Top

‘കൂട്ട പരിശോധന ആരോഗ്യ സംവിധാനത്തെ ബാധിക്കും, രോഗലക്ഷണമുള്ളവരിലും രോഗസാധ്യതയുള്ളവരിലേക്കും പരിശോധന നിജപ്പെടുത്തണം’; കെജിഎംഒഎ നിര്‍ദ്ദേശങ്ങള്‍

മുഴുവന്‍ ജനങ്ങളും രോഗവ്യാപനം തടയുന്ന പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നു എന്ന് കര്‍ശനമായി ഉറപ്പു വരുത്തുകയുമാണ് ഈ പാന്റമിക്കിന്റെ ഇന്നത്തെ അവസ്ഥയില്‍ നിര്‍ബന്ധമായും ചെയ്യേണ്ടത്.

22 April 2021 12:27 AM GMT

‘കൂട്ട പരിശോധന ആരോഗ്യ സംവിധാനത്തെ ബാധിക്കും, രോഗലക്ഷണമുള്ളവരിലും രോഗസാധ്യതയുള്ളവരിലേക്കും പരിശോധന നിജപ്പെടുത്തണം’; കെജിഎംഒഎ നിര്‍ദ്ദേശങ്ങള്‍
X

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശങ്കകളും നിര്‍ദ്ദേശങ്ങളും പങ്കുവെച്ച് മുഖ്യമന്ത്രിക്ക് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ കത്ത്. കഴിഞ്ഞ ഒന്നരവര്‍ഷക്കാലം കൊവിഡ് പോരാട്ടത്തിന്റെ ഭാഗമായിരുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ആരോഗ്യവിദഗ്ദര്‍ക്ക് മുന്നോട്ടുവെക്കാനുള്ള നിര്‍ദ്ദേശങ്ങളും പരിശോധന, ചികിത്സ, വാക്‌സിന്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ആശങ്കകളും പങ്കുവെച്ചാണ് കെജിഎംഒഎയുടെ കത്ത്.

കൂട്ട പരിശോധന നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിലാണ് കെജിഎംഒഎ പ്രധാനമായും ആശങ്കയറിയിക്കുന്നത്. ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് സംവിധാനങ്ങള്‍ക്ക് താങ്ങാവുന്നതിലുമപ്പുറം പരിശോധനകള്‍ നടത്തുന്നത് ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും. പരിശോധന ഫലം വരാന്‍ ദിവസങ്ങള്‍ തന്നെ കാത്തിരിക്കേണ്ടി വരുന്നത് ഓഗ്മെന്റഡ് ടെസ്റ്റിംഗിന്റെ ഉദ്ദേശം തന്നെ വിഫലമാക്കുന്നതാണെന്നും നിര്‍ബന്ധമായും ചെയ്യേണ്ട പരിശോധനയുടെ ഫലം യഥാസമയത്ത് ലഭിക്കാത്തത് ചികിത്സയെ പ്രതികൂലമായി ബാധിക്കുമെന്നും കെജിഎംഒഎ കത്തില്‍ പറയുന്നു.

പരിശോധന സാമ്പിള്‍ എടുക്കാനുള്ള മാനവ വിഭവശേഷിയും വകുപ്പില്‍ പരിമിതമാണ്. ഈ വസ്തുതകള്‍ കണക്കിലെടുത്ത് പരിശോധന രോഗലക്ഷണമുള്ളവരിലും അവരുമായി പ്രാഥമിക സമ്പര്‍ക്കമുള്ളവരിലേക്കും രോഗസാധ്യതയുള്ള പ്രത്യേക വിഭാഗങ്ങളിലേക്കും നിജപ്പെടുത്തണം.

എല്ലാം സ്വകാര്യ ആശുപത്രികളുടെയും സേവനം കോവിഡ് ചികിത്സക്ക് പ്രയോജനപ്പെടുത്തണം. അര്‍ഹതപ്പെട്ടവര്‍ക്ക് കെഎഎസ്പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പു വരുത്തണം. സ്വകാര്യ സ്ഥാപനങ്ങളില്‍ സര്‍വ്വീസ് ചാര്‍ജ് മാത്രം ഈടാക്കി വാക്‌സിന്‍ സൗജന്യമാക്കണമെന്നും കെജിഎംഒഎ നിര്‍ദ്ദേശിക്കുന്നു.

