കിറ്റെക്സ് തൊഴിലാളി ലയങ്ങളില്‍ അറ്റകുറ്റപ്പണി തുടങ്ങി; നടപടി ലയങ്ങളിലെ നടുക്കുന്ന കാഴ്ച്ചകള്‍ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടതിന് പിന്നാലെ
വെള്ളക്കെട്ടുകള്‍ തൊഴിലാളികളെ ഉപയോഗിച്ച് തന്നെ മെറ്റല്‍ ഇറക്കിച്ച് നികത്താനുള്ള പ്രവര്‍ത്തനങ്ങളും വാര്‍ത്തയ്ക്ക് പിന്നാലെ ലയങ്ങളില്‍ നടന്നുവരികയാണ്.
7 Jun 2021 10:13 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ട്വന്റി-20 ചെയര്മാന് സാബു എം ജേക്കബിന്റെ ഉടമസ്ഥതയിലുള്ള കിറ്റെക്സ് ഗ്രൂപ്പിലെ തൊഴിലാളി ലയങ്ങളിലെ നടുക്കുന്ന കാഴ്ചകള്‍ റിപ്പോര്‍ട്ടര്‍ ലൈവ് പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ നടപടിയ്ക്കൊരുങ്ങി കിറ്റെക്സ് ഗ്രൂപ്പ്. ലയങ്ങളില്‍ അറ്റകുറ്റ പണികള്‍ നടത്താനും ഉടനടി മോടി പിടിപ്പിക്കാനുമാണ് കിറ്റെക്സ് ഗ്രൂപ്പ് ഒരുങ്ങുന്നത്. റിപ്പോര്‍ട്ടര്‍ ലെവിന്റെ വാര്‍ത്ത ചര്‍ച്ചയായതിന് തൊട്ടുപിന്നാലെ ധൃതിപിടിച്ച് ലയങ്ങളുടെ പുറത്ത് പെയിന്റ് അടിക്കാനും വെള്ളത്തിന്ർറെ പെെപ്പ് ലെെനുകള്ർക്ക് ചുറ്റുമായി അണുവിമുക്തമാക്കാനും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളെല്ലാം തൊഴിലാളികളെക്കൊണ്ട് തന്നെ വൃത്തിയാക്കാനും മെറ്റല്‍ ഇറക്കിച്ച് നികത്താനുള്ള പ്രവര്‍ത്തനങ്ങളും വാര്‍ത്തയ്ക്ക് പിന്നാലെ ലയങ്ങളില്‍ നടന്നുവരികയാണെന്നാണ് വിവരം.
ലോകത്തിലെ തന്നെ ഏറ്റവും വലിയ വസ്ത്ര നിര്‍മ്മാണ ശാലയായ കിറ്റെക്സ് അവര്‍ സ്ഥിതി ചെയ്യുന്ന ചേലക്കുളം വാര്‍ഡില്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിഘാതങ്ങളെകുറിച്ചും തൊഴിലാളികള്‍ കമ്പനിക്കുള്ളില്‍ അനുഭവിക്കുന്ന ദുരിതത്തെകുറിച്ചും റിപ്പോര്‍ട്ടര്‍ ടിവി തന്നെ നേരത്തെ പുറത്തെത്തിച്ചിരുന്നു. എന്നാല്‍ ഏറെ കരുതല്‍ വേണ്ട ഈ കൊവിഡ്-19 കാലത്ത് പഴയതിലും ഭീകരമായഅവസ്ഥയിലാണ് ലയങ്ങളുള്ളതെന്ന് റിപ്പോര്‍ട്ടര്‍ ടിവി കൊവിഡ് കാലത്തെ ലയങ്ങളുടെ ചിത്രങ്ങളിലൂടെ വ്യക്തമാക്കുകയായിരുന്നു.
തങ്ങളുടെ തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി മൈക്രോ ഷെല്‍ട്ടറുകള്‍ ഒരുക്കിയെന്നാണ് കാലങ്ങളായി സാബു എം ജേക്കബ് അവകാശപ്പെടുന്നത്. ഇത് സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ പൊളിയുന്നതായിരുന്നു ഇക്കഴിഞ്ഞ മാര്‍ച്ച് മാസാവസാനം ലയങ്ങള്‍ക്ക് സംഭവിച്ചത്. ചെറിയ കാറ്റിലും മഴയിലും ഷെല്‍റ്ററിന്റെ മേല്‍ക്കൂര തകര്‍ന്നു. കമ്പനി പ്രവര്‍ത്തിക്കുന്ന സമയമായതിനാലാണ് അന്ന് വലിയ അപകടം ഒഴിവായത്.
റിപ്പോര്‍ട്ടര്‍ ലൈവ് പുറത്തുവിട്ട ചിത്രങ്ങളും റിപ്പോര്‍ട്ടും: കിറ്റെക്സ് തൊഴിലാളികളെ പാര്‍പ്പിക്കുന്നത് പന്നിഫാമിന് സമാനമായ ക്യാമ്പില്‍; ‘മൈക്രോഷെല്റ്ററു’കളുടെ ചിത്രങ്ങള്‍ പുറത്ത്