Top

‘കുറച്ച് പ്രശ്‌നത്തിലാണ്, ഭക്ഷ്യക്ഷാമമുണ്ട്’; ഒടുവില്‍ കിം ജോങ് ഉന്‍ സമ്മതിച്ചു

കഴിഞ്ഞ വര്‍ഷമുണ്ടായ ചുഴലിക്കാറ്റില്‍ കാര്‍ഷിക മേഖല ആകെ തകര്‍ന്നെന്നും ഇത് രാജ്യത്തെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നും തങ്ങള്‍ കുറച്ച് പ്രശ്‌നത്തിലാണെന്നും ഉന്‍ സമ്മതിച്ചെന്നാണ് വിവരം.

17 Jun 2021 5:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കുറച്ച് പ്രശ്‌നത്തിലാണ്, ഭക്ഷ്യക്ഷാമമുണ്ട്’; ഒടുവില്‍ കിം ജോങ് ഉന്‍ സമ്മതിച്ചു
X

ഉത്തരകൊറിയയില്‍ കനത്ത ഭക്ഷ്യക്ഷാമമുണ്ടെന്ന് ഔദ്യോഗികമായി തുറന്ന് സമ്മതിച്ച് ഭരണാധികാരി കിം ജോങ് ഉന്‍. രാജ്യത്തെ ഭരണാധികാരികള്‍ നിരവധി പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്നും അതില്‍ ഏറ്റവും രൂക്ഷമായത് ഭക്ഷ്യക്ഷാമമാണെന്നും ഉന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതതല യോഗത്തില്‍ വെച്ച് സമ്മതിച്ചെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളും പ്രകൃതി ദുരന്തങ്ങള്‍ മൂലമുണ്ടായ ദുരിതങ്ങളും സര്‍ക്കാരിന് മുന്നിലുണ്ടെന്നും കിം സമ്മതിച്ചു. കഴിഞ്ഞ വര്‍ഷമുണ്ടായ ചുഴലിക്കാറ്റില്‍ കാര്‍ഷിക മേഖല ആകെ തകര്‍ന്നെന്നും ഇത് രാജ്യത്തെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നും തങ്ങള്‍ കുറച്ച് പ്രശ്‌നത്തിലാണെന്നും ഉന്‍ സമ്മതിച്ചെന്നാണ് വിവരം.

ഏകാധിപത്യ ഭരണത്തിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച ഉത്തര കൊറിയയില്‍ നിന്നും വാര്‍ത്തകള്‍ പുറം ലോകത്തെത്തുന്നതിന് ഒട്ടേറെ നിയന്ത്രണങ്ങളുണ്ട്. ഭരണാധികാരിയായ കിം തന്നെ ഭക്ഷ്യക്ഷാമത്തിന്റെ കാര്യം തുറന്ന് സമ്മതിച്ചതാണ് അന്താരാഷ്ട്ര മാധ്യമങ്ങളെ ഞെട്ടിച്ചത്. ഉത്തര കൊറിയയില്‍ കടുത്ത ഭക്ഷ്യക്ഷാമമുണ്ടെന്ന് മുന്‍പ് തന്നെ പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക വിശദീകരണം ഉണ്ടായിരുന്നില്ല.

കൊറിയയിലെ സര്‍ക്കാര്‍ മാധ്യമമായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി തന്നെ ക്ഷാമത്തെക്കുറിച്ചുള്ള കിമ്മിന്റെ വാക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തു എന്നതും ശ്രദ്ധേയമാണ്. ക്ഷാമത്തിന്റെ കാര്യത്തില്‍ കഴിവതും വേഗത്തില്‍ ഇടപെടണമെന്ന് ഉന്‍ പാര്‍ട്ടി ഉന്നതരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും പെരുകുകയാണെന്നും കിം ഭരണത്തിന്‍ കീഴില്‍ ജനങ്ങള്‍ വലയുകയാമെന്നും വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.

Next Story