Top

‘ഒന്നാം ടേം നഷ്ടമായത് രാഷ്ട്രീയ കാരണങ്ങളാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതം’; പ്രതികരിച്ച് ഗണേഷ് കുമാര്‍

രണ്ടാം പിണറായി മന്ത്രിസഭയില്‍ തനിക്ക് ആദ്യടേം നഷ്ടമായത് കുടുംബതര്‍ക്കത്തെത്തുടര്‍ന്നാണെന്ന ആരോപണങ്ങളെ പൂര്‍ണ്ണമായി തള്ളി കേരളകോണ്‍ഗ്രസ് ബി നേതാവ് കെബി ഗണേഷ് കുമാര്‍.

18 May 2021 12:59 AM GMT

‘ഒന്നാം ടേം നഷ്ടമായത് രാഷ്ട്രീയ കാരണങ്ങളാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതം’; പ്രതികരിച്ച് ഗണേഷ് കുമാര്‍
X

രണ്ടാം പിണറായി മന്ത്രിസഭയില്‍ തനിക്ക് ആദ്യടേം നഷ്ടമായത് കുടുംബതര്‍ക്കത്തെത്തുടര്‍ന്നാണെന്ന ആരോപണങ്ങളെ പൂര്‍ണ്ണമായി തള്ളി കേരളകോണ്‍ഗ്രസ് ബി നേതാവ് കെബി ഗണേഷ് കുമാര്‍. ആദ്യ ടേം ലഭിക്കാതെ പോയതിന് പിന്നില്‍ രാഷ്ട്രീയമായ കാരണങ്ങള്‍ മാത്രമേയുളളൂവെന്ന് അദ്ദേഹം പറഞ്ഞു. മറ്റെല്ലാ പ്രചരണങ്ങളും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് ബിയ്ക്ക് പൂര്‍ണ്ണതൃപ്തിയാണുള്ളതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

മന്ത്രിസഭയില്‍ ഗണേഷ് കുമാറിന് ആദ്യ ടേം ലഭിക്കാത്തതിനുപിന്നില്‍ സഹോദരിയുടെ ഇടപെടലാണെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാലകൃഷ്ണപിള്ളയുടെ വില്‍പത്രവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ധരിപ്പിക്കാന്‍ ഗണേഷ് കുമാറിന്റെ സഹോദരി ഉഷ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ടിരുന്നുവെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് വിവാദമായ പശ്ചാത്തലത്തിലായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.

ബാലകൃഷ്ണപിള്ളയുടെ വില്‍പത്രത്തില്‍ ഗണേഷ് തിരിമറി കാണിച്ചുവെന്ന് സൂചിപ്പിച്ച് ഉഷ സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും സമീപിച്ചെന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഗണേഷ് കുമാറിനെതിരായ തന്റെ ആരോപണങ്ങള്‍ സ്ഥാപിക്കുന്നതിനായി വ്യക്തമായ തെളിവുകളുമായാണ് ഉഷ ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയെ സമീപിച്ചതെന്നും റിപ്പോര്‍ട്ട് പരാമര്‍ശിച്ചിരുന്നു. വിവാദ സോളാര്‍ സംരഭകയും ഗണേഷ് കുമാറുമായുള്ള ബന്ധത്തെക്കുറിച്ചും സഹോദരി മുഖ്യമന്ത്രിയോട് സൂചിപ്പിച്ചെന്ന് പറഞ്ഞ റിപ്പോര്‍ട്ട് സിപിഐഎം ഇതുമൂലം ഒരു പുനര്‍വിചിന്തനത്തിന് തയ്യാറായെന്നും വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് വ്യക്തമാക്കിയിരുന്നു.

ഒരു അംഗങ്ങളുള്ള നാല് കക്ഷികളില്‍ രണ്ട് പേര്‍ക്ക് ആദ്യ ടേം എന്നത് പ്രകാരം ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവും ആദ്യ ടേമില്‍ മന്ത്രിമാരാകുമെന്നാണ് തീരുമാനമായിരുന്നത്. കെബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും അടുത്ത ടേമിലായിരിക്കും മന്ത്രിമാരാകുമെന്നും ഇന്നലെതന്നെ തീരുമാനമായിരുന്നു. രണ്ടാം ടേം മതിയെന്നായിരുന്നു ആന്റണി രാജു അറിയിച്ചിരുന്നത്. എന്നാല്‍ സാമുദായിക പരിഗണന കൂടി മുന്നില്‍ കണ്ടാണ് ആന്റണി രാജുവിനെ ആദ്യ ടേമില്‍ മന്ത്രിസ്ഥാനം നല്‍കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Next Story