Top

‘വീട്ടിലേക്ക് സാധനങ്ങള്‍ തന്നത് ഡിവൈഎഫ്ഐക്കാരും സിഐടിയുക്കാരുമാണ്’; ദുരിതങ്ങള്‍ മഴ പോലെ പെയ്തത് ചെന്നിത്തലയും മുല്ലപ്പള്ളിയും അറിഞ്ഞില്ലെന്ന് കെകെ കൊച്ച്

ദുരിതകാലങ്ങളില്‍ സംസ്ഥാന സര്‍ക്കാരും ഡിവൈഎഫ്‌ഐ സിഐടിയു പ്രവര്‍ത്തകരും സ്വീകരിച്ച കരുതലിനെയും നടപടികളെയും പ്രശംസിച്ച് ചിന്തകന്‍ കെകെ കൊച്ച്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ കാണിച്ച മാതൃകതന്നെയാണ് എല്ലാ പൊതുപ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും പിന്തുടരേണ്ടതെന്ന് കെകെ കൊച്ച് അഭിപ്രായപ്പെട്ടു. ദുരിതങ്ങള്‍ മഴപോലെ പെയ്യുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും കെ.സുരേന്ദ്രനും അറിഞ്ഞതേയില്ലെന്നും അവര്‍ കാലം മാറിയതറിയാതെ സി.പി.എം വിരോധമെന്ന ജന്മവാസനയില്‍ തറഞ്ഞുക്കിടക്കുകയായിരുന്നെന്നും കെകെ കൊച്ച് പറഞ്ഞു. കെകെ കൊച്ച് പറയുന്നു: തെരെഞ്ഞെടുപ്പ് വിജയം – ഒന്നാം പേജ് ആ ദിവസങ്ങളില്‍ എനിക്ക് പെന്‍ഷനും […]

19 Dec 2020 11:38 AM GMT

‘വീട്ടിലേക്ക് സാധനങ്ങള്‍ തന്നത് ഡിവൈഎഫ്ഐക്കാരും സിഐടിയുക്കാരുമാണ്’; ദുരിതങ്ങള്‍ മഴ പോലെ പെയ്തത് ചെന്നിത്തലയും മുല്ലപ്പള്ളിയും അറിഞ്ഞില്ലെന്ന് കെകെ കൊച്ച്
X

ദുരിതകാലങ്ങളില്‍ സംസ്ഥാന സര്‍ക്കാരും ഡിവൈഎഫ്‌ഐ സിഐടിയു പ്രവര്‍ത്തകരും സ്വീകരിച്ച കരുതലിനെയും നടപടികളെയും പ്രശംസിച്ച് ചിന്തകന്‍ കെകെ കൊച്ച്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ കാണിച്ച മാതൃകതന്നെയാണ് എല്ലാ പൊതുപ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും പിന്തുടരേണ്ടതെന്ന് കെകെ കൊച്ച് അഭിപ്രായപ്പെട്ടു. ദുരിതങ്ങള്‍ മഴപോലെ പെയ്യുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും കെ.സുരേന്ദ്രനും അറിഞ്ഞതേയില്ലെന്നും അവര്‍ കാലം മാറിയതറിയാതെ സി.പി.എം വിരോധമെന്ന ജന്മവാസനയില്‍ തറഞ്ഞുക്കിടക്കുകയായിരുന്നെന്നും കെകെ കൊച്ച് പറഞ്ഞു.

