‘ഈ വാര്‍ഡ് അവരുടെ സെപ്റ്റിക് ടാങ്ക്’; കിറ്റെക്സ് കമ്പനിയുള്ള വാര്‍ഡില്‍ മാത്രം ട്വന്റി:20 തോറ്റത് എന്തുകൊണ്ട്?
തദ്ദേശ തെരഞ്ഞെടുപ്പില്‍ നാല് പഞ്ചായത്തുകള്‍ പിടിച്ചെടുത്തതിന്റെ വിജയാഘോഷത്തിലാണ് കിറ്റക്സ് കമ്പനിയുടെ ട്വന്റി ട്വന്റി. കിഴക്കമ്പലം, ഐക്കരനാട്, കുന്നത്തുനാട്, മുഴുവന്നൂര്‍ പഞ്ചായത്തികളിലാണ് സംഘടന വിജയിച്ചത്. എന്നാല്‍ ഇതിനിടയിലും സംഘടനക്ക് നിരാശയായി മറ്റൊരു കാര്യമുണ്ട്. സാബു എം ജേക്കബ് ചെയര്‍മാനായിട്ടുള്ള കിറ്റക്സ് കമ്പനി നിലനില്‍ക്കുന്ന ചേലക്കുളം വാര്‍ഡ് പിടിക്കാന്‍ കഴിഞ്ഞതവണയും ഇത്തവണയും ട്വന്റി ട്വന്റിക്കായില്ല. ഇത്തവണയും യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സിഡിഎസ് മെമ്പറുമായ അസ്മ അലിയാര് ആണ് വിജയിച്ചത്. എന്തായിരിക്കും ഇതിന് കാരണം.?

ലോകത്തിലെ ഏറ്റവും വലിയ കുട്ടികളുടെ രണ്ടാമത്തെ വസ്ത്ര നിര്‍മ്മാണ കമ്പനിയായ കിറ്റെക്സ്. ഇവിടെ നിന്നുള്ള മാലിന്യത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നത് പ്രദേശവാസികള്‍ തന്നെയാണ് എന്നതാണ് ട്വന്റി-ട്വന്റിക്കെതിരായ ഈ ജനവിധിക്ക് പിന്നില്‍. ഇത് പ്രദേശവാസികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
കിറ്റെക്സ് കമ്പനിയിലെ ബ്ലീച്ചിംഗ് ആന്റ് ഡൈയിംഗ് യൂണിറ്റിലെ മലിനീകരണ ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിനെതിരെ നാട്ടുകാര്‍ കര്‍മ്മസമിതി രൂപീകരിച്ച് പ്രതിഷേധം ആരംഭിച്ചതോടെ ഇതിനെ മറികടക്കാന്‍ കിറ്റെക്സ് കമ്പനിയുടമ സാബു എം ജേക്കബ് തുടങ്ങിയതാണ് ട്വന്റി ട്വന്റി കൂട്ടായ്മ.

പ്രദേശത്ത് കിറ്റെക്സ് കമ്പനി വലിയ തോതില്‍ ജലചൂഷണവും നടത്തുന്നുണ്ടെന്ന് പ്രദേശ വാസികള്‍ പറയുന്നു. കമ്പനിയിരിക്കുന്ന സ്ഥലത്തിന്റെ താഴ്ഭാഗത്ത് പാടം നികത്തി ഭൂപ്രദേശം കൂടുതല്‍ ആഴത്തില്‍ കുഴിച്ച് ആവശ്യമായ വെള്ളം ഉപയോഗിക്കുകയും ഒപ്പം ഉപയോഗ ശേഷമുള്ള വെള്ളത്തിന്റെ 80 ശതമാനവും പ്രദേശത്തേക്ക് തന്നെ തള്ളുന്ന രീതിയാണ് കമ്പനി വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്നതെന്ന് ചേലക്കുളം മുന്‍ വാര്ഡ്മെമ്പര് അനൂപ് പറയുന്നു. ട്വന്റി ട്വന്റി പ്രതിനിധിയല്ലാത്തതിനാല്‍ ഫണ്ട് വിതരണത്തില്‍ കടുത്ത വിവേചനം ഇദ്ദേഹം നേരിട്ടിരുന്നുവെന്നും അനൂപ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

