Top

‘പൊരുതുന്നവര്‍ക്ക് ഹൃദയത്തോട് ചേര്‍ത്ത് അഭിവാദ്യം’; എല്‍ജിബിടിക്യു കമ്മ്യൂണിറ്റികള്‍ക്ക് പിന്തുണയറിയിച്ച് കെകെ രമ

പ്രൈഡ് മാസാചരണത്തില്‍ എല്‍ജിബിടിക്യു കമ്മ്യൂണിറ്റികള്‍ക്ക് അഭിവാദ്യമറിയിച്ച് വടകര എംഎല്‍എ കെകെ രമ. ആണ്‍ / പെണ്‍ എന്ന പൊതുബോധ വിഭജനത്തിനപ്പുറം മനുഷ്യരുടെ ലിംഗ, ലൈംഗിക ബഹുത്വം ഒരു സാമൂഹ്യ യഥാര്‍ത്ഥ്യവും ശാസ്ത്രീയ സത്യവുമാണെന്നും പൊതുസമൂഹം ലൈംഗിക ന്യൂനപക്ഷങ്ങളെ അംഗീകരിക്കേണ്ടതുണ്ടെന്നും കെകെ രമ ഫേസ്ബുക്കില്‍ കുറിച്ചു. ഇവര്‍ക്ക് സൈ്വര്യ ജീവിതവും സുരക്ഷിതത്വവും ഉറപ്പു വരുത്താന്‍ സര്‍ക്കാരിനും സമൂഹത്തിന്നും ബാധ്യതയുണ്ടെന്നും അത്തരം ഇടപെടലുകള്‍ക്ക് ഊര്‍ജ്ജം പകരട്ടെ പ്രൈഡ് മാസാചാരണമെന്നും കെകെ രമ പറഞ്ഞു. കെകെ രമയുടെ കുറിപ്പ്, “വിവരണാതീതമായ വിവേചനവും […]

6 Jun 2021 11:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പൊരുതുന്നവര്‍ക്ക് ഹൃദയത്തോട് ചേര്‍ത്ത് അഭിവാദ്യം’; എല്‍ജിബിടിക്യു കമ്മ്യൂണിറ്റികള്‍ക്ക്  പിന്തുണയറിയിച്ച് കെകെ രമ
X

പ്രൈഡ് മാസാചരണത്തില്‍ എല്‍ജിബിടിക്യു കമ്മ്യൂണിറ്റികള്‍ക്ക് അഭിവാദ്യമറിയിച്ച് വടകര എംഎല്‍എ കെകെ രമ. ആണ്‍ / പെണ്‍ എന്ന പൊതുബോധ വിഭജനത്തിനപ്പുറം മനുഷ്യരുടെ ലിംഗ, ലൈംഗിക ബഹുത്വം ഒരു സാമൂഹ്യ യഥാര്‍ത്ഥ്യവും ശാസ്ത്രീയ സത്യവുമാണെന്നും പൊതുസമൂഹം ലൈംഗിക ന്യൂനപക്ഷങ്ങളെ അംഗീകരിക്കേണ്ടതുണ്ടെന്നും കെകെ രമ ഫേസ്ബുക്കില്‍ കുറിച്ചു. ഇവര്‍ക്ക് സൈ്വര്യ ജീവിതവും സുരക്ഷിതത്വവും ഉറപ്പു വരുത്താന്‍ സര്‍ക്കാരിനും സമൂഹത്തിന്നും ബാധ്യതയുണ്ടെന്നും അത്തരം ഇടപെടലുകള്‍ക്ക് ഊര്‍ജ്ജം പകരട്ടെ പ്രൈഡ് മാസാചാരണമെന്നും കെകെ രമ പറഞ്ഞു.

കെകെ രമയുടെ കുറിപ്പ്,

“വിവരണാതീതമായ വിവേചനവും അതിക്രമങ്ങളും ഏറ്റുവാങ്ങുന്നവരാണ് ലോകമാകെയുള്ള ലിംഗ, ലൈംഗിക ന്യൂനപക്ഷങ്ങള്‍. ആണ്‍ / പെണ്‍ എന്ന പൊതുബോധ വിഭജനത്തിനപ്പുറം മനുഷ്യരുടെ ലിംഗ, ലൈംഗിക ബഹുത്വം ഒരു സാമൂഹ്യ യഥാര്‍ത്ഥ്യവും ശാസ്ത്രീയ സത്യവുമാണ്. എന്നാല്‍ സമൂഹം പിന്തുടരുന്ന യാഥാസ്ഥിതിക മനോഭാവവും അജ്ഞതയും കാരണം ഇത്തരം സവിശേഷതകള്‍ മനോരോഗമോ സ്വഭാവവൈകല്യമോ ദുരാത്മാക്കളുടെ ബാധയോ ആയാണ് കണക്കാക്കിയിരുന്നത്.

എന്നാല്‍ അടുത്ത കാലത്തായി മിക്കവാറും ലോകരാഷ്ട്രങ്ങള്‍ മാത്രമല്ല , മതമേധാവികള്‍ വരെ ഇന്ന് ഇതൊരു യാഥാര്‍ത്ഥ്യമായി അംഗീകരിച്ചിട്ടുണ്ട്. എങ്കിലും ബഹുഭൂരിപക്ഷം മനുഷ്യരും കുടുംബങ്ങളുമെല്ലാം ഇപ്പോഴും ഇത്തരം സവിശേഷതകളെ മനോരോഗമായി കാണുകയും അശാസ്ത്രീയ തെറാപ്പികള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്നുണ്ട്.

