Top

‘മത്സ്യതൊഴിലാളികൾക്ക് സമ്പാദ്യ ആശ്വാസ നിധിയിൽ നിന്ന് ഉടന്‍ സഹായം ലഭ്യമാക്കണം’; മുഖ്യമന്ത്രിക്ക് കെകെ രമ എം.എൽ.എയുടെ കത്ത്

മത്സ്യതൊഴിലാളികൾ സെപ്തംബർ മുതൽ ഫെബ്രുവരി വരെ സർക്കാരിലേക്ക് അടക്കുന്ന പണം മാർച്ച് മുതൽ ജൂൺ വരെ അവർക്ക് മൂന്ന് ഗഡുക്കളായി 1500 രൂപ വീതം സർക്കാർ നൽകാറുണ്ട്. എന്നാൽ ഈ വർഷം മെയ് ആയിട്ടും ഇതുവരെ ഒരു ഗഡു പോലും നൽകിയിട്ടില്ല.

17 May 2021 11:34 AM GMT

‘മത്സ്യതൊഴിലാളികൾക്ക് സമ്പാദ്യ ആശ്വാസ നിധിയിൽ നിന്ന് ഉടന്‍ സഹായം ലഭ്യമാക്കണം’; മുഖ്യമന്ത്രിക്ക് കെകെ രമ എം.എൽ.എയുടെ കത്ത്
X

കോഴിക്കോട്: മത്സ്യതൊഴിലാളികൾക്ക് സമ്പാദ്യ ആശ്വാസ നിധിയിൽ നിന്ന് സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എം.എൽ.എ കെ.കെ രമ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മത്സ്യതൊഴിലാളികൾ സെപ്തംബർ മുതൽ ഫെബ്രുവരി വരെ സർക്കാരിലേക്ക് അടക്കുന്ന പണം മാർച്ച് മുതൽ ജൂൺ വരെ അവർക്ക് മൂന്ന് ഗഡുക്കളായി 1500 രൂപ വീതം സർക്കാർ നൽകാറുണ്ട്. എന്നാൽ ഈ വർഷം മെയ് ആയിട്ടും ഇതുവരെ ഒരു ഗഡു പോലും നൽകിയിട്ടില്ല. കെ.കെ രമ വ്യക്തമാക്കി.

മത്സ്യതൊഴിലാളികൾ സെപ്തംബർ മുതൽ ഫെബ്രുവരി വരെ സർക്കാരിലേക്ക് അടക്കുന്ന പണം മാർച്ച് മുതൽ ജൂൺ വരെ അവർക്ക് മൂന്ന് ഗഡുക്കളായി 1500 രൂപ വീതം സർക്കാർ നൽകാറുണ്ട്. എന്നാൽ ഈ വർഷം മെയ് ആയിട്ടും ഇതുവരെ ഒരു ഗഡു പോലും നൽകിയിട്ടില്ല.
കൊറോണയുടെ അടച്ചുപൂട്ടലും ഇപ്പോഴുണ്ടായ കടലാക്രമണവും കാരണം തീരദേശ മേഖലയാകെ വറുതിയിലാണ്. ഈ അവസ്ഥയിൽ അവർക്ക് ഈയൊരു പണം ലഭിക്കുന്നത് ആശ്വാസമാകും. ഇതിനായി സർക്കാർ അടിയന്തിര ശ്രദ്ധ പതിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.

കെ.കെ രമ

നേരത്തെ കടലാക്രമണം നേരിടുന്ന കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കെകെ രമ സന്ദര്‍ശനം നടത്തിയിരുന്നു.

സന്ദർശനത്തിന് ശേഷം പോസ്റ്റ് ചെയ്ത കുറിപ്പ്:

വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് വടകരയുടെ തീരദേശമേഖലയിലെ ജനങ്ങൾ കടന്നു പോകുന്നത്. തങ്ങളുടെ വീടും സമ്പാദ്യവും തൊഴിലുപകരണങ്ങളുമെല്ലാം കടലെടുക്കുന്ന അവസ്ഥയിലാണ് ഉള്ളത്.അഴിയൂർ മുതൽ പുറങ്കര വരെ നീണ്ടുകിടക്കുന്ന കടലോരമേഖലയിൽ എല്ലായിടത്തും ഭീതിതമായഅന്തരീക്ഷമാണ് നിലനിൽക്കുന്നത്.

