Top

‘വടകരയില്‍ ആര്‍എംപിയാണെന്ന് ഉറപ്പിച്ചിട്ടില്ല’; തദ്ദേശ തെരഞ്ഞെടുപ്പില്‍ ബന്ധം ഗുണം ചെയ്തു: കെ മുരളീധരന്‍

നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാകുന്ന ജയപരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്തിനാണെന്നും വടകര സീറ്റ് ആര്‍എംപിക്ക് നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

16 Jan 2021 11:44 PM GMT

‘വടകരയില്‍ ആര്‍എംപിയാണെന്ന് ഉറപ്പിച്ചിട്ടില്ല’; തദ്ദേശ തെരഞ്ഞെടുപ്പില്‍ ബന്ധം ഗുണം ചെയ്തു: കെ മുരളീധരന്‍
X

തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപി ബന്ധം ഗുണകരമായെന്ന് വടകര എംപി കെ മുരളീധരന്‍. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതെങ്ങനെ പ്രതിഫലിക്കുമെന്നത് നേതൃത്വത്തിനുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാകുന്ന ജയപരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്തിനാണെന്നും വടകര സീറ്റ് ആര്‍എംപിക്ക് നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ, വടകരയ്ക്ക് പുറത്ത് പ്രചാരണത്തിനില്ലെന്നും പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുക്കില്ലെന്നും അദ്ദേഹം അവര്‍ത്തിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് സമയം പാര്‍ലമെന്റ് സമ്മേളനം ചേരുന്നുണ്ടെന്നും അതിനാല്‍ വടകരക്ക് പുറത്ത് പ്രചാരണത്തിനിറങ്ങാന്‍ സമയം ഉണ്ടാകില്ല. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് നേതൃമാറ്റമല്ല കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടതെന്നും മുരളീധരന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്ന് കഴിഞ്ഞ ദിവസം മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുഡിഎഫില്‍ കൂടുതല്‍ വന്ന സീറ്റുകള്‍ വീതം വെക്കുമ്പോള്‍ ലീഗിന് നല്‍കണം എന്നാണ് താന്‍ പറഞ്ഞതെന്ന് മുരളീധരന്‍ വ്യക്തമാക്കി.

യുഡിഎഫില്‍ നിന്നു വിട്ടുപോയ പാര്‍ട്ടികളുടെ സീറ്റ് വീതം വയ്ക്കുമ്പോള്‍ ലീഗിന് പ്രാതിനിധ്യം ഉണ്ടാകണം. കേരള കോണ്‍ഗ്രസ് എമ്മിന്റെ സീറ്റ് വീതം വയ്ക്കുമ്പോള്‍ ലീഗിനെയും പരിഗണിക്കണം.’ എന്നായിരുന്നു മുരളീധരന്റെ ആവശ്യം.

സിറ്റിംഗ് എംഎല്‍എമാര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്നും നാലുതവണയില്‍ കൂടുതല്‍ മത്സരിച്ച് വിജയിച്ചവര്‍ക്ക് സീറ്റ് നല്‍കുന്നതില്‍ തെറ്റില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

Next Story