തീവ്രശേഷിയുള്ള മരുന്നുകളുടെ അശാസ്ത്രീയഉപയോഗം, അന്യായ തടങ്കല്‍ പാര്‍പ്പ് , മര്‍ദ്ദനം,ഭീഷണികള്‍ തുടങ്ങിയ പല മാര്‍ഗ്ഗങ്ങളിലൂടെ ഇവരെ മാറ്റിയെടുക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ദുരനുഭവങ്ങള്‍ നിരവധി വ്യക്തികള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അവ സഹിക്കാനാവാതെയാണ് പലര്‍ക്കും വീടുപേക്ഷിച്ച് തെരുവില്‍ അഭയം പ്രാപിക്കേണ്ടി വരുന്നത്. എത്രയോ വ്യക്തികള്‍ സമ്മര്‍ദ്ദം താങ്ങാനാവാതെ ആത്മാഹുതി ചെയ്തു. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ കൊല ചെയ്യപ്പെട്ടു.
കുടുംബങ്ങള്‍ തങ്ങളില്‍ പെട്ട ഒരാള്‍ അനുഭവിക്കുന്ന പ്രതിസന്ധികളോട് ചേര്‍ന്നു നില്‍ക്കാനല്ല , അവരെ പുറംതള്ളിയാലും തല്ലിക്കൊന്നാലും ദുരഭിമാനം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത് എന്നതും യഥാര്‍ത്ഥ്യമാണ്. സമൂഹത്തിന്റെ കാഴ്ചപ്പാട് മാറേണ്ടതിന്റെ ആവശ്യകത ബോദ്ധ്യമാക്കുന്ന അനുഭവങ്ങളാണ് മേല്‍ പറഞ്ഞത്.

ലിംഗ, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള പൊതുസമൂഹത്തിന്റെ നിഷേധാത്മകമനോഭാവവും വിവേചനവും അവസാനിപ്പിക്കാനും അവരുടെ ആത്മബോധം വളര്‍ത്താനും അതിജീവനശ്രമങ്ങള്‍ക്ക് ഒപ്പം നില്‍ക്കാനും ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. ലിംഗനിരപേക്ഷസാമൂഹ്യവീക്ഷണം പോലെ തന്നെ വിദ്യാഭ്യാസത്തിലും ലിംഗ , ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള പോസിറ്റീവായ വീക്ഷണവും നമ്മുടെ കരിക്കുലത്തിന്റെ ഭാഗമാവണം. ഇതിനാവശ്യമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ഉദ്ദേശിച്ചു കൊണ്ടാണ് ജൂണ്‍ മാസം പ്രൈഡ് മാസമായി ലോകമെമ്പാടുമുള്ള ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളും അവര്‍ക്കൊപ്പമുള്ള ജനാധിപത്യവാദികളും വിവിധ സംഘടനകളും ആഘോഷിക്കുന്നത്.

ഒരു കാലം വരെ കേരളീയ സമൂഹം ട്രാന്‍സ് ജന്‍ഡര്‍ വ്യക്തികളക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നിശ്ശബ്ദമായ പുറംതള്ളല്‍ രീതിയാണ് അനുവര്‍ത്തിച്ചിരുന്നത്. പതുക്കെയെങ്കിലും അതില്‍ പലതരത്തിലുള്ള മാറ്റങ്ങള്‍ കണ്ടു തുടങ്ങിയെന്നത് അനല്പമായ പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ട്. നിരവധി ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റുകളും സന്നദ്ധ സംഘടനകളും പൊതുജനങ്ങള്‍ക്കിടയില്‍ ആശയപ്രചരണത്തിനും അവരുടെ അവകാശസംരക്ഷണത്തിനും രംഗത്തുണ്ട്. ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി നിസ്വാര്‍ത്ഥമായി പൊരുതുന്ന മുഴുവന്‍ മനുഷ്യരെയും ഹൃദയത്തോട് ചേര്‍ത്ത് അഭിവാദ്യം ചെയ്യുന്നു.

കുടുംബങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ട് , വീടുകളില്ലാതെ താല്‍ക്കാലിക ഇടങ്ങളില്‍ വാടക നല്‍കി ജീവിക്കുന്ന നൂറു കണക്കിന് ട്രാന്‍സ് വ്യക്തികള്‍ കേരളത്തിലുണ്ട്. തൊഴിലും വരുമാനവുമില്ലാതെ എങ്ങനെയാണവര്‍ ദൈനംദിനജീവിതം തള്ളി നീക്കുന്നുണ്ടാവുക! അവരുടെ സൈ്വര്യ ജീവിതവും സുരക്ഷിതത്വവും ഉറപ്പു വരുത്താന്‍ സര്‍ക്കാരിനും സമൂഹത്തിന്നും ബാധ്യതയുണ്ട്. അത്തരം ഇടപെടലുകള്‍ക്ക് ഊര്‍ജ്ജം പകരട്ടെ പ്രൈഡ് മാസാചാരണം”

കെ.കെ രമ

Next Story