റോക്കിയും അധീരയും തമ്മിലുള്ള ക്ലൈമാക്‌സ് പോരാട്ടം കഴിഞ്ഞു; ശേഷം ഭാഗം സ്‌ക്രീനിൽ

‘കെജിഎഫ് പാര്‍ട്ട്‌ 2’ന്റെ പുതിയ വിശേഷങ്ങളുമായി സംവിധായകന്‍ പ്രശാന്ത് നീല്‍. ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം പൂർത്തിയായെന്ന് സംവിധായകൻ ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞു.

ഭ്രാന്തവും ക്ഷീണിപ്പിക്കുന്നതുമായ ക്ലൈമാക്സ് ഷൂട്ടിംഗ് അവസാനിച്ചു. സഞ്ജയ് ദത്ത് ഒരു പോരാളി തന്നെ. യാഷുമായി വർക്ക് ചെയ്യുന്നത് ശരിക്കും ഒരു മികച്ച അനുഭവമായിരുന്നു. കെജിഎഫ് പാര്‍ട്ട്‌ 2 എല്ലാവരും സ്ക്രീനിൽ തന്നെ കാണാനായി ഞാൻ കാത്തിരിക്കുന്നു

പ്രശാന്ത് നീല്‍

അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനമൊരുക്കുന്നത്. അന്‍പുമണി, അറിവുമണി എന്നീ ഇരട്ടസഹോദരന്മാര്‍ ചേര്‍ന്നറിയപ്പെടുന്ന പേരാണ് ‘അന്‍പറിവ്’. ‘ഇതുക്ക്‌ താനേ ആസൈപ്പെട്ടൈ ബാലകുമാരാ’ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച അന്‍പറിവ് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഉള്‍പ്പടെയുളള ഭാഷകളില്‍ സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സോളോ എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെ മലയാളത്തിലും പ്രവര്‍ത്തിച്ചു. കെ ജി എഫ് പാര്‍ട്ട്‌ 1 ലൂടെ മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സിനുളള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി.

കെജിഎഫ് പാര്‍ട്ട്‌ 2ന്റെ ടീസര്‍ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു . ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ യാഷിന്റെ ജന്മദിനമായ ജനുവരി 8നാണ് ടീസര്‍ പുറത്തിറങ്ങുക . ആരാധകരുമായി ട്വിറ്ററില്‍ സംസാരിക്കവെ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡയാണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡ് വ്യാപനം കാരണം കെജിഎഫിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു. രവീണ ടണ്ടണ്‍, പ്രകാശ് രാജ്, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരാണ് രണ്ടാം ഭാഗത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

പ്രശാന്ത് നീലാണ് കന്നട ആക്ഷന്‍ ചിത്രമായ കെജിഎഫിന്റെ സംവിധായകന്‍. ഭുവന്‍ ഗൗഡ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീകാന്താണ്. രവി ബസൂര്‍ സംഗീതം. ഹോമെബിള്‍ ഫിലീംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. 2019 മാര്‍ച്ചിലാണ് കെജിഎഫ് പാര്‍ട്ട്‌ 2ന്റെ ചിത്രീകരണം ആരംഭിച്ചത്. ആദ്യ സിനിമയുടെ ഷൂട്ടിങ്ങ് സമയത്തും ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. 2018ലാണ് കെജിഎഫ് പാര്‍ട്ട്‌ 1 റിലീസ് ചെയ്തത്.

Latest News