
കേന്ദ്രത്തില്‍ ഇടതുഭരണമായിരുന്നുവെങ്കില് ആരോഗ്യസംവിധാനങ്ങളില്‍ സര്‍ക്കാരിന് പരിപൂര്‍ണ്ണ നിയന്ത്രണം ഉറപ്പുവരുത്തുമായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ആരോഗ്യസംവിധാനമാണെങ്കില് ധനികര്‍ക്കും ദരിദ്രര്‍ക്കും ഒരേ വിധത്തിലുള്ള ചികിത്സ ലഭ്യമാക്കാന്‍ സാധിക്കും. താന്‍ ഒരു ഇടതുപക്ഷക്കാരിയാണെന്നും ഇതാണ് ഇടത് കാഴ്ച്ചപ്പാടെന്നും പറഞ്ഞ ശൈലജ, കേന്ദ്രത്തില്‍ ഉള്ളത് മുതലാളിത്ത ഭരണമാണെന്ന് സൂചിപ്പിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യവികസനമാണ് കേരളത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്നും മന്ത്രി സൂചിപ്പിച്ചു. ബിസിനസ് ലൈന്‍ മാധ്യമത്തിന് നല്കിയ പ്രത്യേക അഭിമുഖത്തിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന മീറ്റിംഗുകള്‍ കണക്കുകള്‍ രേഖപ്പെടുത്താനുള്ളവ മാത്രമായി ചുരുങ്ങിപ്പോകുന്നുവെന്ന് കെകെ ശൈലജ പറയുന്നു. കൊവിഡ് മഹാമാരിയെ ചെറുക്കാന്‍ കേന്ദ്രം കൃത്യമായി ഒരു പദ്ധതി ആവിഷ്ക്കരിക്കണം. ഓക്സിജന്‍ സംബന്ധമായ പ്രശ്നങ്ങള്‍ വരുമെന്ന് 2020ല്‍ തന്നെ കേരളത്തിന് മുന്‍കൂട്ടി കാണാനായതാണ് സംസ്ഥാനത്തിന് നേട്ടമായത്. പാലക്കാട് ജില്ലയില്‍ ഓക്സിജന്‍ പ്ലാന്റ് അതിവേഗത്തില്‍ നിര്‍മ്മിച്ചതിനാല്‍ കേരളത്തിന് പിടിച്ചുനില്ക്കാന് കഴിഞ്ഞു. കണക്കുകള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയോ ഉറപ്പുകള്‍ നല്‍കുകയോ ചെയ്തിരുന്നുല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാരിന്റെ വാക്സിന് നയത്തിന് നേരെയും കെകെ ശൈലജ വിമര്‍ശനമുന്നയിച്ചു. വാക്സിന് കമ്പനിയ്ക്ക് ലാഭമുണ്ടാക്കാനാകുന്ന വിധത്തിലാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ വാക്സിന് നയം. ഇത് ലാഭമുണ്ടാക്കാനുള്ള ഒരു സംരംഭമായി കേന്ദ്രം കാണരുതായിരുന്നു. സര്‍ക്കാര്‍ സ്വന്തം വിഭവങ്ങള്‍ ഉപയോഗിച്ചുകൊണ്ട് എല്ലാ പൗരന്മാരേയും വാക്സിനേറ്റ് ചെയ്യണം. ജനങ്ങളുടെ ആരോഗ്യവും അവരുടെ ജീവനുമാകണം സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും ശൈലജ ഓര്‍മ്മിപ്പിച്ചു. മഹാമാരിയെ നേരിടാന്‍ കൃത്യമായ ആസൂത്രണവും വികേന്ദ്രീകരണ വ്യവസ്ഥയും ആവശ്യമാണെന്ന് കൊവിഡ് നമ്മെ പഠിപ്പിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓക്സിജന്‍ വിതരണം, വാക്സിനേഷന് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട്് ഉയര്‍ന്നുവരുന്ന പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്ന ആരോഗ്യവകുപ്പിന് ലോകത്ത് പലയിടത്തുനിന്നും അഭിനന്ദനങ്ങളെത്തിയരുന്നു. പത്തനംതിട്ട ജില്ലയില്‍ ആശുപത്രികളില്‍ നേരിട്ട നേരിയ ഓക്സിജന്‍ ക്ഷാമം പൂര്‍ണമായി പരിഹരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കിയിരുന്നു.90 ഇന്ഡട്രിയല് ഓക്സിജന്‍ സിലണ്ടറുകള്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്ത് ആരോഗ്യ വകുപ്പിന് കൈമാറിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍:
സൂപ്പര്‍ മാര്‍ക്കറ്റ്, വാഹന ഷോറൂമുകള്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വലിയ തുണികടകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നടത്തിപ്പുകാര്‍ തന്നെ മുന്‍കൈ എടുക്കണം. ആലപ്പുഴ ജില്ലയില്‍ കോവിഡ് ബാധിതര്‍ക്കായി കഞ്ഞിക്കുഴിയിലും തണ്ണീര്‍മുക്കത്തും ടെലി കൗണ്‍സിലിങ് സെന്റര്‍ / കോള്‍ സെന്റര്‍ ആരംഭിച്ചു. ആംബുലന്‍സുകള്‍ ഇല്ലാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആംബുലന്‍സുകള്‍ ലഭ്യമാക്കാന്‍ ജില്ലാ പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ എല്ലാ താലൂക്കുകളിലും സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 15 സി.എഫ്.എല്‍.ടി.സികളും 33 ഡൊമിസിലിയറി കെയര്‍ സെന്ററുകളുമുണ്ട്.