അഴിയൂർ പഞ്ചായത്തിലെ കാപ്പുഴ ബീച്ച് റോഡ് പൂർണ്ണമായും കടലെടുത്തു. മടപ്പള്ളി അറക്കൽ, കല്ലിന്റവിട പ്രദേശങ്ങൾ, ചോറോട് പഞ്ചായത്തിലെ പള്ളിത്താഴ, മീത്തലങ്ങാടി, കുരിയാടി ഉൾപ്പടെയുള്ള പ്രദേശങ്ങളെല്ലാം ഗുരുതര സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്.വടകര മുൻസിപ്പാലിറ്റിയിലെ മുകച്ചേരി, ആവിക്കൽ, കൊയിലാണ്ടി വളപ്പ്, പുറങ്കര, അഴിത്തല, പാണ്ടികശാല വളപ്പ്, കുരിയാടി എന്നിവിടങ്ങളിലെല്ലാം അതി ന്യൂനമർദത്തിൻ്റെ ഭാഗമായി കടൽക്ഷോഭം ശക്തമാണ്.പല സ്ഥലങ്ങളിലും വീടുകൾക്ക് അടുത്തുവരെ കടലെത്തിയ അവസ്ഥയാണ്.വീടുകൾക്കുള്ളിലും വെള്ളം കയറിയിട്ടുണ്ട്.

കാലങ്ങളായി കടൽക്ഷോഭത്തിൻ്റെ ദുരിതമനുഭവിക്കുന്നവരാണ് പ്രദേശത്തുകാർ. അതു കൊണ്ടു തന്നെ വളരെ വൈകാരികമായാണ് അവർ കാര്യങ്ങൾ പറയുന്നതും. കാലങ്ങളായി നേരിടുന്ന അവഗണനയിൽ രോഷാകുലരായ ജനം താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകാനൊരുക്കമല്ലെന്നും തങ്ങൾ മരണം അഭിമുഖീകരിച്ചായാലും വരും തലമുറകൾക്കെങ്കിലും ശാശ്വതമായ സ്വസ്ഥ ജീവിതമുണ്ടാവട്ടെയെന്നുമാണ് പറയുന്നത്.

ഞാനടക്കമുള്ള പൊതുപ്രവർത്തകരും വടകരയിലെ ജനപ്രതിനിധികളും സർക്കാരും ആത്മാർത്ഥമായ ആത്മപരിശോധന നടത്തേണ്ട വിഷയമാണിത്. ഇന്ന് പ്രദേശങ്ങളിലെത്തിയപ്പോൾ പലയിടത്തും അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്. വീടുകളിലേക്ക് വെള്ളം കയറുന്ന സ്ഥലങ്ങളിൽ അടിയന്തിര പരിഹാരമെന്ന നിലയിൽ മണൽചാക്കുകൾ ഇടണമെന്ന് തഹസിൽദാരോട് നിർദേശിച്ചിട്ടുണ്ട്. തീരപ്രദേശത്തുള്ളവർക്ക് ഉടൻ സഹായമെത്തിക്കാൻ ജില്ലാ ഭരണകൂടവും, നഗരസഭയും തയ്യാറാകണം. സ്ഥലത്തെത്തിയ ബഹു. എം.പി. കെ.മുരളീധരനും ഇടപെടലുകൾ നടത്താമെന്ന് വാക്കു തന്നിട്ടുണ്ട്. ഈ അടിയന്തിര സാഹചര്യത്തിൽ താൽക്കാലിക പരിഹാര മാർഗ്ഗങ്ങൾ കൈക്കൊള്ളാതെ നിർവ്വാഹമില്ല. അതിനോട് സഹകരിക്കണമെന്ന് മുഴുവൻ ആളുകളോടും അഭ്യർത്ഥിക്കുകയാണ്.

തീരദേശത്തെ സ്വൈരജീവിതത്തിനാവശ്യം ശാശ്വത പരിഹാരമാണ്. അതിന് അവരോടൊപ്പമുണ്ടാകുമെന്ന് വാക്ക് തരുന്നു. ഈ വിഷയത്തിൽ ചെയ്യാൻ കഴിയാവുന്നതെല്ലാം കഴിവിൻ്റെ പരമാവധി ചെയ്യുമെന്നും ഏതു പ്രശ്നത്തിലും പ്രയാസത്തിലും ഒപ്പമുണ്ടാകുമെന്നും ഉറപ്പു തരുന്നു.ഒപ്പം കടൽക്ഷോഭം രൂക്ഷമാകുമ്പോൾ അധികാരികളുടെ നിർദേശങ്ങൾ പാലിക്കണമെന്നും എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്.

Next Story