കെകെ കൊച്ച് പറയുന്നു:

തെരെഞ്ഞെടുപ്പ് വിജയം – ഒന്നാം പേജ്

ആ ദിവസങ്ങളില്‍ എനിക്ക് പെന്‍ഷനും പറമ്പില്‍ അത്യാവശ്യം പച്ചക്കറികളും മക്കള്‍ക്ക് ശമ്പളവുമുണ്ടായിരുന്നതിനാല്‍ പട്ടിണി കിടക്കേണ്ടി വന്നില്ല. ( പെന്‍ഷന്‍ മുടങ്ങിയ സമയത്തു മാധ്യമം വാരികയില്‍നിന്നും ആത്മകഥ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലം ലഭിച്ചിരുന്നു). എന്നാല്‍ ചുറ്റുപാടും ജീവിച്ചിരുന്ന നിര്‍മ്മാണ തൊഴിലാളികള്‍ , കച്ചവടസ്ഥാപനങ്ങളിലെ ചെറുകിടജീവനക്കാര്‍ , ഓട്ടോറിക്ഷാക്കാര്‍ എന്നിങ്ങനെ ദൈനംദിന വരുമാനംകൊണ്ട് ജീവിക്കുന്നവരുടെ സ്ഥിതി ദയനീയമായിരുന്നു. തൊഴിലില്ലായ്മ രൂക്ഷമായ ഘട്ടത്തില്‍ സര്‍ക്കാരിന്റെ സൗജന്യഭക്ഷ്യകിറ്റുകളും ക്ഷേമപെന്‍ഷനുകളും പച്ചക്കറി -മല്‍സ്യ കൃഷിക്കുള്ള പ്രോത്സാഹനവുമാണ് അവര്‍ക്ക് തുണയായത്. ഇക്കാര്യങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നവര്‍ ഇന്ദിരാ ഗാന്ധിയുടെ ഗരീബി ഹഡാവോയും രാജ്യത്തിന്റെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനമെന്ന ലക്ഷ്യവുമാണ് മറന്നുപോകുന്നത്.

ദുരിതങ്ങള്‍ മഴപോലെ പെയ്യുകയാണെന്നു മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും കെ.സുരേന്ദ്രനും അറിഞ്ഞതേയില്ല. അവര്‍ കാലം മാറിയതറിയാതെ സി.പി.എം. വിരോധമെന്ന ജന്മവാസനയില്‍ തറഞ്ഞുക്കിടക്കുകയായിരുന്നു.അതെ സമയം പെന്‍ഷന്‍ , ശമ്പളം , ബാങ്ക് നിക്ഷേപം എന്നിവകൊണ്ട് ഭക്ഷണപ്രശ്‌നം പരിഹരിക്കുന്ന ഡോ.ആസാദ് പി. ഗീത ,കെ.എം.ഷാജഹാന്‍ , സി.ആര്‍.നീലകണ്ഠന്‍ എന്നിവരും ഒട്ടെല്ലാ മാധ്യമങ്ങളും കോണ്‍ഗ്രസിന്റെ ആദര്‍ശലോകത്തിലേക്ക് ജനങ്ങളെ നയിച്ചതിനാല്‍ അടിത്തട്ട് ജീവിതം കണ്ടതേയില്ല. പ്രളയസമയത്തു സര്‍ക്കാര്‍ നല്‍കിയ 10000 രൂപയും ഇതര സഹായങ്ങളും ചില്ലുമേടയിലിരുന്നവര്‍ക്ക് നിസ്സാരമായിരുന്നെങ്കില്‍ ഇരകളെ സംബന്ധിച്ചിടത്തോളം അതിജീവനമായിരുന്നു.