കമ്പനിയില്‍ നിന്നും പുറത്തേക്ക് വിടുന്ന ദുര്‍ഗന്ധമുള്ള പുക പ്രദേശ വാസികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്.
കിഴക്കമ്പലം പഞ്ചായത്തിനെ സിംഗപൂര്‍ മോഡല്‍ ആക്കുമെന്നായിരുന്നു 2015 ല്‍ അധികാരത്തില്‍ എത്തും മുമ്പ് ട്വന്റി ട്വന്റി നല്കിയ വാഗ്ദാനം. എന്നാല്‍ ചേലക്കുളം വാര്‍ഡിലും പരിസരപ്രദേശത്തും സ്ഥിതി പരിതാപം തന്നെ. കമ്പനിയിലേക്ക് എത്താനുള്ള വഴികള്‍ ടാര്‍ ചെയ്യുകയും ട്വന്റി ട്വന്റിയുടെ പബ്ലിസിറ്റിക്കായി ഗോഡ്സ് വില്ല, ഭക്ഷ്യമാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്, എന്നാല്‍ ഇതിന്റെ ഗുണം ലഭിക്കുന്നത് അവരുടെ അനുകൂലികള്‍ക്ക് മാത്രമാണെന്നും പ്രദേശവാസികളിലൊരാള്‍ പറഞ്ഞു.

2015 ലെ തെരഞ്ഞെടുപ്പില്‍ ചേലക്കുളം വാര്‍ഡില്‍ നിന്നും ട്വന്റി ട്വന്റി പരാജയപ്പെട്ടതോടെ ഇത്തവണ കമ്പനി തൊഴിലാളികളുടെ വോട്ട് ചേര്‍ത്ത് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമവും ഇവര്‍ നടത്തി. കിഴക്കമ്പലത്തെ താല്‍ക്കാലിക മേല്‍വിലാസത്തില്‍ താമസിക്കുന്ന തൊഴിലാളികളുടെ വോട്ടായിരുന്നു ചേര്‍ത്തത്. പഞ്ചായത്ത് ഉദ്യോഗസ്ഥരുടേയും സെക്രട്ടറിയുടേയും പിന്‍ബലത്തിലാണ് ഇത്തരത്തിലൊരു നടപടി. കമ്പനി പ്രദേശത്ത് താമസിക്കുന്നവരില്‍ പലരും മാലിന്യപ്രശ്നവും മണവും സഹിച്ച് ജീവിക്കാന്‍ കഴിയാത്തതിനാല്‍ തന്നെ തുച്ഛമായ വിലക്ക് ഭൂമി വിറ്റ് ദൂരസ്ഥലത്ത് വാടക വീടുകളില്‍ താമസിക്കുകയാണ്.
‘സാബു എം ജേക്കബ് പറയുന്നത് ഞാന്‍ ആണ് ഇവിടുത്തുകാര്‍ക്ക് ജീവിതമാര്‍ഗം ഉണ്ടാക്കി കൊടുക്കുന്നതെന്നാണ്. ഞാന്‍ ആണ് ഇവിടുത്തെ എല്ലാം. അതിനപ്പുറത്തേക്ക് ഇവിടെയാരുമില്ലായെന്ന കാഴ്ച്ചപ്പാടാണ്. ഇന്ന് തന്നെ വിലങ്ങിലെ 11 ാം വാര്‍ഡില്‍ പുള്ളിയുടെ വീട്ടില്‍ ഒരു വിരുന്നു സല്‍ക്കാരം ഉണ്ടായിരുന്നു. അവിടെ അദ്ദേഹം പറഞ്ഞത് നിങ്ങള്‍ എന്റെ ഭക്ഷണം കഴിക്കാന്‍ വന്നിട്ടുണ്ട്. നിങ്ങള്‍ ആരൊക്കെ എനിക്ക് അവിടെ വോട്ട് ചെയ്തിട്ടുണ്ടെന്ന് എനിക്ക് അറിയാം. പക്ഷെ നിങ്ങള്‍ പോകാന്‍ നേരത്ത് ഏതെങ്കിലും പള്ളികളിലോ അമ്പലത്തിലോ പോയി വഴിപാട് ഇട്ട് വേണം വീട്ടിലേക്ക് പോകാന്‍. അല്ലെങ്കില്‍ നിങ്ങള്‍ വീട്ടിലേക്ക് എത്തില്ലായെന്ന രീതിയിലാണ് അവരുടെ സംസാരം. ആരെങ്കിലും വോട്ട് ചെയ്തില്ലെങ്കില്‍ ഭക്ഷണം കഴിക്കാന്‍ വരാന്‍ പാടില്ലായെന്നതാണ് അവിടുത്തെ ഏകാധിപത്യം.’
പ്രദേശവാസിയായ ചെറിയാന് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചതിന്റെ ഭാഗമാണിത്. ഇതില്‍ നിന്ന് തന്നെ ട്വന്റി ട്വന്റിയും സാബു എം ജേക്കബും മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിന്റെ ഭീകരത ഒരു പരിധിവരെ മനസിലാവും.

