സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് വിപ്ലവം; എല്ലാ വീടുകളിലും ഇന്റർനെറ്റ് നൽകുന്ന കെ ഫോൺ പദ്ധതി എന്താണ്?

കഴിഞ്ഞ കുറെ നാളുകളായി വാർത്തകളിൽ ഇടക്കിടെ ഉയർന്നു കേൾക്കുന്ന ഒന്നാണ് സംസ്ഥാന സർക്കാരിന്റെ കെ-ഫോൺ പദ്ധതി. ‘കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക് ‘എന്ന ആംഗലേയ പദത്തിന്റെ ചുരുക്കെഴുത്താണ് കെ ഫോൺ. സംസ്ഥാനത്തെ ഇന്റർനെറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ഒരുങ്ങുന്ന ഒന്നാണ് ഈ പദ്ധതി എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കേരളത്തിൽ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലും ഗവ. ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലും സർക്കാർ വക അതിവേഗ ഇന്റർനെറ്റ് നൽകുക എന്നതാണ് കെ ഫോൺ പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്. അതിൽ തന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്‍റർനെറ്റ് ലഭ്യമാക്കാനാണ് ഉദ്ദേശം.

സംസ്ഥാനസർക്കാരിന്റെ അഭിമാന പദ്ധതിയായ കെഫോൺ നടപ്പിലാക്കുന്നത് കെഎസ്ഇബിയും (KSEB) കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് അഥവാ കെഎസ്ഐറ്റിഐഎൽ (KSITIL)ഉം ചേർന്നുള്ള സംയുക്ത സംരംഭമായ കെഫോൺ ലിമിറ്റഡ് വഴിയാണ്. ഇത് നടപ്പിലാക്കാനുള്ള കരാർ ലഭിച്ചിട്ടുള്ളത് പൊതുമേഖലയിലുള്ള നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് അഥവാ BELന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണ്. കൺസോഷ്യത്തിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയിൽടെൽ, എൽഎസ്കേബിൾ, എസ്ആർഐറ്റി എന്നീ കമ്പനികളാണ് ഉള്ളത്.

കെഎസ്ഇബിയുടെ അറിയിപ്പ് പ്രകാരം കഴിഞ്ഞ ഡിസംബറോടെയായിരുന്നു പദ്ധതി നടപ്പിൽ വരേണ്ടിയിരുന്നത്. എന്നാൽ കൊവിഡ് സൃഷ്‌ടിച്ച ആഘാതം മറ്റേതു മേഖലയെയും പോലെ കെഫോണിന്റെ നടത്തിപ്പിനെയും പ്രതികൂലമായി ബാധിച്ചു. സംസ്ഥാന സർക്കാർ നേരിട്ട ചില വിവാദ കേസുകളിൽ കെഫോണിന്റെ ചുമതലക്കാരിൽ പ്രധാനികൾ ഉൾപ്പെട്ടതും പദ്ധതിയുടെ മെല്ലെപ്പോക്കിൽ കലാശിച്ചു. ഇതിനിടെ അപ്രതീക്ഷിതമായി വന്ന മഴയും കാലാവസ്ഥയും കൂടിയായപ്പോൾ പ്രവർത്തനങ്ങളുടെ വേഗത മൊത്തത്തിൽ മന്ദീഭവിക്കുകയായിരുന്നു.

കെ ഫോൺ പദ്ധതിക്കായി ചെലവ് വരുന്നത് 1516.76 കോടി രൂപയാണ്. ഏഴു വർഷത്തേക്കുള്ള അറ്റകുറ്റപണികൾക്കായുള്ള കരാറും (എഎംസിയും) ഇതിൽ ഉൾപ്പെടും. കിഫ്ബി അഥവാ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് ഈ പദ്ധതിക്ക് നേരത്തെ തന്നെ 823 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കെഎസ്ഐടിഎൽ നിന്നാണ് ബാക്കി തുക കണ്ടെത്തുന്നത്. റിലയൻസ് ജിയോയുടെ ബ്രോഡ്ബാൻഡ് സർവീസിനേക്കാൾ വലിയ പദ്ധതിയാണ് ഇതിലൂടെ കേരള സർക്കാർ ആസൂത്രണം ചെയ്യുന്നത്.

ഈ ഭീമൻ പദ്ധതിക്ക് വേണ്ട ഒപ്റ്റിക്കൽ ഫൈബർ വിദേശത്തു നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. കേബിളുകൾ ഇന്ത്യയിലെ ഗുർഗാവിൽ നിന്നും. കെ ഫോണിനായി സംസ്ഥാനത്താകെ 52,746 കിലോമീറ്ററിലാണ് കേബിൾ സ്ഥാപിക്കുക. 600 കിലോമീറ്റർ ദൂരത്തിൽ ഭൂമിക്കടിയിലും കേബിളുകൾ സ്ഥാപിക്കും. കെഎസ്ഇബിയുടെ പോസ്റ്റുകൾ വഴിയാണ് കെഫോൺ പദ്ധതിക്കായി കേബിളുകൾ അധികവും വലിക്കുന്നത്.

