Top

‘നേതാക്കളെ കരുതല്‍ തടങ്കലിലാക്കി രക്ഷപ്പെടാന്‍ അമിത്ഷായ്ക്കും കൂട്ടര്‍ക്കും പറ്റില്ല, കാരണം കര്‍ഷകര്‍ക്കിത് ജീവിതപ്രശ്‌നമാണ്’; കെകെ രാഗേഷ് എംപി

സമാധാനപരമായി നൂറുകണക്കിന് കര്‍ഷകരോടൊപ്പം സമരം നടത്തിവന്ന തങ്ങളെ പൊലീസ് വളയുകയും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും കെകെ രാഗേഷ് എംപി പറഞ്ഞു.

8 Dec 2020 9:13 AM GMT

‘നേതാക്കളെ കരുതല്‍ തടങ്കലിലാക്കി രക്ഷപ്പെടാന്‍ അമിത്ഷായ്ക്കും കൂട്ടര്‍ക്കും പറ്റില്ല, കാരണം കര്‍ഷകര്‍ക്കിത് ജീവിതപ്രശ്‌നമാണ്’; കെകെ രാഗേഷ് എംപി
X

കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്ന് വിവാദകാര്‍ഷികബില്ലിനെതിരെ സമരം ചെയ്യുന്ന നേതാക്കെളെ കരുതല്‍ തടങ്കലിലാക്കി കേന്ദ്രആഭ്യന്ത്രമന്ത്രി അമിത് ഷായ്ക്കും കൂട്ടര്‍ക്കും രക്ഷപ്പെടാനാകില്ലെന്ന് കെകെ രാഗേഷ് എംപി. വിവാദനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിന് രാഗേഷ് ഉള്‍പ്പെടെയുള്ള നേതാക്കളെ ബ്ലാസ്പൂരില്‍വെച്ച് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കര്‍ഷകര്‍ക്കിത് അവരുടെ ജീവിതപ്രശ്‌നമാണെന്നും പൊരുതുക അല്ലെങ്കില്‍ മരിക്കുക എന്ന നിലയ്ക്കുള്ള തെരഞ്ഞെടുപ്പുകളാണ് അവര്‍ക്കുമുന്നിലുള്ളതെന്നും രാഗേഷ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

കര്‍ഷകനിയമങ്ങള്‍ കൊണ്ടുവന്നത് കര്‍ഷകരെ സഹായിക്കാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്രതവണ ആവര്‍ത്തിച്ചാലും നിയമങ്ങള്‍ ഉണ്ടാക്കിയത് കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്ന് രാജ്യത്തെ കര്‍ഷകര്‍ക്ക് അറിയാമെന്ന് അദ്ദേഹം ആരോപിച്ചു. ‘സംവരണപരിധി എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട് ശക്തമായ എതിര്‍പ്പ് കര്‍ഷകര്‍ക്കുണ്ട്. മൂന്നുനിയമങ്ങളിലേയും ഓരോ വ്യവസ്ഥത്തോടും കര്‍ഷകര്‍ക്ക് എതിര്‍പ്പുണ്ട്. ഇത് ഓരോന്നിനോടും ഞങ്ങള്‍ക്കുള്ള എതിര്‍പ്പ് കേന്ദ്രത്തിന് എഴുതിക്കൊടുത്തിട്ടുണ്ട്. ഈ നിയമം കൊണ്ടുവന്നത് കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ്. മണ്ടികളെ തകര്‍ക്കാനാണ്. ഈ നിയമം പിന്‍വലിക്കാതെ കര്‍ഷകര്‍ക്കുമുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല. നിയമം നടപ്പില്‍ വന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് കര്‍ഷകരില്‍ നിന്നും പരിധിയില്ലാതെ വിളകള്‍ വാങ്ങി സംഭരിക്കാനാകും. കരിഞ്ചന്തകള്‍ ഉണ്ടാകാനിടയാകും. കര്‍ഷകരെ പിഴിഞ്ഞെടുക്കാന്‍ അദാനിമാര്‍ക്കും അംബാനിമാര്‍ക്കും അവസരം കൊടുക്കുന്നതാണ് ഈ നിയമം’. കര്‍ഷകര്‍ക്ക് ഇത് കൃത്യമായി അറിയാം. കെകെ രാഗേഷ് പറഞ്ഞു.

സമാധാനപരമായി നൂറുകണക്കിന് കര്‍ഷകരോടൊപ്പം സമരം നടത്തിവന്ന തങ്ങളെ പൊലീസ് വളയുകയും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും കെകെ രാഗേഷ് എംപി പറഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെെേടയുള്ള സമരക്കാര്‍ക്ക് നേരെ പൊലീസ് ബലം പ്രയോഗിച്ചതായി അദ്ദേഹം സൂചിപ്പിച്ചു. വലിയ ചുറ്റുമതിലോടെയുള്ള ഒരു സ്‌ക്കൂള്‍ കെട്ടിടം പൊലീസ് താല്‍ക്കാലിക പൊലീസ് സ്റ്റേഷനാക്കുകയും മണിക്കൂറുകളോളം തങ്ങളെ തടങ്കലില്‍ വെച്ചുവെന്നും എംപി കൂട്ടിച്ചേര്‍ത്തു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, ആള്‍ ഇന്ത്യാ കിസാന്‍സഭ നേതാവും മുന്‍ എംഎല്‍എയുമായിരുന്ന പി കൃഷ്ണപ്രസാദ് എന്നിവരേയും കര്‍ഷകസമരത്തില്‍ അണിചേര്‍ന്നതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Next Story