‘കിഴക്കമ്പലം പഞ്ചായത്തില്‍ നിന്ന് ചികിത്സാസഹായമൊന്നും ലഭിച്ചില്ല’; ആരോപണങ്ങളുമായി കൊവിഡ് ബാധിച്ച് മരിച്ച യുവാവിന്റെ ഭാര്യ
കിഴക്കമ്പലത്ത് കൊവിഡ് ബാധിതന് തൊഴുത്തില്‍ കിടന്ന് മരിച്ച സംഭവത്തില്‍ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ ഗുരുതരആരോപണങ്ങളുമായി മരിച്ച എംഎന്‍ ശശി(സാബു)യുടെ ഭാര്യ.സാബുവിന്റെ ചികിത്സക്കായി പഞ്ചായത്തില്‍ നിന്ന് യാതൊരു ചികിത്സാ സഹായങ്ങളും കിട്ടിയില്ല എന്നതടക്കം ഗൗരവകരമായ പരാമര്‍ശങ്ങളാണ് പരാതിയിലുള്ളതെന്ന് പിവി ശ്രീനിജിന്‍ പറഞ്ഞു. ശശിയുടെ ഭാര്യ അടുത്തബന്ധുവഴിയാണ് പരാതി കൈമാറിയതെന്നും ഇതിന്റെ പകര്‍പ്പ് ഉടന്‍ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും ശ്രീനിജിന്‍ അറിയിച്ചു. ശ്രീനിജിന്‍ പറഞ്ഞത്: ”കിഴക്കമ്പലം പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ അമ്പുനാട്ടില് ഇക്കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ച ശ്രീ സാബുവിന്റെ മരണവുമായി […]

കിഴക്കമ്പലത്ത് കൊവിഡ് ബാധിതന് തൊഴുത്തില്‍ കിടന്ന് മരിച്ച സംഭവത്തില്‍ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ ഗുരുതരആരോപണങ്ങളുമായി മരിച്ച എംഎന്‍ ശശി(സാബു)യുടെ ഭാര്യ.
സാബുവിന്റെ ചികിത്സക്കായി പഞ്ചായത്തില്‍ നിന്ന് യാതൊരു ചികിത്സാ സഹായങ്ങളും കിട്ടിയില്ല എന്നതടക്കം ഗൗരവകരമായ പരാമര്‍ശങ്ങളാണ് പരാതിയിലുള്ളതെന്ന് പിവി ശ്രീനിജിന്‍ പറഞ്ഞു. ശശിയുടെ ഭാര്യ അടുത്തബന്ധുവഴിയാണ് പരാതി കൈമാറിയതെന്നും ഇതിന്റെ പകര്‍പ്പ് ഉടന്‍ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും ശ്രീനിജിന്‍ അറിയിച്ചു.
ശ്രീനിജിന്‍ പറഞ്ഞത്: ”കിഴക്കമ്പലം പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ അമ്പുനാട്ടില് ഇക്കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ച ശ്രീ സാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒട്ടനവധി കാര്യങ്ങള്‍ ഈ അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെയും പത്ര മാധ്യമങ്ങളിലൂടെയും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രാഷ്ട്രീയ-സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒട്ടനവധി പേരാണ് വിഷയത്തിന്റെ സത്യാവസ്ഥ അറിയുന്നതിനായി എന്നെ ഫോണിലൂടെയും അല്ലാതെയും ബന്ധപ്പെട്ടത്. ഇന്ന്, മരണപ്പെട്ട ശ്രീ സാബുവിന്റെ വിധവ അവരുടെ ഉറ്റ ബന്ധു വഴി ഒരു പരാതി എനിക്ക് കൈമാറുകയുണ്ടായി. ശ്രീ സാബുവിന്റെ ചികിത്സക്കായി പഞ്ചായത്തില്‍ നിന്ന് യാതൊരു ചികിത്സാ സഹായങ്ങളും കിട്ടിയില്ല എന്നതടക്കം ഗൗരവകരമായ പരാമര്‍ശങ്ങള്‍ ആണ് പരാതിയിലുള്ളത്. തുടര്‍ നടപടികള്‍ക്കായി ആലുവ എസ്. പി ശ്രീ. കാര്‍ത്തികിന്റെ നിര്‍ദ്ദേശ പ്രകാരം പരാതിയുടെ പകര്‍പ്പ് തടിയിട്ടപറമ്പ് സിഐ ക്ക് കൈമാറി. മറ്റൊരു പകര്‍പ്പ് ഉടന്‍ തന്നെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് കൈമാറുന്നതാണ്.”
കഴിഞ്ഞദിവസമാണ് കൊവിഡ് ബാധിതനായ കിഴക്കമ്പലം മലയിടംതുരുത്ത് ഒന്നാം വാര്‍ഡില്‍ മാന്താട്ടില്‍ എംഎന്‍ ശശി തൊഴുത്തില്‍ കിടന്ന് മരിച്ചത്. കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് ബാധിക്കാതിരിക്കാനാണ് വീടിന് സമീപത്തെ തൊഴുത്തില്‍ ശശി കഴിഞ്ഞത്. ഇവിടെ കഴിയുന്നതിനിടെ ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായി. തുടര്‍ന്ന് തൃപ്പൂണിത്തുറ എഫ്എല്‍ടിസിയിലും പിന്നീട് അമൃത ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ശശിയുടെ മരണത്തിന് പിന്നാലെ കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതിയ്ക്കെതിരെ കേസെടുക്കണമെന്ന് പരക്കെ ആവശ്യം ഉയര്‍ന്നിരുന്നു. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ പഞ്ചായത്ത് ഭരണസമിതിക്കെതിരെ കേസെടുക്കണമെന്നാണ് വിവിധതലങ്ങളില്‍ നിന്ന് ഉയര്‍ന്ന ആവശ്യം.
പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഇതേ വാര്‍ഡിലെ ആശാവര്‍ക്കറായ മിനി രതീഷ്, ശശിയുടെ മരണത്തിന് ശേഷവും ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു. ശശിയുടെ വീടിന് സമീപത്ത് തന്നെയാണ് മിനിയുടെ ഭര്‍ത്താവിന്റെ വീടും. അവര്‍ യഥാസമയം ഇടപെട്ടിരുന്നെങ്കില്‍ ശശി മരിക്കില്ലായിരുന്നെന്നാണ് അയല്‍വാസികളും പറയുന്നത്.