുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ രാഷ്ട്രീയ അജണ്ടയുടെ ഭാഗമെന്ന് സൂചിപ്പിച്ച് മുന്‍മന്ത്രി കെകെ ശൈലജ. ഈ കേസുകളില്‍ സര്‍ക്കാര്‍ വേണ്ടവിധത്തില്‍ ഇടപെട്ടില്ലെന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന കുറേ പ്രചരണങ്ങളുണ്ടായെന്ന് ശൈലജ പറഞ്ഞു. വാളയാറില്‍ ആദ്യത്തെ പെണ്‍കുട്ടി മരിച്ചപ്പോള്‍ വേണ്ടരീതിയില്‍ ശ്രദ്ധിച്ചില്ലാത്തതിനാലാണ് രണ്ടാമത്തെ കുട്ടിയുടെ മരണമുണ്ടാകുന്നത്. വിഷയം അറിഞ്ഞുടന്‍ തന്നെ മൂന്നാമത്തെ കുട്ടിയെ ചൂഷണത്തില്‍ നിന്നും രക്ഷിക്കുന്നതിന് സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തിയെന്ന് കെകെ ശൈലജ പറഞ്ഞു. പാലത്തായിയിലെ കുട്ടിയുടെ വീട് താനടക്കമുള്ളവര്‍ നേരിട്ട് സന്ദര്‍ശിച്ചെന്ന് പറഞ്ഞ ശൈലജ വിഷയത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സാമൂഹ്യനീതി വകുപ്പ് മന്ത്രി എന്ന നിലയില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നതായും വ്യക്തമാക്കി. ലൈംഗിക ചൂഷണത്തെക്കുറിച്ച് അതിന് ഇരയായവര്‍ തുറന്ന് പറയുമ്പോള്‍ കേസുകളുടെ എണ്ണം വര്‍ധിക്കുമെന്നും പലരും തുറന്ന് പറയാന്‍ തയ്യാറാകുന്നത് ശരിയായ കാര്യമാണെന്നും കെകെ ശൈലജ കൂട്ടിച്ചേര്‍ത്തു. ട്വന്റി ഫോര്‍ ന്യൂസിന്റെ ചര്‍ച്ചാ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു മുന്‍മന്ത്രിയുടെ പ്രതികരണം.
കെകെ ശൈലജയുടെ വാക്കുകള്‍:
കേരളം സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ രണ്ടാമതെത്തിയെന്ന് പറയുന്നത് സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകളുടെ ഫലമായിട്ട് തന്നെയാണ്. കേസുകള്‍ ഫലപ്രദമായി റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. പല ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വലിയ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ട്. ഇവിടെ ആളുകളും സംവിധാനങ്ങളും കുറേക്കൂടി വിജിലന്റാണ്. എന്നാല്‍ കേസിന്റെ തുടര്‍നടപടികള്‍ അത്രത്തോളം ഫലപ്രദമാകുന്നുവെന്ന് പറയാനാകില്ല. നിയമത്തിലെ ലൂപ്ഹോളുകള്‍ ഉള്‍പ്പെടെ വിലങ്ങുതടിയാകുന്നുണ്ട്. കുറേ കേസുകള്‍ കോടതിയില്‍ കെട്ടിക്കിടക്കുന്നു.
വാളയാറിലെ രണ്ടാമത്തെ പെണ്‍കുട്ടി സമാനസാഹചര്യത്തില്‍ മരിച്ചപ്പോഴാണ് ആദ്യ മരണവും സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. മൂന്നാമത്തെ കുട്ടിയെ സംരക്ഷിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസറെ ദിവസങ്ങള്‍ക്കുള്ളില്‍ അവിടെ പറഞ്ഞയച്ചിരുന്നു. പാലത്തായിയിലെ കുട്ടിയുടെ സംഭവം അറിഞ്ഞയുടന്‍ എത്രയും പെട്ടെന്ന് ഫലപ്രദമായി അന്വേഷിക്കാന്‍ ഞാന്‍ ഡിവൈഎസ്പിക്ക് അപ്പോള്‍ തന്നെ നിര്‍ദ്ദേശം നല്കി. അത് പെണ്‍കുട്ടിയുടെ കുടുംബത്തിനും അറിയുന്ന കാര്യമാണ്. കുട്ടിയുടെ മൊഴി കണക്കാക്കേണ്ടതില്ല. കുട്ടി എന്നെ ഒരു വട്ടം പീഢിപ്പിച്ചു എന്ന് പറഞ്ഞാല്‍ പീഢിപ്പിച്ചതാണ്. കേസ് മുന്നോട്ടുകൊണ്ടുപോകണമെന്ന് ഞാന്‍ പൊലീസ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ബാക്കിയെല്ലാം കോടതിയില്‍ തെളിയേണ്ടതാണ്. ലോക്കല്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് തോന്നിയപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. കൂടുതല്‍ പോക്സോ കോടതികള്‍ ആരംഭിക്കാന്‍ സുപ്രിംകോടതി പറഞ്ഞയുടന്‍ തന്നെ ആ കോടതികളെല്ലാം ആരംഭിക്കാന്‍ വളരെ പെട്ടെന്ന് തീരുമാനമെടുത്ത സംസ്ഥാനമാണ് കേരളം.