Top

ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; രാഷ്ട്രീയ കളികളുടെ ഇരയെന്ന് ശിവശങ്കര്‍

ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന്

19 Oct 2020 3:10 AM GMT

ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; രാഷ്ട്രീയ കളികളുടെ ഇരയെന്ന് ശിവശങ്കര്‍
X

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കസ്റ്റംസ് കേസില്‍ ശിവശങ്കറെ വെള്ളിയാഴ്ച്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതി നടപടി.

തുടര്‍ച്ചയായ ചോദ്യം ചെയ്യലും യാത്രയും ആരോഗ്യത്തെ സാരമായി ബാധിച്ചെന്ന് ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. 90 മണിക്കൂറോളം വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്തു കഴിഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മാത്രം 34 മണിക്കൂര്‍ ചോദ്യം ചെയ്തു. ആവശ്യപ്പെട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാന്‍ തയാറാണ്. കസ്റ്റംസ് നിയമവ്യവസ്ഥ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ചോദ്യം ചെയ്യലിന് കസ്റ്റംസിന്റെ കാറില്‍ വരാന്‍ അവര്‍ നിര്‍ബന്ധിച്ചു. സ്വന്തം കാറില്‍ പോകാന്‍ അനുവദിച്ചില്ല. ഏത് കേസില്‍ ആണ് ചോദ്യം ചെയ്യുന്നതു എന്ന് പോലും നോട്ടീസില്‍ വ്യക്തമായിരുന്നില്ല. വെള്ളിയാഴ്ച്ച അറസ്റ്റിന് തെരഞ്ഞെടുത്തത് ബോധപൂര്‍വ്വമാണ്. തന്നെ ആശുപത്രിയില്‍ നിന്നിറക്കാന്‍ കസ്റ്റംസ് ശ്രമിക്കുകയാണെന്നും ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു.

അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ പറഞ്ഞു.ശിവശങ്കർ രാഷ്ട്രീയം കളിക്കുന്നുവെന്നും കസ്റ്റംസ് പറഞ്ഞു.

ഈന്തപ്പഴം ഇറക്കുമതി വിതരണം ചെയ്തതിന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയതായി കസ്റ്റംസ് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും നല്‍കിയ മൊഴികള്‍ ശിവശങ്കറിനെതിരാണെന്നാണ് വിവരം. ശിവശങ്കര്‍ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും മറ്റുള്ളവരുടെ മൊഴികളുമായി പൊരുത്തക്കേടുകളുണ്ടെന്നും സൂചനയുണ്ടായിരുന്നു.

Next Story