‘യുഡിഎഫുമായി പ്രാദേശികധാരണ മാത്രം,കോണ്‍ഗ്രസ് ആഭ്യന്തരപ്രശ്നങ്ങള്‍ പരിഹരിച്ചെങ്കില്‍ സന്തോഷം’; കല്ലാമല വിഷയത്തില്‍ കെകെ രമ
കല്ലാമലയില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയോട് പിന്മാറാന് ആവശ്യപ്പെട്ടെന്ന മുല്ലപ്പള്ളി രാമചന്ദ്ര്ന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കെകെ രമയുടെ പ്രതികരണം.

കോഴിക്കോട് വടകര കല്ലാമല ഡിവിഷനില്‍ സ്ഥാനാര്‍ഥിയെച്ചൊല്ലി നിലനിന്നിരുന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തരപ്രശ്നമായിരുന്നെന്നും അവര്‍ അത് പരിഹരിച്ചതില്‍ സന്തോഷമുണ്ടെന്നും ആര്‍എംപി നേതാവ് കെകെ രമ റിപ്പോര്‍ട്ടര്‍ ടിവിയോട്. കല്ലാമലയില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയോട് പിന്മാറാന് ആവശ്യപ്പെട്ടെന്ന മുല്ലപ്പള്ളി രാമചന്ദ്ര്ന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കെകെ രമയുടെ പ്രതികരണം.
ആര്‍എംപിയ്ക്ക് മുന്‍പും പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും തങ്ങളുടെ സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയായിരുന്നുവെന്നും കെകെ രമ അറിയിച്ചു. ‘ഞങ്ങള്‍ യുഡിഎഫുമായി മുന്നണിയിലല്ല. ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രാദേശികതലത്തില്‍ ധാരണയുണ്ടാക്കുകമാത്രമാണ് ചെയ്തത്. ഈ ധാരണയില്‍ പിന്നീട് ആശയക്കുഴപ്പങ്ങളുണ്ടായി. അത് കോണ്‍ഗ്രസിന്റെ ആഭ്യന്തരപ്രശ്നമായിരുന്നു. കല്ലാമലയില്‍ സിപിഐഎം ജയിച്ചുവരാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പ്രശ്നം അവര്‍ പരിഹരിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്’. രമ പറഞ്ഞു. മുല്ലപ്പള്ളി പറഞ്ഞതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ തനിക്ക് ലഭ്യമായിട്ടില്ലെന്നും രമ സൂചിപ്പിച്ചു.
കല്ലാമലയില്‍ ആര്‍എംപി യുഡിഎഫുമായി ചേര്‍ന്ന് ജനകീയ മുന്നണി രൂപീകരിച്ച് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും അദ്ദേഹത്തിന് കൈപ്പത്തി ചിഹ്നം അനുവദിക്കുകയും ചെയ്തു. ജയകുമാര്‍ ആയിരുന്നു കല്ലാമലയില്‍ കൈപ്പത്തി അടയാളത്തില്‍ നിന്നും ജനവിധി തേടുന്നത്.
ഇത് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ അറിവോടെയായിരുന്നു. തുടര്‍ന്ന് വടകര എംപി കെ മുരളീധരന് ഈ തീരുമാനത്തില്‍ അതൃപ്തി വ്യക്തമാക്കി വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. ശേഷം അദ്ദേഹം വട്ടിയൂര്‍കാവില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു.
വിഷയത്തില്‍ വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ കല്ലാമല ഡിവിഷന് കോണ്‍ഗ്രസിന്റെ സീറ്റാണെന്നും അവിടെ കാലാകാലങ്ങളായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുന്നതെന്നുമായിരുന്നു മുല്ലപ്പള്ളി പ്രതികരിച്ചത്.