കോവിഡ് ബാധിച്ചവരുടെ എണ്ണത്തെ സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ കഴിഞ്ഞ ദിവസം വോയിസ് മെസ്സേജായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുണ്ടായി. . ഈ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരം വ്യാജസന്ദേശങ്ങളും ചിത്രങ്ങളും തയ്യാറാക്കുന്നവര്‍ക്കെതിരെ മാത്രമല്ല, പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ ‘ ഓക്സിജന്‍ വാര് റൂം’ പ്രവര്‍ത്തനമാരംഭിച്ചതിന് പുറമെ ആശുപത്രി ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം ഉറപ്പു വരുത്തുന്നതിനുള്ള ഷിഫ്റ്റിംഗ് കണ്ട്രോള് റൂം, ഡാറ്റാ സെന്റര്‍ എന്നിവയും പ്രവര്‍ത്തനം തുടങ്ങി. സ്റ്റേഡിയം മെട്രോ സ്റ്റേഷന് കെട്ടിടത്തിലാണ് രണ്ട് വാര് റൂമുകളും പ്രവര്‍ത്തിക്കുക. 80 ഓളം പേരെ ഇവിടേക്ക് നിയോഗിച്ചു. പാലക്കാട്ട് കണ്ടെയ്ന്മെന്റ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രം 6 മണി വരെ തുറന്നു പ്രവര്‍ത്തിക്കുക, പൊതു വാഹനഗതാഗതത്തിന് പൂര്‍ണ്ണമായ നിരോധനം, ആഴ്ച ചന്തകള്‍, വഴിവാണിഭങ്ങള്‍ എന്നിവയ്ക്ക് പൂര്‍ണമായ നിരോധനം, ഹോട്ടലുകളില്‍ ഹോം ഡെലിവറി, പാര്‍സല്‍ സര്‍വീസ് എന്നിവയ്ക്ക് മാത്രം അനുവാദം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണ് കൊണ്ടുവന്നത്.
കോവിഡ് ചികിത്സയില്‍ ഓക്സിജന്‍ ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാന്‍ കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ സമിതിക്ക് രൂപം നല്കി. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. എല്ലാ മതവിഭാഗങ്ങളുടേയും ആരാധനാലയങ്ങളില്‍ കര്‍ശന നിയന്ത്രണം ഉണ്ടാവണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ആര് ആര് ടി കളുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുന്നതിനായി തദ്ദേശ സ്ഥാപനതലത്തില്‍ 15000ത്തോളം പുതിയ വോളന്റീയര്‍മാരെ സജ്ജമാക്കിയിട്ടുണ്ട്. ക്വാറന്റീന് നിരീക്ഷണം, സഹായമെത്തിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇവരുടെ സേവനം ഉപയോഗപ്പെടുത്തും. കാസര്‍കോട് ജില്ലയില്‍ ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി 1.93 കോടി രൂപ ചെലവില്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കും.
എല്ലാ ജില്ലകളിലും ഓക്സിജന്‍ വാര് റൂമുകള്‍ ആരംഭിക്കുകയാണ്. സംസ്ഥാന തലത്തില്‍ ഓക്സിജന്‍ വാര് റും ഉണ്ടാവും. ജില്ലാതലത്തില്‍ പരിഹരിക്കാനാവാത്ത വിഷയങ്ങള്‍ ഇവിടേക്ക് വിടാം. ആവശ്യമായ ബെഡുകള്‍, ഐസിയു, വെന്റിലേറ്റര്‍, ആംബുലന്‍സ് തുടങ്ങി എല്ലാ സൗകര്യങ്ങളും മുന്പുണ്ടായിരുന്നതിനേക്കാള് വര്‍ദ്ധിച്ചു കഴിഞ്ഞു. സൗകര്യങ്ങളുടെ ശാക്തീകരണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആരോഗ്യമേഖലയിലെ മനുഷ്യവിഭവവും ശക്തമാക്കുകയാണ്. ഇത്തരത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പിക്കാനുള്ള പരമാവധി പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ ഈ നാടിനു കാവലൊരുക്കാന്‍ ശ്രമിക്കുകയാണ്. നമ്മുടെ ആരോഗ്യസംവിധാനത്തിന്റെ പരിധിയ്ക്ക് മുകളിലോട്ട് രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളും മികച്ച രീതിയില്‍ നടപ്പിലാക്കുന്നുണ്ട്.