ഇത്തരത്തില്‍ ഒരു ജനാധിപത്യ രാജ്യത്ത് ഒരു പഞ്ചായത്തില്‍ കിറ്റെക്സ് എന്ന സ്വകാര്യ കമ്പനി വലിയ വാഗ്ദാനം നല്കിയ അധികാരത്തില്‍ എത്തുകയും അരാഷ്ട്രീയപരമായി കമ്പനി ഭരണം നടത്തുന്നതുമാണ് ഇവിടെ കണ്ടകാഴ്ച്ച. ഒപ്പം കമ്പനിയുടെ എല്ലാം ദൂഷ്യവശങ്ങളും അനുഭവിക്കുന്ന ഒരുപറ്റം മനുഷ്യരുടെ ചെറുത്ത് നില്‍പ്പും.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്വന്റി20 ചീഫ് കോഡിനേറ്റര്‍ വോട്ടര്‍മാരോട് നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. ത്രിതല പഞ്ചായത്തുകളിലേക്ക് ട്വന്റി 20 നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികളില്‍ വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയ്ക്ക് മാത്രം വോട്ട് ചെയ്ത് ബ്ലോക്ക്, ജില്ലാ വോട്ടുകള്‍ മറ്റ് മുന്നണികള്‍ക്ക് നല്കിയാല് കിഴക്കമ്പലം പഞ്ചായത്തില്‍ ‘ഞാന്‍’ അധികാരമേല്ക്കില്ലെന്ന് കിറ്റക്സ് ഉടമ പറയുന്നതായിരുന്നു വീഡിയോയില്‍. ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളും ജയിച്ചാല്‍ മാത്രമേ ഞാന്‍ ഭരണം ഏറ്റെടുക്കുകയുള്ളൂ. അല്ലെങ്കില്‍ നിങ്ങള്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് പോകേണ്ടി വരുമെന്നും ട്വന്റി20 സാബു പറയുന്നു. കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് പാര്‍ട്ടികളെ വൃത്തികെട്ടവന്മാര് എന്ന് വിശേഷിപ്പിക്കുന്ന കിറ്റക്സ് ഉടമ അവരെ കിഴക്കമ്പലത്ത് നിന്ന് തൂത്തെറിയണമെന്നും പ്രസംഗത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ട്വന്റി20 സ്ഥാനാര്‍ത്ഥികളെ വേദിയിലിരുത്തിയാണ് സാബു ജേക്കബിന്റെ തെരഞ്ഞെടുപ്പ് പ്രസംഗം.