ഇനി കോവിഡ് കാലത്തേക്ക് വരാം.എന്റെ ഭാര്യയും മകളും കൊച്ചുമകനും അയല്‍വാസികളായ ചിലരും സര്‍ക്കാരിന്റെ ക്വോറന്റയിനിലായിരുന്നു.അവിടെ ചികിത്സ സൗജന്യമായിരുന്നെന്നു മാത്രമല്ല നല്ല പരിചരണവും ഭക്ഷണവും ലഭിച്ചിരുന്നു.പിന്നീട് ഭാര്യ റൂം ക്വറന്റയിനിലും ഞാനടക്കമുള്ളവര്‍ ഹോം ക്വറന്റയിനിലുമായിരുന്നപ്പോള്‍ വീടിന്റെ വിദൂര പരിസരത്തുകൂടിപ്പോലും ആരും സഞ്ചരിക്കില്ലായിരുന്നു. ഈ സമയത്തു വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങികൊണ്ടു വന്നത് ഡി.വൈ.എഫ്.ഐ.ക്കാരും സി.ഐ.ടി.യു.ക്കാരായ ഓട്ടോക്കാരും ആശാവര്‍ക്കര്‍മാരും കുടുംബശ്രീ
പ്രവര്‍ത്തകരുമായിരുന്നു. ഇവര്‍ തന്നെയാണ് കൈമെയ് മറന്ന് സന്നദ്ധപ്രവര്‍ത്തനം നടത്തിയത്. ഇന്ദിരാഭവനില്‍ തമ്പടിച്ചു അണികളെ പ്രക്ഷോഭങ്ങളിലേക്ക് പറഞ്ഞയച്ചു നിരന്തരം പത്രസമ്മേളനം നടത്തിയവര്‍ മറന്നുപോയത് , കോണ്‍ഗ്രസ് ഒരു മഹാപ്രസ്ഥാനമായത് പ്രക്ഷോഭങ്ങളോടൊപ്പം പകര്‍ച്ചവ്യാധികള്‍ പ്രകൃതിദുരന്തങ്ങള്‍ കലാപങ്ങള്‍ എന്നിങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളിലൂടെയാണെന്നാണ്. ഈ പാരമ്പര്യം വീണ്ടെടുത്തു സര്‍ക്കാരിനെതിരെ സമരം നടത്തിയിരുന്നെങ്കില്‍ കോണ്‍ഗ്രസിന് വലുതായ തിരിച്ചടി നേരിടേണ്ടി വരുമായിരുന്നില്ല.ഒരുപക്ഷെ , ഭരണകക്ഷിയായതുകൊണ്ടാവാം ഇടതുപക്ഷം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.എങ്കിലും ഈ മാതൃകതന്നെയാണ് എല്ലാ പൊതുപ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും പിന്തുടരേണ്ടത്.ഇക്കാര്യത്തില്‍ ഗുരു പറയുന്നത് ഇപ്രകാരമാണ് :

അപരനുവേണ്ടിയഹര്‍ന്നിശം പ്രയ്തനം
കൃപണതവിട്ടു കൃപാലു ചെയ്തിടുന്നു
കൃപണധോമുഖനായിക്കിടന്നു ചെയ്യൂ-
ന്നപജയകര്‍മ്മമവന്നു വേണ്ടിമാത്രം
ഈ മഹാവചങ്ങളെ കുമാരനാശാന്‍ വ്യാഖ്യാനിച്ചത് ഇങ്ങനെയാണ് .
അന്യന്നുതകിതന്‍ ജീവിതം
ധന്യമാക്കുമമലേ വിവേകികള്‍

കുറിപ്പ് :

ആ ദുരന്തനാളുകളില്‍ സമുന്നതനായൊരു കോണ്‍ഗ്രസ് നേതാവിനോട് ഞാന്‍ പറഞ്ഞു. കോവിഡ് മഹാമാരി ഏറെ ബാധിക്കുന്നത് ജനങ്ങള്‍ കൂട്ടമായി താമസിക്കുന്ന ഹരിജന്‍ -ലക്ഷം വീട് ആദിവാസി
കോളനികള്‍ ,ചേരികള്‍ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ്. ഈ പ്രദേശങ്ങള്‍ക്ക് പ്രത്യേകം പരിഗണന നല്‍കുന്ന പ്രവര്‍ത്തന പരിപാടികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുക.അടിത്തട്ടിലെ ജനങ്ങള്‍ കടുത്ത തൊഴിലില്ലായ്മയും ദാരിദ്ര്യവുമാണ് നേരിടുന്നത്. അവരുടെ സാമ്പത്തിക ദുരിതങ്ങളും പരിഹാരമാര്‍ഗങ്ങളും സര്‍ക്കാരിന്റെ മുന്‍പില്‍ അവതരിപ്പിച്ചുകൊണ്ടുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക.

Next Story