
തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ വാക്സിനേഷന് കേന്ദ്രത്തില്‍ വന്‍ ജനതിരക്കുണ്ടായ സംഭവത്തില്‍ അടിയന്തരമായി ഇടപെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ. തിരക്കുമൂലം ആളുകള്‍ കുഴഞ്ഞുവീഴുന്ന സാഹചര്യത്തില്‍ അടിയന്തമായി ഇടപെടല്‍ നടത്താന്‍ മന്ത്രി ഡിഎംഒയ്ക്ക് നിര്‍ദ്ദേശം നല്കി. ജനങ്ങള്‍ സമയ ക്രമം പാലിച്ചു വരണമെന്നും ആരോഗ്യ മന്ത്രി നിര്‍ദ്ദേശിച്ചു.
ജനങ്ങള്‍ സമയക്രമം പാലിക്കാതെ കൂട്ടമായി എത്തുന്നതാണ് ഇത്തരമൊരു സ്ഥിതിക്ക് കാരണമെന്ന് ഡിഎംഒ പ്രതികരിച്ചിരുന്നു. നാളെ മുതൽ വാക്സിൻ കേന്ദ്രത്തിൽ പൊലീസിന്റെ നേതൃത്വത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ഡി സി പി വൈഭവ് സക്സേന അറിയിച്ചു.
മണികൂറുകൾ ക്യൂ നിന്നതോടെ നാല് പേർ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കളക്ടറും പൊലീസും മരണത്തിന്റെ വ്യാപാരികളാവുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന് വിമര്‍ശിച്ചിരുന്നു.
‘വളരെ വേദനയോടെയാണ് ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിന്റെ വാര്‍ത്ത കണ്ടത്. മുഖ്യമന്ത്രിയുടേയും ആരോഗ്യ മന്ത്രിയുടേയും വീട്ടില്‍ നിന്നും അഞ്ച് മിനിറ്റ് പോലും വേണ്ട അവിടുത്തേക്ക്. പൊലീസ് ഹെഡ് ക്വട്ടേഴ്സിന്റെ തൊട്ട് മുന്നില്‍. ഇവിടെ ഒരു ജില്ലാ കളക്ടര്‍ ഉണ്ടല്ലോ. ശീതീകരിച്ച മുറിയില്‍ നിന്നും നിര്‍ദേശം കൊടുക്കുകയല്ലാതെ കളക്ടറുടെ പണിയെന്താണ്. ഒരു ആരോഗ്യ പ്രവര്ത്തകന് പോലും ഇവിടെയില്ല. തെണ്ടിത്തരമാണ്. എന്തൊരു ശുദ്ധ അസംബദ്ധമാണ്. പിണറായി സ്തുതി മാത്രമുള്ള നിരവധി ഉദ്യോഗസ്ഥരാണ് ഇതിന്റെ പിന്നിലെന്ന് ഞാന്‍ ആരോപിക്കുകയാണ്. രാഷ്ട്രീയം കാണരുത്. എല്ലാവരും ഉള്‍വലിഞ്ഞിരിക്കുകയാണ്. ആരോഗ്യ വകുപ്പ് മന്ത്രിയും സെക്രട്ടറിയും ഡിജിപിയും അവിടെ ചെല്ലണം. കേരളത്തിന്റെ തലസ്ഥാനത്ത് നടക്കുന്ന ദുരന്തം ലോകം മുഴുവന്‍ കാണുകയാണ്. മരണവ്യാപാരികളായി മാറിയിരിക്കുകയാണ്. അടിയന്തിരമായി ഇതില്‍ ഇടപെടണം. മുഖ്യമന്ത്രി അവിടേക്ക് വന്നാല്‍ ഒളിവില്‍ ഉള്ള ഉദ്യോഗസ്ഥരൊക്കെ പുറത്തേക്ക് വരും. ജനങ്ങളുടെ ജീവന് അപകടത്തിലേക്ക് തള്ളിവിടുന്ന അവസ്ഥയുണ്ടാക്കരുത്.’ പന്തളം സുധാകരന് പറഞ്ഞു.