Top

‘നോട്ടീസ് ബാധകമല്ലാത്ത നിയമങ്ങള്‍ ലംഘിച്ചെന്ന് കാട്ടി’; സര്‍ക്കാറിന്റേത് വ്യവസായങ്ങളെ തകര്‍ക്കുന്ന നിലപാടെന്ന് കിറ്റെക്‌സ് ഉടമ

തന്റെ വ്യവസായത്തിന് ബാധകമല്ലാത്ത പല നിയമങ്ങളും ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ നിയമ ലംഘനം ആരോപിക്കുന്നത് എന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ഉടമ സാബു ജേക്കബ്. തനിക്ക് ലഭിച്ച പുതിയ നോട്ടീസ് സംബന്ധിച്ച് നടത്തിയ പ്രതികരണത്തിലായിരുന്നു സാബു ജേക്കബിന്റെ പ്രതികരണം. കിറ്റെക്‌സുമായി ബന്ധപ്പെട്ട് നടന്നത് എന്തെന്ന് ഗൗരവമായി പരിശോധിക്കുമെന്ന വ്യവസായ മന്ത്രി പി രാജീവിന്റെ പ്രതികരണത്തിന് പിന്നാലെയാണ് ആരോപണങ്ങള്‍ ആവര്‍ത്തിച്ച് കിറ്റെക്‌സ് ഗ്രൂപ്പ് ഉടമ വീണ്ടും രംഗത്ത് എത്തുന്നത്. സംസ്ഥാനത്തുള്ള വ്യവസായങ്ങളെ തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സാബു ജേക്കബ് ആവര്‍ത്തിച്ചു. […]

3 July 2021 4:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘നോട്ടീസ് ബാധകമല്ലാത്ത നിയമങ്ങള്‍ ലംഘിച്ചെന്ന് കാട്ടി’; സര്‍ക്കാറിന്റേത് വ്യവസായങ്ങളെ തകര്‍ക്കുന്ന നിലപാടെന്ന് കിറ്റെക്‌സ് ഉടമ
X

തന്റെ വ്യവസായത്തിന് ബാധകമല്ലാത്ത പല നിയമങ്ങളും ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ നിയമ ലംഘനം ആരോപിക്കുന്നത് എന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ഉടമ സാബു ജേക്കബ്. തനിക്ക് ലഭിച്ച പുതിയ നോട്ടീസ് സംബന്ധിച്ച് നടത്തിയ പ്രതികരണത്തിലായിരുന്നു സാബു ജേക്കബിന്റെ പ്രതികരണം. കിറ്റെക്‌സുമായി ബന്ധപ്പെട്ട് നടന്നത് എന്തെന്ന് ഗൗരവമായി പരിശോധിക്കുമെന്ന വ്യവസായ മന്ത്രി പി രാജീവിന്റെ പ്രതികരണത്തിന് പിന്നാലെയാണ് ആരോപണങ്ങള്‍ ആവര്‍ത്തിച്ച് കിറ്റെക്‌സ് ഗ്രൂപ്പ് ഉടമ വീണ്ടും രംഗത്ത് എത്തുന്നത്.

സംസ്ഥാനത്തുള്ള വ്യവസായങ്ങളെ തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സാബു ജേക്കബ് ആവര്‍ത്തിച്ചു. 76 നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് തനിക്ക് ലഭിച്ച നോട്ടീസില്‍ പറയുന്നത്. ഇതില്‍ പലതും തന്റെ വ്യവസായത്തിന് ബാധകമല്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബാധകമല്ലാത്ത നിയമങ്ങള്‍ താനെന്തിന് പാലിക്കണം. എല്ലാ നിയമങ്ങളും പാലിച്ചിട്ടുണ്ട്. എല്ലാ രേഖകളും ഹാജരാക്കാം. പതിനായിരക്കണക്കിന് ആളുകള്‍ ജോലിചെയ്യുന്ന ഒരു ഫാക്ടറിയെ നശിപ്പിക്കാനാണ് ഇങ്ങനെയൊരു നീക്കം. മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മിന്നല്‍ പരിശോധന വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും വിഷയത്തില്‍ സര്‍ക്കാര്‍ സമീപനം പോസിറ്റീവാണെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഒരു സ്ഥാപനത്തിലും തെറ്റായ രീതിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തില്ല. സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെങ്കില്‍ മാത്രം ഇത്തരം തീരുമാനം എടുത്താല്‍ മതിയായിരുന്നെന്നും രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.

നാടിന് ക്ഷീണം ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും പി രാജീവ് വ്യക്തമാക്കി. ‘കിറ്റെക്‌സ് മാനേജ്‌മെന്റിനെ 28ന് തന്നെ വിളിച്ചിരുന്നു. സാബുവിനെ വിളിച്ചാല്‍ എപ്പോഴും തിരക്കാണ്. അതിനാല്‍ സഹോദരന്‍ ബോബി ജേക്കബുമായി സംസാരിച്ചിരുന്നു. നാടിനു അപകീര്‍ത്തിപരമായ രീതിയില്‍ പോകണോയെന്ന് അവര്‍ തീരുമാനിക്കേണ്ടതായിരുന്നു. കിറ്റെക്‌സിന് കെ സുരേന്ദ്രന്റെ വക്കാലത്തിന്റെ ആവശ്യം ഉണ്ടോ. അവര്‍ നന്നായി കാര്യങ്ങള്‍ പറയാന്‍ അറിയാവുന്നവര്‍ ആണ്. സര്‍ക്കാര്‍ നടപടികള്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ അല്ല. വിഷയത്തെ 2020യുമായി കൂട്ടി കലര്‍ത്തേണ്ട കാര്യം ഇല്ല.’ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ മത്സരിച്ചത് കൊണ്ട് എല്‍ഡിഎഫിന് ഒന്നും നഷ്ടപ്പെട്ടില്ലെന്നും പി രാജീവ് പറഞ്ഞു. നടന്നത് എന്തെന്ന് പരിശോധിക്കുമെന്നും പ്രശ്‌നം ഗൗരവമായി കാണുമെന്നും രാജീവ് പറഞ്ഞു. 3500 കോടി പദ്ധതിയുമായി ഇനി കിറ്റെക്‌സ് വന്നാലും സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story