Also Read: രണ്ട് ലക്ഷം കോടിയിലധികം കടമുള്ള സംസ്ഥാനത്തിന്റെ താല്‍ക്കാലിക അധിപനാണ്, ബഡായി നിര്‍ത്തൂ’; കേരളത്തില്‍ സൗജന്യ വാക്‌സിന്‍ വേണ്ടെന്ന് എപി അബ്ദുള്ളക്കുട്ടി

കത്തിന്റെ പൂര്‍ണ്ണരൂപം:

സ്വീകര്‍ത്താവ്,

ശ്രീ പിണറായി വിജയന്‍
മുഖ്യമന്ത്രി

സര്‍,

വിഷയം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കെജിഎംഒഎ സമര്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍.

കോവിഡ് പ്രതിരോധ ചികിത്സാരംഗത്ത് കഴിഞ്ഞ ഒന്നര വര്‍ഷമായി ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ സ്വന്തം ആരോഗ്യം പോലും തൃണവത്കരിച്ച് ആത്മസമര്‍പ്പണത്തോടെ ജോലി ചെയ്തു വരുന്നു. പൊതുജനാരോഗ്യരംഗത്തെ വിദഗ്ദരുടെ കൂട്ടായ്മ എന്ന നിലയിലും കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി ഈ മഹാമാരിക്കെതിരെ പോരാടിയ ഫീല്‍ഡ് തല പരിജ്ഞാനത്തിന്റെയും വെളിച്ചത്തില്‍ കെ ജി എം ഒ എ ഈ വിഷയത്തില്‍ ഞങ്ങളുടെ ആശങ്കകള്‍ അറിയിക്കുകയും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു.

 1. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് സ്വാഗതാര്‍ഹമാണ് എന്നാല്‍ നിലവിലെ സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ അടിസ്ഥാന സൗകര്യം കൂടെ പരിഗണിക്കുമ്പോള്‍ ഇതിന്റെ പ്രായോഗികതയിലും ശാസ്ത്രീയതയിലും കെജിഎംഒഎക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്. നമ്മുടെ ആര്‍ടിപിസിആര്‍
  ടെസ്റ്റിംഗ് സംവിധാനങ്ങള്‍ക്ക് താങ്ങാവുന്നതിലുമപ്പുറം പരിശോധനകളാണ് ഇപ്പോള്‍ ചെയ്യുന്നത്. പരിശോധന ഫലം വരാന്‍ ദിവസങ്ങള്‍ തന്നെ കാത്തിരിക്കേണ്ടി വരുന്നു. കഴിഞ്ഞ ആഴ്ചയിലെ ഓഗ്മെന്റഡ് ടെസ്റ്റിംഗിന്റെ ഫലം ഇപ്പാഴും പൂര്‍ണ്ണമായും ലഭ്യമായിട്ടില്ല.

ഇത് ഓഗ്മെന്റഡ് ടെസ്റ്റിംഗിന്റെ ഉദ്ദേശം തന്നെ വിഫലമാക്കുന്നതാണ്. മാത്രമല്ല ചികിത്സാര്‍ത്ഥം നിര്‍ബന്ധമായും ചെയ്യേണ്ട പരിശോധനയുടെ ഫലം യഥാസമയത്ത് ലഭ്യമാവുന്നതിനെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. പരിശോധന സാമ്പിള്‍ എടുക്കാനുള്ള മാനവ വിഭവശേഷിയും വകുപ്പില്‍ പരിമിതമാണ്. ഈ വസ്തുതകള്‍ പരിഗണിക്കാതെ വീണ്ടും കൂട്ട പരിശോധന നടത്താനുള്ള തീരുമാനം നമ്മുടെ ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും എന്ന് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഈ വസ്തുതകള്‍ കണക്കിലെടുത്ത് പരിശോധന രോഗലക്ഷണമുള്ളവരിലും അവരുടെ പ്രാഥമിക സമ്പര്‍ക്കത്തിലേക്കും രോഗസാധ്യതയുള്ള പ്രത്യേക വിഭാഗങ്ങളിലേക്കും നിജപ്പെടുത്തണം. മുഴുവന്‍ ജനങ്ങളും രോഗവ്യാപനം തടയുന്ന പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നു എന്ന് കര്‍ശനമായി ഉറപ്പു വരുത്തുകയുമാണ് ഈ പാന്റമിക്കിന്റെ ഇന്നത്തെ അവസ്ഥയില്‍ നിര്‍ബന്ധമായും ചെയ്യേണ്ടത്.

ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് കപ്പാസിറ്റി കൂട്ടുവാനുള്ള ലാബ് സൗകര്യങ്ങള്‍ അടിയന്തിരമായി ഒരുക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു. കൂടുതല്‍ ആന്റിജന്‍ ടെസ്റ്റിംഗ് കിറ്റ് ലഭ്യതയും ഉറപ്പ് വരുത്തണം. സര്‍ക്കാര്‍ സംവിധാനത്തിലെ സ്വാബ് കളക്ഷന്‍ ലാബ് ടെക്‌നീഷ്യന്‍മാര്‍, ദന്തല്‍ ഡോക്ടര്‍മാര്‍, എംഎല്‍എസ്പി സ്റ്റാഫ് നേഴ്‌സ് തുടങ്ങിയവരെ ഉപയോഗപ്പെടുത്തിയുള്ള സംവിധാനം വിപുലീകരിക്കുകയും ഇതിന് അധികമായി വേണ്ട മാനവ വിഭവശേഷി ഉറപ്പു വരുത്തുകയും വേണം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ കുറവ് വലിയ തോതില്‍ ഈ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇതും പരിഹരിക്കപ്പെടണം.

 1. ഹോം ട്രീറ്റ്‌മെന്റ് പ്രോത്സാഹിപ്പിക്കുകയും വീടുകളില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി ക്വാറന്റീന്‍ സെന്റര്‍ പോലെ Domiciliary Care Center തുടങ്ങുകയും വേണം. ഇതിലൂടെ HR
  ഉപയോഗം കുറക്കാന്‍ സാധിക്കും. ക്വാറന്റീന്‍ ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം തദ്ദേശ വകുപ്പിന് കൂടി വിഭജിച്ച് നല്‍കണം.
 2. പുതിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍, സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ എന്നിവ തുടങ്ങുമ്പോള്‍ അടുത്ത 6 മാസത്തേക്കെങ്കിലും താല്‍ക്കാലിക നിയമനം വഴി HR
  ഉറപ്പ് വരുത്തണം. ഇവിടത്തെ ശുചീകരണം, ഭക്ഷണ, അടിസ്ഥാന സൗകര്യ ചുമതലകള്‍ തദ്ദേശഭരണ വകുപ്പിനാകണം. ഓരോ ജില്ലകളിലും നിശ്ചിത എണ്ണം സിഎഫ്എല്‍ടിസികള്‍ need base
  ല്‍ തുടങ്ങുകയും ഓരോ സിഎഫ്എല്‍ടിസിയുടെയും കപ്പാസിറ്റി ഉപയോഗപ്പെടുത്തിയതിന് ശേഷം മാത്രം പുതിയ സിഎഫ്എല്‍ടിസികള്‍ തുടങ്ങുന്നുള്ളു എന്ന് ഉറപ്പു വരുത്തണം.

4) എല്ലാം സ്വകാര്യ ആശുപത്രികളുടെയും സേവനം കോവിഡ് ചികിത്സക്ക് പ്രയോജനപ്പെടുത്തണം. അര്‍ഹതപ്പെട്ടവര്‍ക്ക് KASP പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പു വരുത്തണം.

