
കോണ്‍ഗ്രസ് വിട്ട് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പ് ബിജെപി ക്യാംപിലെത്തിയ ഖുശ്ബുവിനെ തിരിഞ്ഞുകൊത്തി മുന്‍കാല വിമര്‍ശനങ്ങള്‍. ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും സംഘ്പരിവാറിനേയുമെല്ലാം രൂക്ഷ ഭാഷയില്‍ ഖുശ്ബു വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ കുത്തിപ്പൊക്കിക്കൊണ്ടിരിക്കുകയാണ് ട്വിറ്ററാറ്റികള്‍. ‘സംഘികള്‍ കുരങ്ങന്മാരേപ്പോലയാണ് പെരുമാറുന്നത്’ എന്ന് പരിഹസിക്കുന്ന ട്വീറ്റിന്റെ സ്ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ ഓടിത്തുടങ്ങി.
ആഡംബര വിമാനം വാങ്ങിയതിനെ വിമര്‍ശിച്ച് മോഡിയെ മെന്‍ഷന്‍ ചെയ്തുകൊണ്ട് ഒക്ടോബര്‍ ഏഴിന് ഖുശ്ബു പ്രതികരിച്ചിരുന്നു.
ഖുശ്ബുവിന്റെ ബുധനാഴ്ച്ചത്തെ ട്വീറ്റ് ഇങ്ങനെ
“നിങ്ങള്‍ ഒരു സംഘിയാണെന്ന് സമ്മതിക്കുന്ന നിമിഷം മുതല്‍ നിങ്ങള്‍ക്ക് ഒരു കര്‍ഷകന്റെ പ്രശ്നങ്ങള്‍ കാണാന്‍ കഴിയില്ല. കര്‍ഷകബില്ലുകള്‍ നിങ്ങള്‍ക്ക് അത്ര അപരിചിതമാണ്.”

ഒക്ടോബര്‍ ഏഴ് വരെ മോഡിയെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ ഖുശ്ബു പങ്കുവെച്ചിട്ടുണ്ട്. നൊബേല്‍ സമ്മാന ജേതാവായ സാമ്പത്തിക വിദഗ്ധന്‍ ജോസഫ് സ്റ്റിഗ്ലിറ്റ്സ് നരേന്ദ്ര മോഡി ഭിന്നിപ്പ് അവസാനിപ്പിക്കണമെന്നും കൊവിഡ് പ്രതിരോധം അമ്പേ പരാജയമാണെന്നും പ്രതികരിച്ച വാര്‍ത്ത രണ്ട് തവണയാണ് മുന്‍ കോണ്‍ഗ്രസ് ദേശീയ വക്താവ് പങ്കുവെച്ചിരിക്കുന്നത്.
‘മോഡി ഇന്ത്യയെ വിഭജിക്കാനാണ് ശ്രമിച്ചത്. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും എതിരാക്കി. ഇത് സമൂഹത്തിനൊപ്പം സാമ്പദ് വ്യവസ്ഥയേയും ഇടിച്ചുകളയും. അടിസ്ഥാനപരമായുള്ള ഭിന്നിപ്പ് ഇന്ത്യയെ എന്നെന്നേക്കുമായി ദുര്‍ബലപ്പെടുത്തും’ എന്ന് നൊബേല്‍ ജേതാവ് പറഞ്ഞതുള്‍പ്പെടെ, വാര്‍ത്തയിലെ പ്രസക്തഭാഗങ്ങള്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഖുശ്ബു ഇതും റീട്വീറ്റ് ചെയ്തിട്ടുണ്ട്.

പഞ്ചാബിലെ കര്‍ഷക സമരത്തിന് മുന്‍പ് കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനവും ഖുശ്ബു ട്വീറ്റ് ചെയ്തിട്ടുണ്ട്. മോഡി ഭീരുവാണെന്നും കര്‍ഷകരെ ആക്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞ പ്രസ്മീറ്റിലെ നാല് വീഡിയോകള്‍ ഇപ്പോഴും ഖുശ്ബുവിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കാണാം.
- TAGS:
- Khushbu Sundar