2000 ‘വൈഫൈ ഹോട് സ്പോട്ടു’കളാണ് ഈ കേബിളുകൾ വഴി സംസ്ഥാനത്തുടനീളം സ്ഥാപിക്കുക. ഈ ഹോട്സ്പോട്ടുകളിൽ നിന്നുമാണ് എല്ലാ സ്കൂളുകളിലേക്കും ആശുപത്രികളിലേക്കും ഓഫിസുകളിലേക്കും വീടുകളിലേക്കും ഇന്റർനെറ്റ് ലഭ്യമാക്കുക. ഏതെല്ലാം ജില്ലയിലെ ഏതെല്ലാം പൊതുസ്ഥലങ്ങളിലാകണം ഹോട്ട്സ്പോട്ട് സ്ഥാപിക്കേണ്ടതെന്ന ലിസ്റ്റ് അതാത് ജില്ലാ കളക്‌ടർമാർ തയ്യാറാക്കിയിട്ടുണ്ട്. ഈ ലിസ്റ്റിൻ പ്രകാരം ക്ഷണിച്ച ടെണ്ടറിൽ ബിഎസ്എൻഎല്ലിനാണ് കരാർ ലഭിച്ചിട്ടുള്ളത്. ലൈബ്രറികൾ പാർക്കുകൾ ബസ് സ്റ്റാൻഡുകൾ സർക്കാർ ഓഫിസുകൾ ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവ ഇതിലുൾപ്പെടും.

ഹൈടെൻഷൻ പ്രസാരണ ശൃംഖലയിലൂടെ ഇന്റർനെറ്റ് കേബിൾ ഇടാൻ വേണ്ടി രൂപീകരിക്കുന്ന ഈ സംയുക്ത സംരംഭ കമ്പനിയിൽ കെഎസ്ഐടിഎല്ലിനും കെഎസ്ഇബിക്കും 50 ശതമാനം വീതം ഓഹരിയുണ്ടാകും. ഇങ്ങനെയൊക്കെയാണെങ്കിലും കെഫോൺ ഒരു ഇൻറർ‌നെറ്റ് സേവന ദാതാവിന്റെ റോളേറ്റെടുക്കാൻ സാധ്യതയില്ല. കാരണം സേവന ദാതാക്കളുമായി മത്സരിക്കാനല്ല മറിച്ചു ഇന്റർനെറ്റ് സേവന ദാതാക്കൾക്കും സമൂഹമാധ്യമങ്ങളടക്കമുള്ള ഉള്ളടക്ക ദാതാക്കൾ അഥവാ Content Providers നും തടസ്സമില്ലാത്ത ബാൻഡ്‌വിഡ്ത്ത് നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഈ സേവനമുപയോഗിച്ചു സംസ്ഥാനത്തെ ഒരുമിക്ക വീടുകൾക്കും ഇൻറർ‌നെറ്റ് സേവനം നൽകാനാകണം.

കെഫോൺ നെറ്റ്‌വർക്ക് സ്ഥാപിതമായാൽ, ഏതു സേവന ദാതാവിനും ഈ സാധ്യത ഉപയോഗിക്കാം. സൗജന്യ ഇൻറർ‌നെറ്റ് സേവനം സാധ്യമാക്കുന്നത് ഇവരിലൂടെയാകും. കൂടാതെ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നതിന് ഇവർ കെഫോണിന് നൽകേണ്ട ഫീസ് ഇളവ് ചെയ്തു നൽകും എന്നാണ് ഐടി വിഭാഗത്തെ ഉദ്ധരിച്ചു അറിയാനാകുന്നത്.

കാക്കനാടും തിരുവനന്തപുരവുമാകും കെഫോണിന്റെ സംസ്ഥാനത്തെ പ്രധാന ആസ്ഥാനങ്ങൾ. ഈ രണ്ട് കേന്ദ്രങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നത് പ്രാദേശിക നെറ്റ്‌വർക്കുകളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാനാകുന്ന ടിവി കേബിൾ നെറ്റ്‌വർക്കിന്റെ സഹായത്തോടെയാകും. സെൽഫോൺ സേവന ദാതാക്കളാകും കെഫോണിന്റെ ഉപഭോക്താക്കളുടെ ആദ്യ പട്ടികയിലുണ്ടാവുക എന്നാണ് അറിയാൻ സാധിക്കുന്നത്. കാരണം മെച്ചപ്പെട്ട സേവനം നൽകുവാൻ ഏറ്റവും അത്യന്താപേക്ഷിതമായ ‘ഓഎഫ്സി’ കണക്റ്റിവിറ്റി നല്കാൻ കെഫോണിന് സാധിക്കും, ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.

നിലവിലെ കരാർ പ്രകാരം നെറ്റ്‌വർക് സ്ഥാപിക്കാനും അതിന്റെ പരിപാലനത്തിനുമുള്ള ചുമതല ഏഴു വർഷത്തേക്ക് കണ്സോർഷ്യം നയിക്കുന്ന ബെല്ലിനാകും. തുടർന്നുള്ള വർഷങ്ങളിൽ കെഫോണിന് സ്വയമോ അല്ലെങ്കിൽ മറ്റേതെങ്കിലും ഏജൻസി വഴിയോ കാര്യങ്ങൾ നടത്താനാകും.

ഏതായാലും ഫെബ്രുവരി തീരും മുൻപായി പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കാനാകുമെന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ഏഴു ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതായിരിക്കും ആദ്യഘട്ടം. ജൂലൈ മാസത്തോടെ കെ ഫോൺ പദ്ധതി പൂർത്തീകരിക്കുമെന്നാണ് ധനമന്ത്രി 2021ലെ ബജറ്റവതരണത്തിൽ അറിയിച്ചിട്ടുള്ളത്. കെ ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് 166 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

30000 സർക്കാർ സ്ഥാപനങ്ങൾ അതിവേഗ ഇൻട്രാനെറ്റ് സംവിധാനം വഴി പരസ്‌പരം ബന്ധിപ്പിക്കപ്പെടുന്ന ഈ പദ്ധതിയിൽ 10 എംബിപിഎസ് മുതൽ 1 ജിബിപിഎസ് വരെയുള്ള വേഗതയിൽ ഇന്റർനെറ്റ് ലഭ്യമാകും. സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സംസ്ഥാന സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

Latest News