 1. ലഭ്യമായ ബെഡുകളുടെ കണക്ക് കൃത്യമായി അറിയുന്നതിനുള്ള കേന്ദ്രീകൃത സംവിധാനം ഒരുക്കുക.
 2. കോവിഡ് വാക്‌സിനേഷന്‍ വേഗത്തില്‍ പരമാവധി പേരിലേക്ക് എത്തിക്കേണ്ടതുണ്ട്.

a)വാര്‍ഡ് തല സമിതികള്‍ വഴി ഓരോ വാര്‍ഡിലും വാക്‌സിനര്‍ഹരായവരെ രജിസ്റ്റര്‍ ചെയ്യണം.

b) കൂടുതല്‍ മെഗാ കാമ്പുകളും സംഘടിപ്പിക്കുക

c) താലൂക് തലത്തില്‍ വിസ്തീര്‍ണമനുസരിച്ച് ഡെഡിക്കേറ്റഡ് വാക്‌സിന്‍ സെന്ററുകള്‍ രൂപീകരിക്കുക

d) മൊബൈല്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ രൂപീകരിക്കുക.

e) വാക്‌സിനേഷന്‍ സെന്ററുകളുടെ വിവരവും ലഭ്യമായ വാക്‌സിന്റെ കാര്യം ജനങ്ങളെ മാധ്യമങ്ങളിലൂടെ അറിയിക്കുവാനുള്ള സംവിധാനം ഉണ്ടാവണം

f) സ്വകാര്യ സ്ഥാപനങ്ങളില്‍ സര്‍വ്വീസ് ചാര്‍ജ് മാത്രം ഈടാക്കി വാക്‌സിന്‍ സൗജന്യമാക്കുക

g) വാക്‌സിന്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ പൊതു ജനങ്ങളില്‍ അവബോധമുണ്ടാക്കുക

വാക്‌സിനേഷന്‍ വ്യാപിപ്പിക്കുന്നതിനായി കൂടുതല്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാരെ കൊവിഡ് ബ്രിഗേഡിന്റെ കീഴില്‍ നിയമിക്കുണം. ഫീല്‍ഡ് തല കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗമുണ്ടാവാതിരിക്കാന്‍ ഇത് ആവശ്യമാണ്.

 1. എല്ലാ തരം ആള്‍ക്കൂട്ടങ്ങളും നിയമപരമായി തന്നെ നിയന്ത്രിക്കണം.
 2. ആരോഗ്യജീവനക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ,ഓര്‍ഡറുകളും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ തലത്തില്‍ നിന്നു തന്നെ ഉണ്ടാവുകയും, അതു എല്ലാജില്ലകളിലും ഒരു പോലെ പ്രാവര്‍ത്തികമാക്കുകയും ചെയ്യണം. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരെ പൊതുജനാരോഗ്യ സംബന്ധമായ വിഷയങ്ങളിലുള്ള ചര്‍ച്ചയിലും നയരൂപീകരണത്തിലും പരിഗണിക്കപ്പെടണം. കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് പിന്തുണയേകുന്ന തരത്തിലുള്ള സമീപനമായിരിക്കണം അധികാരികളില്‍ നിന്ന് ഉണ്ടാകേണ്ടത് എന്ന് സംഘടന ആവശ്യപ്പെടുന്നു.
 3. വൈറസിന്റെ ജനിതക ശ്രേണീകരണം, ഗവേഷണം തുടങ്ങിയവ നടത്തുകയും അവയുടെ ഫലം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭ്യമാകുകയും വേണം.

കോവിഡ് പ്രതിരോധ ചികിത്സാരംഗത്ത് കെജിഎംഒഎ നടത്തുന്ന ആത്മാര്‍ത്ഥ പ്രവര്‍ത്തനം ഞങ്ങള്‍ തുടരുക തന്നെ ചെയ്യും. ഇതോടൊപ്പം സംഘടന സമര്‍പ്പിക്കുന്ന പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഉള്‍കൊണ്ടുള്ള തീരുമാനമുണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കന്നു.

                       വിശ്വസ്തതയോടെ,

ഡോ: ജി എസ് വിജയകൃഷ്ണന്‍ ഡോ. ടി.എന്‍.സുരേഷ്
പ്രസിഡന്റ് ജനറല്‍ സെക്രട്ടറി

Also Read: വേണ്ടത്ര വാക്സിൻ ജില്ലകളിൽ ലഭ്യമാകുന്നില്ല , പലയിടത്തും നീണ്ടനിരകൾ ദൃശ്യം; വിതരണ നടപടികൾ സുഗമമാക്കി ഭരണകൂടം

Next Story